2015 മാർച്ച് 28, ശനിയാഴ്‌ച

കള്ളിമുൾത്തലകൾ

ഓളത്തിലൊഴുമ്പോൾ കിളിക്ക് മുടിയുണ്ടാകില്ല.
തലയിൽ
കാറ്റിനുറയാൻ പോലും
ഒരിത്തിരി മുടിയുണ്ടാകില്ല.
കിളിക്കിനി ചുവന്ന തൂവാല വലിച്ചു കെട്ടാം 
ഇടയ്ക്കിടെ ഒഴുക്കിലിറങ്ങാം
കഴുത്തു മൂടാനോ കഴുത്തു മൂടാനോ
കഴുത്തുമൂടിക്കനപ്പിക്കാനോ ഇനി മുടിയില്ല മുടിയില്ല!
ഹോ ഹോ മുടിയില്ല!
നീന്തുമ്പോൾ പൂച്ചക്ക് മുടിയുണ്ടാകില്ല
മീനുകളെ നേരിട്ട് നീന്തിച്ചെന്നു പിടിക്കുന്നേരമൊന്നും
പൂച്ചക്ക് മുടിയില്ല,നീളൻ ചുരുളുകളില്ല
കടുംവെയിലത്ത് ആയിരം വാര നടന്നിട്ടും
എത്താഞ്ഞിട്ടു തന്നെയാണ്,
അല്ലാതെ വിശന്നിട്ടല്ല
പൂച്ച പുഴയിൽ ചാടിയത്.
ഒട്ടകത്തിനു ജലദോഷം വന്നത് എന്നിട്ടാണ്,
മഞ്ഞു തുറന്നു തുറന്നു പോകാൻ
തലയിൽ ഒരിത്തിരി കൂരമ്പുമുടി ഇല്ലായിരുന്നു.
എത്ര വിറച്ചിട്ടും തുമ്മീട്ടും
മൂക്കൊലിച്ചിട്ടും
ഒട്ടകത്തിനു മടുത്തില്ല
കാലാണെങ്കിൽ മുട്ടോളം
മഞ്ഞിലാഴുന്നുണ്ട്
മേലാണെങ്കിൽ...
ചെവിയാണെങ്കിൽ...
വാലാണെങ്കിൽ...
കള്ളിമുൾപ്പൂക്കാലം കണക്കെ
വെളുപ്പിനുള്ളിൽ ഒട്ടകം നിറങ്ങൾ കണ്ടു
കള്ളിമുൾപ്പൂക്കൾ.
ഞാൻ ഒട്ടകം.
ഞാൻ ഒട്ടകം.
പൂക്കൾ കരഞ്ഞു.
എത്ര കാത്തിരുന്നിട്ടും ഒട്ടകക്കൂട്ടംവന്നില്ല.
മഞ്ഞ് നന്നേ പിടിച്ചു.
തലയില നിറയെ പൂക്കൾ
ചെവിയിലൂടെ പണ്ട് തിന്ന ചിലന്തികൾ
പുറത്തോട്ട് പ്രേത പ്രവേശനം.
ഒട്ടകം ഒന്നും കണ്ടില്ല
ചിരിച്ചു.
മഞ്ഞിൽ ഇല്ലാത്ത നിറങ്ങൾ കണ്ടു
അതിരിലെവിടെയോ നിന്ന്
സ്വന്തം നെറ്റിയിലേക്ക് ഉമ്മ വെച്ച
ഒരു തോക്കിൽ നിന്ന്
കുമുകുമാന്ന് സ്വന്തം ചോര ഒഴുകുന്നതും കണ്ടു.

2015 ഫെബ്രുവരി 2, തിങ്കളാഴ്‌ച

ഇങ്ങന നോക്കണ്ടാ ട്ടാ

ഞാനും നീയും കുശുകുശുത്തപ്പോം,
ഞാനും നീയും കുളിക്കാതെ,മുടി ചീകാതെ നടന്നപ്പോം, 
ഞാനും നീയും ചെറ്യേ ഹോട്ടലിലെ 
അടുപ്പിച്ചിട്ട സ്റ്റൂളുകളിൽ 
ചേർന്നിരുന്നപ്പോം,
ഞാനും നീയും വല്യ ഒച്ചേൽ 
പൊട്ടിച്ചിരിച്ചപ്പോം, 
ഞാനും നീയും വഴി മുടക്കി നിന്ന് 
സിഗർത്ത് വെലിച്ചപ്പോം,
ഞാനും നീയും ചങ്കു വലിഞ്ഞ് 
മുദ്രാവാക്യം വിളിച്ചപ്പോം, 
ഞാനും നീയും മതില് ചാരി നിന്ന് 
ചുരുട്ടിയപ്പോം, 
ഞാനും നീയും അടച്ചിട്ട മുറീലിരുന്ന് 
സിനിമ കണ്ടോണ്ടിരുന്നപ്പോം,
ഞാനും നീയും കമിഴ്ന്നും മലന്നും കെടന്ന് 
ഒറങ്ങുമ്മുമ്പേ
പാതിക്കണ്ണിലെക്കൂടെ പ്രേമത്തോടെ 
നമ്മളെ നോക്കിയപ്പോം 
എല്ലാം എല്ലാം എല്ലാം എല്ലാം എല്ലാം എല്ലാം 
എല്ലാം എല്ലാം എല്ലാം എല്ലാം എല്ലാം എല്ലാം
എല്ലാം എല്ലാം എല്ലാം എല്ലാം എല്ലാം എല്ലാം
ആ പ്രാന്തമ്മാര് നമ്മളെ 
നോക്ക്ന്നുണ്ടായിരുന്നൂന്ന്

