2014, മേയ് 5, തിങ്കളാഴ്‌ച

ഇവളാണ് എന്റെ അലമിനാര

  

"you are the queen of anarchy, of madness, of belonging
to no one
Stay that way...........you the sea princess who has loved all men
and loved no one
slept with all men… and slept with no one
you are the Bedouin woman who went with all the tribes....."-Nizar Qabbani, I Have No Power
         വീടിന്റെ, കുടുംബത്തിന്റെ  ഇടുക്കം മനസ്സിലായിക്കഴിഞ്ഞ ഒരു പെണ്ണിന് പിന്നത്തെ ആഗ്രഹം അതിൽ നിന്നും രക്ഷപ്പെടുക എന്നതാണ്. ഒരിക്കൽ രക്ഷപ്പെട്ടു കഴിഞ്ഞാൽ,കാൽമടമ്പിലും കൈത്തണ്ടയിലുമൊക്കെ മുറിവുണ്ടാക്കിയുരഞ്ഞ ചങ്ങലകൾ പൊട്ടിപ്പോയി എന്നറിഞ്ഞാൽ കെട്ടുപാടുകളുടെ ചടപ്പിലേക്ക് അവൾക്ക് പിന്നെയും പോകാൻ തോന്നുകയില്ല.നഗരത്തിലെ തിരക്കേറിയ റോഡ്‌ ഡിവൈഡറിലെ പച്ചപ്പുല്ലിൽ മലർന്നുകിടന്നുറങ്ങി,വണ്ടിയൊച്ചകളും വെയിലും കൊണ്ട് ഞെട്ടിയെണീക്കൽ കണക്കെ ഒരിക്കൽ ആരൊക്കെയോ കെട്ടിയിട്ട തിളപ്പിനെ പതഞ്ഞു മറിയാൻ വിട്ട്കാത്തിരിക്കുന്ന കാഴ്ചകളിലേക്ക്,സങ്കടങ്ങളുടെ തെരുവുകളിലേക്ക് അവൾ നടന്നുപോവും.അലമിനാര എന്ന വായിൽത്തോന്നിയ,മുമ്പേ ഒരു അർത്ഥമില്ലാത്ത പേരിന്റെ വരവ് ഈ ആലോചനയിൽ നിന്നാണ്.വീടില്ലായ്മയുടെ.വേരില്ലായ്മയുടെ.(കഥയിൽ അലമിനാര ലോകം മുഴുവൻ കണ്ടവളാണ്...പല നാടുകളിൽ അവള്ക്ക് ഇഷ്ടമില്ലാതെ പ്രസവിക്കേണ്ടി വന്നിട്ടുണ്ട്.) 
   മുമ്പൊരിക്കൽ ഒരു രാത്രിയിരിപ്പ് കൂട്ടായ്മയിൽ ആളനക്കമില്ലാത്ത തെരുവിൽ,ആശുപത്രിക്കാന്റീനിൽ ഒക്കെ അന്നേരം കണ്ട ആളുകള്ക്കൊപ്പം രാത്രി നടന്നത് ഓർത്തു.ഇപ്പോൾ രാത്രിയുടെ ആഘോഷമാണ്. പക്ഷെ ഒരു കടൽത്തീരം പോലും ഒരുവൾക്ക്,അവളുടെ ഉമ്മകൾക്ക് പറഞ്ഞിട്ടുള്ളതല്ലെങ്കിൽ ഈ ലോകം എങ്ങനെയാണ് അവളുടെ ഉണർച്ചകളെയും ആവേശങ്ങളെയും കലമ്പലുകളെയും അട്ടഹാസങ്ങളെയും നേരിടാൻ പോകുന്നത് ?

                                                  *              *               *
    താനേ വളര്ന്ന ഒരു മരത്തിന്റെയും  നന്നായി നട്ട്,നനച്ച് വളം തിന്നു വളർന്ന ഒരു മരത്തിന്റെയും കാഴ്ച