2015 ജനുവരി 8, വ്യാഴാഴ്‌ച

സ്വന്തമായി ഒരു കാക്കയെ വേണം

സ്വന്തമായി ഒരു കാക്കയെ വേണം 
ചിറകിൽ പുതച്ചിരുന്നു നാട് തെണ്ടാനോ 
കണ്ണിൽ കറുപ്പ് തേച്ചു കൃഷ്ണ മണി കറുപ്പിക്കാനോ അല്ല 
എന്റെ കാക്ക എല്ലാ കാലങ്ങളിലേക്കും വേണ്ടി 
എന്റെ കാക്ക എല്ലാ കാടുകൾക്കും വേണ്ടി 
എന്റെ കാക്ക എല്ലാ മുന്നേറ്റങ്ങൾക്കും വേണ്ടി 
തൊണ്ട പൊട്ടിക്കുമെന്നുമല്ല 
ഈയൊരു കാക്കയ്ക്ക് 
എന്റെ പ്രണയങ്ങളുമായോ 
ആർത്തവച്ചോരയുമായോ കലിപ്പുമായൊ ആരാന്റെ കഴപ്പുമായോ 
എന്നെക്കണ്ടപ്പോൾ പൊങ്ങിയ ലിംഗവുമായോ 
യാതൊരു ബന്ധവുമില്ല 
ഈ കാക്ക കരയുന്നത് 
ചിരിച്ചുകൊണ്ടാണ്-ഇതിനെല്ലാം കളിയാണ് തമാശയാണ് 
ഞാൻ ചാകുമ്പോൾ,പറഞ്ഞിട്ടുണ്ട് 
എന്റെ കണ്ണിലെയും ചെവിമടക്കുകളിലെയും 
ജടകളിലെയും നെഞ്ചിൻ കൂട്ടിലെയും 
കാൽമുട്ടുകളിലെയും അസ്വസ്ഥത 
കൊത്തിയെടുത്ത് 
തുപ്പലിലും തീട്ടത്തിലും  മുക്കിയുണക്കിയെടുത്ത് 
നാട്ടു മൈതാനങ്ങളിൽ പ്രദർശിപ്പിക്കണമെന്ന് 
തൊലിയിൽ  പൊതിഞ്ഞ പുസ്തകങ്ങൾ 
എല്ലാ കുട്ടികൾക്കും  വായിക്കാൻ കൊടുക്കണമെന്ന് 
ഓരോ പല്ലിന്റെയും മഞ്ഞ നിറം കൊണ്ട് നഗരമാകെ ചായം തേക്കണം 
നമ്മൾ കുടിച്ച കട്ടൻ ചായയുടെ പേരിൽ നഗരം മഞ്ഞിക്കട്ടെ
പിന്നെ ചെയ്യേണ്ടത് 
മരിക്കുമ്പോഴും ഞാൻ ആർത്തവത്തിലായിരിക്കും 
കാരണം എന്റെത്,എങ്ങനെയും മരിച്ചില്ലെങ്കിൽ 
അതൊരു ആത്മഹത്യയായിരിക്കും 
കാക്ക ആ ചോരയാണ് ശേഖരിക്കാൻ പോകുന്നത് 
കാക്ക ആ ചോരയാണ് ചുളുങ്ങാത്ത വെള്ളക്കുപ്പായങ്ങളിൽ തൂവാൻ പോകുന്നത് 
അമ്പല നടയിൽ,കൊട്ടിലുകളിൽ 
വിശ്വാസത്തിന്റെ തേങ്ങപ്പൂളുകളിൽ കാക്ക അത് തൂവും 
കാക്ക ആ ചോരയാണ് നാട് മുഴുവൻ തൂകാൻ പോകുന്നത് 
അന്നേ കറുപ്പും,കറുത്ത ചുവപ്പും ,വെളുത്ത ചുവപ്പും 
പിന്നെ ഇന്ന് വെറും ചുവപ്പും തീണ്ടലായിരിക്കെ 
അന്നേ പൊള്ളിയ പോറിയ മുലകളിൽ 
കറുത്ത മുലകളിൽ വെളുത്ത കൈ വെച്ച് 
അളന്ന ശ്വാസത്തിന്റെ വേഗവും താളവും 
ഇന്നത്തേക്ക് കൊല്ലങ്ങൾ കൊണ്ട് പെരുത്തിരിക്കുന്നു 
കാലുകൾ ഉരിപ്പിൻ തണ്ട് കണക്കെ കനത്തിരിക്കുന്നു 
കാക്കേ എന്റെ കാലിലെ കനത്ത രോമമെടുത്ത് സൂക്ഷിക്കുക 
ഞാനത് പിഴുതു കളയാറില്ല 
കളഞ്ഞത് പിന്നെ പറഞ്ഞിട്ട് കാര്യവുമില്ല 
തോക്കുകളിൽ ഉണ്ടകൾക്ക് പകരം ചോര നിറയ്ക്കുക 
അതിനു തുളയ്ക്കാനാകാത്ത കടുപ്പങ്ങളില്ല ഇല്ല 
എനിക്ക് വേണ്ടി 
എനിക്ക്  കിട്ടാത്ത വറ്റിന്റെ പേരില് 
എന്റെ ചത്ത കിനാക്കളുടെ പേരില് 
എന്റെയും എന്റെ കൂട്ടുകാരുടേം വിണ്ട കാൽമടമ്പ് കളുടെ പേരില് 
കേട്ട തെറി വാക്കുകളുടെ പേരില് 
അത്രയും നാൾ ആരുമില്ലാക്കാട്ടിൽ 
ഏറുമാടത്തിൽ കിനാവ്‌ കണ്ടിരുന്ന കാക്ക 
ഉറക്കം കളഞ്ഞു കുളിച്ചു വരും.
പറന്നു പറന്നു വരും.

2014 ഡിസംബർ 27, ശനിയാഴ്‌ച

ആദ്യാവസാനം അവൾ ദരിദ്രയായിരുന്നു.

ദിവസം മുഴുവനിരുന്നു കവിത വായിച്ച 
ഒരുത്തി 
ഒടുവിൽ 
തിളച്ച കഞ്ഞിയിലെക്ക് ഏകാന്തതയുടെ ഉപ്പു കല്ല്‌ വിതറി 
കുനിഞ്ഞിരിക്കുകയാണ്‌.
പൊള്ളാൻ നാക്കിൽ അനേകായിരം 
രസ മുകുളങ്ങൾ.



പിന്കഴുത്തിലെ ചുഴിപ്പിൽ 
ആരെയും കടത്തിവിടാത്ത കാട്ടിൽ 
സ്നേഹിക്കുന്നവരോട്‌ മാത്രം തോന്നുന്ന '
ഒരുതരം വെറുപ്പ്
അവൾ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.
കുട്ടിയെ പുറത്തേറ്റിയ ചുവന്ന 
തിമിംഗലക്കളിപ്പാട്ടത്തിൽ നിന്ന്,
ചുവരിലെ കീറലിൽ  പണ്ടെന്നോ തിരുകി വെച്ച 
ആദ്യത്തെ സിഗരറ്റു കുറ്റിയിൽ നിന്ന് 
അവൾ
അയക്കാത്ത കഥകളിലേക്കും കത്തുകളിലേക്കും 
ക്യാമറ കയ്യിലുണ്ടായിട്ടും എടുക്കാത്ത 
ചിത്രങ്ങളിലേക്കും വളരുന്നു.


പാതിയിലേറെ കത്തിപ്പോയ,
കുന്നിന്റെ താഴെയുള്ള ഒരു വീട്ടില്,
തീയണക്കാൻ ചൊരിഞ്ഞ ഇറ്റു വെള്ളം നനഞ്ഞ
മെലിഞ്ഞ കാൽ വിരലുകളിൽ പൊള്ളിത്തീരുന്ന 
നേർത്ത കനലുകൾ
കെട്ടലിഞ്ഞ് തീരുവോളം ഉമ്മവെക്കാനുള്ള 
കഠിനമായ കൊതി..
ഉമ്മ വെക്കാൻ 
വർഷങ്ങളുടെ രുചികൾ വായിൽ സൂക്ഷിക്കുന്ന 
കാലങ്ങളുടെ പൊടിപടലങ്ങൾ 
നാടുകളിലെ മണങ്ങൾ ഉടലിൽ സൂക്ഷിക്കുന്ന ഒരു മനുഷ്യൻ .


പുറത്തെ തണുപ്പിൽ
അവളുടെ ഒറ്റയ്ക്കാവലിന്റെ രംഗങ്ങൾ 
ഉണങ്ങിയ മരച്ചില്ലകൾ വരയ്ക്കുന്നു
ഒരു പാവാട ഞൊറിയുടെ ഇത്തിരി വീതിയിൽ 
സിണ്ട്രല്ലക്കഥ തുന്നിയ  ആരെയോ പോലെ
(അവൾക്കിഷ്ടമുള്ള പാവാട യായിരുന്നു അത്,
ആരോ സമ്മാനിച്ചത് )



നടുവിലത്തെ മുറിയാണ് അവളുടേത്‌ 
പകലിലും രാത്രിയിലും ഒരുപോലെ ഇരുട്ട് കെട്ടിയത് 
പായ്ത്തലപ്പു തിന്ന മെറൂണ്‍ നിറമുള്ള കൂറകളാണ് 
ആദ്യം അവളുടെ ചുണ്ടിലുമ്മ  വെച്ചത് 
അപ്പോൾ സ്വപ്നത്തിൽ ചോക്ലേറ്റ്നിറമുള്ള ഒരാൾ 
അവളെ ഉമ്മ വെക്കുകയായിരുന്നു 

പിന്നെ ഉരുൾപൊട്ടലിൽ ഒലിച്ചു പോയ 
രണ്ടാം വീട്ടിലേക്കു മാറും വരെ അവളെ കൂറകൾ 
ഉമ്മ വെച്ചുകൊണ്ടേയിരുന്നു.




വേദങ്ങളും നിയമങ്ങളും പള്ളികളും അമ്പലങ്ങളും 
വിശ്വാസികളും അവളെ വിട്ടുപോയിട്ട് 
കാലങ്ങളാകുന്നു.
ആരെയും ബോധിപ്പിക്കാനല്ലാതെ 
ആഭരണങ്ങൾ കളഞ്ഞിട്ട് 
കാലങ്ങളാകുന്നു
അവൾ ഉപ്പിലേക്ക് തിരുകിക്കേറുന്ന 
വിചിത്രമായ ഒരു പുഴുവിനെ കാണുന്നു
മണലിൽ വരയ്ക്കാൻ പറ്റാത്തത്ര
വിരലുകളെ ലോലമാക്കുന്ന
ഒരു മാന്ത്രികപ്പുഴു

തിരകളിൽ പഴകിയ ഉടലുകൾ തിരുകി വെച്ച് 
കടൽ ചില നേരങ്ങളിൽ കളിക്കാറുള്ള 
ആ കളിയെപ്പറ്റി 
അവൾക്കെന്നല്ല ആര്ക്കും ഒന്നും അറിയുന്നുണ്ടായിരുന്നില്ല 
എന്നിട്ടും അറിയും എന്ന ഭാവത്തിലാണ്,
എല്ലായ്പ്പോഴും അവളുടെ നടപ്പ്.


എണ്ണിത്തിട്ടപ്പെടുത്തിയ പൈസക്ക് 
ഒറ്റക്ക്
അന്യനാട്ടിലേക്ക് ജനറലിൽ കയറുമ്പോഴാണ് 
ആദ്യമായി സങ്കടമില്ലായ്മ അവളറിഞ്ഞത് 
എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കുകയില്ല 
എന്നിട്ടും അവൾ എണ്ണയൊപ്പിയ 
ഒപ്പുകടലാസ് തീവണ്ടിക്കു 
പുറത്തെ കാറ്റിൽ സൂക്ഷിച്ച്
പതുക്കെ പതുക്കെ കുറഞ്ഞു വരുന്നത് നോക്കിയിരുന്നു 
ഏകദേശം എല്ലാം കണ്ടു മതിയായ പോലത്തെ 
ഭാവമായിരുന്നു മുഖത്ത് എപ്പോഴും


പക്ഷെ എങ്ങനെയോ 
ഇന്നലെ രാത്രി മരിച്ചു കിടന്നപ്പോൾ 
ഒന്നും കണ്ടു തീരാത്ത 
കൊതിയടങ്ങാത്ത  ഒരു വയസ്സിയെപ്പോലെ,
ചുണ്ടുകൾ ഇന്നേ വരെ ഉമ്മകിട്ടാത്ത പോലെ 
നിഷ്കളങ്കമായി 
പാതി തുറന്നു തന്നെ കിടന്നു
(എന്നത്തെയും പോലെ).

അവളെപ്പറ്റി നല്ലത് പറയാൻ 
എല്ലാവരും വന്നത് 
അപ്പോഴാണ്‌ 
അവൾ കട്ട് വരച്ചതെന്ന് 
ആരോപിക്കപ്പെട്ട ഒരു ചിത്രം 
കൊണ്ട് വിമർശകർ അവളെ പുതപ്പിച്ചു 
ആ ചിത്രത്തിൽ അത്രയോ തവണ 
ഇറ്റിയ കരച്ചിൽ തൂത്തു കളഞ്ഞതിനാൽ 
അരികുകൾ അപ്പോഴും നിറം വിട്ടും 
കുതിർന്നും  കിടന്നു 
അവളുടെ കണ്ണീരും അങ്ങനെയാണ്.

കുന്നിൻ പുറത്തെ വീട് 
പാതി കത്തിയിട്ടുണ്ട് 
വായിൽ വർഷങ്ങളുടെ രുചികളുള്ള, 
പല ദേശങ്ങളുടെ മണമുള്ള
നീളൻ കഴുത്തുള്ള ഒരാൾ 
അവളെത്തേടി വന്നിട്ടുമുണ്ട്
അയല്ക്കാരോട് അയാളന്വേഷിച്ച വിലാസം അവളുടേത്‌ തന്നെയാണ് 


അവളുടെ തലച്ചോർ നിലച്ചു 
ഹൃദയം നിലച്ചു നേരിയ തുടകൾ നിലച്ചു 
നെല്ലിക്കമ്പ് കണക്കത്തെ  വിരലുകൾ നിലച്ചു.
അവൾക്കിനി ഉറക്കമില്ലാതെ 
ഒറ്റയ്ക്കിരുന്ന് 
തണുപ്പിലേക്ക് കുമ്പിട്ട് 
കഞ്ഞിയിലേക്ക് ഒറ്റയാവലിന്റെ ഉപ്പുകല്ല് വിതറണ്ട 
പരിമിതമായ നോട്ടുകളിൽ
 ആഗ്രഹങ്ങളെ തള്ളിയിട്ടു ചവിട്ടിക്കൊല്ലണ്ട 

ആദ്യാവസാനം അവൾ ദരിദ്രയായിരുന്നു.
അതവൾക്ക് അറിയുമായിരുന്നില്ലായിരുന്നു.

2014 നവംബർ 29, ശനിയാഴ്‌ച

പെണ്ണേ ബാ, മ്മക്ക് കലമ്പിത്തെളക്കാം

പറയ്‌,നിനക്കുണ്ടായിരുന്നോ  
പകൽ കലമ്പി വെറുപ്പിക്കുന്ന അച്ഛൻ?
നിനക്കുണ്ടോ 
അണക്കെട്ട് പൊട്ടിയ കണക്കെ പൊട്ടിയൊഴുകുന്ന,
കരയുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന അമ്മ ?
അവർക്കിടയിലെ മഞ്ഞ നിറമുള്ള നിശ്ശബ്ദത?

ഒരു കത്രിക ഇടം മാറ്റി വെച്ചതിന് 
നീ അടി കൊണ്ടിട്ടുണ്ടോ?
അമ്മയുടെ മുറിച്ചോര പറ്റിയ ഒരു 
പിനോഖ്യോ പുസ്തകം നിനക്കുണ്ടോ?
അന്ന് അമ്മത്തലയിൽ തകർക്കപ്പെട്ട
ഒരു പ്രിയപ്പെട്ട കണ്ണാടിയുണ്ടോ ?

പിന്നെ നിനക്കെങ്ങനെയാണ് 
എന്റെ തോന്നലുകൾ അതുപോലെ 
പകർത്താനാകുന്നത്?
പിന്നെ നിനക്കെങ്ങനെയാണ് 
എന്റെ ചിത്രങ്ങൾ അതിവിദഗ്ധമായി കട്ടുണ്ടാക്കാൻ പറ്റുന്നത് ?
പിന്നെങ്ങനെയാണ് നീ നോക്കി നോക്കിയിരിക്കെ 
സ്വയം സ്നേഹിക്കാൻ ശീലിച്ചത്?

___________________________________

നിന്റെ മടിയിൽ,
പെണ്ണേ ,
നീ പാതി വരച്ച 
ചിത്രത്തിനടുത്ത് തലവെച്ച് 
എനിക്ക് പകലോളം ഒന്നുറങ്ങണം.
ഒന്നും വേണ്ട,
ഒരുമ്മ പോലും വേണ്ട,
നിന്നോട് മിണ്ടണം -
പിന്നെ തണുത്ത നിലത്ത് നമുക്ക് ചിത്രങ്ങൾ വരയ്ക്കണം.
ചായം കൊണ്ട്-മെഴുകു കൊണ്ട്-കരിക്കട്ട കൊണ്ട് 

ആദ്യം നിലത്ത്,പിന്നെ ചുവരിൽ,പിന്നെ മേൽക്കൂരയിൽ.
അതും കഴിഞ്ഞ് പുറം ചുവരിൽ,
നിന്റെ മുറ്റത്തെ മരങ്ങളിൽ,
ഇലകളിൽ,
മതിലിൽ...പൊതു കക്കൂസിലെ ചുവരുകളിൽ 
പിന്നെ തെരുവിൽ...
പീടികച്ചുവരുകളിൽ...
ബീഡിയും കടലമിട്ടായിയും മണക്കുന്ന
വരാന്തയിൽ,
ആളിരുന്നു കറുത്തുപോയ ബെഞ്ചുകളിൽ,
നരച്ച താടികളിൽ
 നമുക്ക് ചായമടിക്കാം.
കള്ള് വിൽക്കുന്ന കടകളിൽനിന്ന്  
വരിനില്ക്കാതെ  വാങ്ങിവരുമ്പോ 
സദാചാരികളോട് കലപിലക്കാം..
എന്നിട്ട് മതിയാവോളം നടക്കാം.

നമുക്ക് ചുറ്റും 
മതിലുകൾ 
പാളങ്ങൾ 
പാലങ്ങൾ
മുറിഞ്ഞ പുഴകൾ 
അറ്റ കാലുകൾ 
വിറ്റു തീരാത്ത ഐസ്ക്രീം പെട്ടികൾ 
അഴുക്കു കൂനകൾ 
കെട്ടിടങ്ങൾ 
ഉച്ചത്തിൽ കരയുന്ന 
കാക്കകൾ 
സ്വന്തം നാടിന്റെ 
പേരറിയാത്ത കുട്ടികൾ--
സ്കൂളിൽ പോകാതെ 
വിശന്നിട്ടാണെങ്കിലും 
പച്ചക്ക് വളരുന്ന കുട്ടികൾ

മുറിഞ്ഞ ഭൂപടത്തിന്റെ 
അരികു രാകി 
മിനുക്കാൻ നോക്കുന്നവർ 
എന്നെയും നിന്നെയും 
നോക്കിയളന്നു സുഖിക്കുന്ന ആണുങ്ങൾ 
നമുക്ക് ചുറ്റും കൊതുകുകൾ 
കണക്കെ മൂളിവരുന്ന ആണുങ്ങൾ
നിന്റെ മുലയിലെക്കാണ് 
നോക്കുന്നതെന്നറിയുമ്പോൾ 
നിനക്ക് മറയാകാൻ 
നോക്കുന്ന ഞാൻ.
ആണുങ്ങൾ -പെണ്ണുങ്ങൾ -രണ്ടുമായവർ.
പിന്നെ നമ്മളും.


കുഞ്ഞിത്തീവണ്ടികൾ പായുന്ന 
പാളത്തിനരികെ ഡുബേ കോളനി വഴിപോയാൽ 
കന്നാലികളും തടാകവും 
ഒന്നാവുന്ന ഒരിടം കാട്ടിത്തരാം.
വൈകുന്നേരം
കുട്ടികൾ സെപ്റ്റിക് ടാങ്കിനു മേലെ നിന്ന് 
പട്ടം പറത്തും..
തൊട്ടപ്പുറത്തെ 
തവിട്ടു പച്ച മലയിലെ
ചാരനിറമുള്ള കൂർമ്പൻ കല്ലുകളിൽ 
അവർ പൊട്ടിത്തളർന്നു വീഴും.
പൊട്ടിയ പട്ടം പുതിയ നൂലിൽ കോർക്കാൻ 
കുട്ടികൾ മല കയറും 
ഞാനും നീയും അത് നോക്കിയിരിക്കും 

ഞാനന്നേരം എന്റെ ഇടം കയ്യെടുക്കും 
നിന്നെ മറന്നു ഒരു വര വരക്കും
വേറെന്തൊക്കെ വരച്ചാലും 
അത് നീയായി മാറുന്നത് കണ്ട് ഞാൻ കുഴയും.
നിന്റെ പാണ്ടക്കണ്ണുകൾ ഏന്തി വലിഞ്ഞു നോക്കും 
മ്മടെ വലതു ഭാഗത്ത് താഴാൻ പോകുന്ന സൂര്യനിലേക്ക് 
ഞാൻ നിന്റെ താടി തിരിച്ചു വെക്കും
താടിയിൽ സൂര്യനെ കൊരുത്ത ഒരു ഫോട്ടോ എടുക്കും--


പെണ്ണേ,
നിനക്കുപോലും എടുക്കാനാകാത്ത 
ഒരു 'സെൽഫി' ആയിരിക്കും അത്!
തിരിച്ചു പോകുമ്പോൾ 
ചായകുടിക്കാം 
കീഴ്പോട്ടു വരകളുള്ള 
പണ്ടു പണ്ടത്തെ ചില്ല് ഗ്ലാസ്സിൽ 
എന്നിട്ട് ഫിലമെന്റിന്റെ നിഴൽ ഊതിയൂതിക്കുടിച്ച
 ഞാനെന്ന കുട്ടിയുടെ കഥ പറയാം 


എന്റെ തല
ഒരു ഇലകൊഴിക്കും മരമാണ്
അതുകൊണ്ട് 
പോകുമ്പോൾ തലയിൽ തൊടുക 

മടുക്കുമ്പോൾ ഞാൻ 
നിന്നിലെക്കും 
നീ 
എന്നിലേക്കും 
മടങ്ങിപ്പോകുക.
പാണ്ടക്കണ്ണുകൾ മഷിയെഴുതിത്തിളപ്പിക്കുക
അത്രയേ ഉള്ളൂ

2014 നവംബർ 19, ബുധനാഴ്‌ച

അപ്പനല്ലാത്ത അപ്പൻ -

അയാളെ അവൾക്ക് "അപ്പാ " എന്ന് വിളിക്കാൻ തോന്നി.
അകത്തെ സ്നേഹത്തിന്റെ കുഴികളിൽ കുളിപ്പിച്ചെടുത്ത്
 അവളിന്നേ വരെ ആരെയും അങ്ങനെ വിളിച്ചിട്ടില്ല.
ഇരുട്ടിൽ കുതിച്ചു പാഞ്ഞു വരുന്ന
ഒരു തീവണ്ടിയുടെ പിന്നിൽ വലിഞ്ഞു കേറി
 അറിയാത്തിടങ്ങളിലേക്ക് പോകണമായിരുന്നിട്ടും ,
ഭൂഖണ്ഡങ്ങളുടെ അപരിചിതത്വവുമായി
മുന്നില് ചിരിച്ചു നില്ക്കുന്ന അപ്പനല്ലാത്ത അപ്പനെ കാത്തുനിന്ന്
അവൾ പോകാൻ വൈകി.
മുടിയിഴകളിൽ പല നേരങ്ങളിലായി വന്നിരുന്ന
ഇലകളും പൂക്കളും പുഴുവും വേണ്ടെന്നു പറഞ്ഞിട്ടും
അവള്ക്ക് കാട് വിട്ടു പോകാൻ തോന്നി.
അപ്പനല്ലാത്ത അയാളെ അപ്പാ എന്ന വിളിക്കണം.
ഇടയ്ക്കിടെ അയാളെ ഓർത്തുകൊണ്ട് മാത്രംനഷ്ടങ്ങളുടെ പുസ്തകം വായിച്ചു...
കണ്പീലികൾ തള്ളിയിട്ട കണ്ണട ചില്ലു പൊടിയായി.
അപ്പനല്ലാത്ത അപ്പൻ
ഏതോ തെരുവിലിരുന്ന് കവിതയെഴുതുന്നുണ്ടെന്നു സങ്കല്പിച്ചു.
അപ്പനല്ലാത്ത അപ്പൻ സ്വന്തം അച്ഛനെപ്പോലല്ല...
ഇഷ്ടമുള്ളവരെയെല്ലാം നല്ലോണം സ്നേഹിക്കാനറിയാം..
അപ്പനല്ലാത്ത അപ്പനും
അവളുടേത്‌ പോലെ അലമ്പ് തലമുടിയും ചോക്ലേറ്റ് നിറവുമാണ്..
അപ്പനല്ലാത്ത അപ്പനും അവളെപ്പോലെ ബസ്സിന്റെ സൈഡ് സീറ്റിലെ ഇരിക്കാറുള്ളൂ...
ഇന്നല്ലെങ്കിൽ നാളെ മരിച്ചു പോയേക്കാവുന്ന അവളും
ഇന്നല്ലെങ്കിൽ നാളെ മരിച്ചു പോയേക്കാവുന്ന അപ്പനല്ലാത്ത അപ്പനും
ഇപ്പഴും ഒന്നും മിണ്ടാതെ രണ്ടിടത്താണ്...

2014 ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

ഞാൻ മഷി.


മൂക്കിനും ചുണ്ടിനുമിടയിൽ 
മീശകണക്കെ
ചുവന്ന മറുകുള്ള മഷിയും 
അവള്ക്ക് വഴിയിൽ കളഞ്ഞു കിട്ടിയ അബീറും
അറുപത്തേഴാം വയസ്സിൽ കടത്തുകാരായി
പിന്നെയും.


അവർക്കു വേണ്ടി
പുഴയ്ക്കുമീതെ പണിയപ്പെട്ട ഉശിരൻപാലങ്ങലെല്ലാം
 ഒന്നിന് പിറകേയൊന്നായി
 ഒച്ചയുണ്ടാക്കാതെ പൊളിഞ്ഞമർന്നു.


കയറുന്നവർക്കെല്ലാം വേണ്ടി
 മഷി ഗസലുകൾ പാടി.
ബാവുൽപ്പാട്ടുകൾ പാടി.
സൂഫിപ്പാട്ടുകൾ പാടി.
നാടൻപാട്ടുകൾ പാടി.
തോണികേറിയ മറുനാടൻ പണിക്കാരെ
പാട്ടുകൊണ്ടൂട്ടി കണ്ണ് നനയിച്ചു.
ഇറങ്ങി നടക്കുമ്പോൾ
അവരവൾക്ക് പത്തുരൂപ അധികം കൊടുത്തു.


അബീർ നീട്ടിത്തുപ്പിയ മുറുക്കാൻ ചോര
പാട്ടിനൊപ്പം പുഴയിലലിഞ്ഞു.
പലകാലങ്ങളിൽ പലപെണ്ണുങ്ങളെ പ്രണയിച്ച കാര്യം
 മീനുകൾ കണ്ടുപിടിച്ചു.
പണ്ടേയറിയാമെന്ന് മഷി പുഞ്ചിരിച്ചു.


മെലിഞ്ഞ പുഴയുടെ ശ്വാസത്തിനെന്നോണം
 ഉണങ്ങിയ വിരലുകൾ പതുക്കെ തുഴയിട്ടു.
പീലി നരച്ച കണ്‍പോളകൾ പിടപിടച്ച്
പുഴയെ നോക്കി നനഞ്ഞു .


സ്നേഹം കണ്ടതിന്റെ വേഗത്തിൽ
പുഴ കണ്ണ് മിഴിച്ചു.
പച്ച അരികുള്ള
കടുംചുവപ്പു സാരിചുറ്റിയ മഷിയെ
 പുഴ ചേര്ത്തു പിടിച്ചു.


പുഴവിരലെല്ലാം
തണുത്തും വാശിപിടിച്ചു വിറങ്ങലിച്ചും കിടന്നു.
ആണ്ടുപോകവേ
പരൽമീനുകൾ
അവളുടെ മീശമറുകിൽ വന്നുമ്മ വെച്ചു.
നേരിയ ജലപാളിക്കുമീതെ -പുഴയുടെ തലയിൽ അബീർ നടക്കുന്നു.
വെള്ളത്തിനു മീതെ നടക്കുന്ന വിദ്യ
 അയാൾക്കറിയുമെന്ന് അന്നേയറിഞ്ഞുള്ളൂ മഷി.
അറിവിന്റെ അടുത്ത നിമിഷം
 പുഴ അയാളെയും വിളിച്ചു.
തണുപ്പിൽ,മീനുകൾക്കൊപ്പം
 കാൽപ്പാദങ്ങൾ കൊരുത്ത്
മഷിയും അബീറും കൈകൾ തുഴയാക്കി.
  *          *          *

പുഴയ്ക്കു മീതെ പാലങ്ങൾ വളർന്നു.
പാലത്തിലൂടെ വണ്ടികൾ,തീവണ്ടികൾ കുതിച്ചു പാഞ്ഞു.
പാലത്തിലൂടെ ശത്രുക്കൾ  വന്നു.
പാലത്തിലൂടെ രാജ്യങ്ങൾ വന്നു .
പുഴ നേർത്തു.


പിന്നീട് മുഖത്തു മറുകുള്ള പെണ്ണുങ്ങളെല്ലാം
ചുവന്ന സാരി ചുറ്റി പുഴയിലെ കടത്തുകാരായി.
പാലങ്ങൾ പഴയ പോലെ പൊളിഞ്ഞമർന്നു.
ഭരണകൂടം തടഞ്ഞു-
പെണ്ണുങ്ങൾ തുഴയരുതെന്ന്-തണുത്തുപോകുമെന്ന്.
പാട്ടുപാടരുതെന്ന്.
സ്വാതന്ത്ര്യത്തെപ്പറ്റി ഒരക്ഷരം ഇനി മിണ്ടിപ്പോകരുതെന്ന്.


വലിയ വലിയ നദികളിൽ
 രാജ്യങ്ങളെ വേറിട്ട് ഒഴുകുന്നവയിൽ,
പിന്നെ മറുകില്ലാത്തവരും കടത്തുകാരായി.
പെണ്ണുങ്ങളും ആണുങ്ങളും-ചുവന്ന,കരിനീലക്കുപ്പായങ്ങളിൽ .


ചാരപ്പണി ചെയ്യാതിരിക്കാൻ
 മന്ത്രി അവരെ രാജ്യസ്നേഹം പഠിപ്പിച്ചു.
രാജ്യഭാഷ പറയുക-അതുമാത്രം പറയുക.
അരാജക വാദികളുണ്ടാകാതിരിക്കാൻ
രാജ്യത്ത് മദ്യം നിരോധിച്ചു .
കഞ്ചാവുതോട്ടങ്ങൾക്കു തീ കൊടുത്തു.
ആ തീ
മലകൾ കടന്ന്
സമതലങ്ങൾ കടന്ന്
പാറിയ കിളികളിലും
അതിര് മുറിച്ചുകടന്ന  കുരങ്ങുകളിലും
 ഇഴഞ്ഞോടിയ  മേഘങ്ങളിലും
കാറ്റിലും
 അപ്പൂപ്പൻതാടികളിലും
 പുക തുന്നിച്ചേർത്തു.


ആ പുകയിൽ
രാജ്യം നിറയെ ഉന്മാദം പടർന്നു.
ആണ് ആണിനെയും
 പെണ്ണ് പെണ്ണിനെയും
 ധൈര്യത്തോടെ തെരുവിലുമ്മ വെച്ചു.
അവരുടെ ജനാലകൾ
കല്ലേറു കൊണ്ട് പൊളിയാതെയായി.


അരക്കെട്ടിലും നെഞ്ചിലും
അനിഷ്ടങ്ങളെഴുതിവെച്ച്
 കവലകളിൽ നഗ്നപ്രതിമകളായി.
അവരുടെ കണ്ണിമകളിലെ പലനിറങ്ങൾ
 പടർന്ന് ചാരത്തെരുവുകൾ പെരുത്തു.
അവരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കപ്പെട്ടു.


പിറ്റേന്ന് അവരെല്ലാം കൊലചെയ്യപ്പെട്ടു
.''എന്തിനും പോന്നവരാണ്..ദ്രോഹമാണ്..."
തമ്മിലൊട്ടിക്കിടന്ന അവരുടെ ഉടുപ്പുകളിൽ
 വിശന്ന ഉറുമ്പുകൾ കയറിയിറങ്ങി.
എല്ലാത്തിനും
ഒരേ പകയുടെ മണമെന്ന് അവർ കണ്ടെത്തി.


കൊലത്തറയിൽ ഒലിച്ചിറങ്ങിയ ചോരയിൽ നിന്ന്
ദ്രോഹികളായ പുഴുക്കൾ മുളച്ചു.


കാണാൻ ഭംഗിയുള്ള ഇരിപ്പിടങ്ങളിലേക്ക്
പുഴുക്കൾ ഇഴഞ്ഞു തുടങ്ങി.


   ബദൗനിൽ നിന്ന്
          ________
മേൽജാതി പീഡിപ്പിച്ചുകൊന്ന
 കീഴ്ജാതിപ്പെണ്‍കുട്ടികൾ
കഴുത്തിൽ കയറോടെ
 വയറ്റിൽ വിറകുകൊള്ളിയോടെ
പുഴുനിരയ്ക്ക് പിന്നിൽ വരിയായി നിന്നു.
അവരിൽ കാലിൽ ചക്രമുള്ളവർ
 പെണ്‍കുട്ടികളെ ചുമലേറ്റി.
മുറിഞ്ഞ യോനികളിൽ നിന്നൊലിച്ച ചോരയിൽ
 പുഴുക്കൾക്ക് വേഗമേറി.
ആണുങ്ങൾ അവിടവിടെ തറച്ച ആണികൾ കൊണ്ട്
 നേരിയ പുഴുത്തൊലി പിളർന്നു.
പക്ഷേ അവര്ക്ക് വേദനിക്കാതായി.
ഉടലാകെ ആണിയുള്ളവരായി .


മഷി പിന്നെയും
പുഴകയറി വരുമെന്നും
പാലങ്ങൾ താനേ പൊളിഞ്ഞമരുമെന്നും
പെണ്‍കുട്ടികൾ പുഴുക്കളോട് പറഞ്ഞു.



ആണിപ്പുഴുക്കൾ
 പുതിയൊരൂർജ്ജത്തിൽ നഗരം വളഞ്ഞു.
ചവിട്ടിയവർക്കെല്ലാം കാൽമുറിഞ്ഞു.
മൂക്കിനുമീതെ
 കണ്തടത്തിലും
കവിളിലും
പൊള്ളലടയാളമുള്ള ,
പൊന്നിടാത്ത ഒരിരുണ്ട പെണ്‍കുട്ടി
വിരൽമുറിയാതെ
 സഞ്ചിയിൽ പത്തിരുപതു പുഴുക്കളെ കുത്തിനിറച്ച്
 വണ്ടികൾക്കിടയിലേക്ക് നടന്നു.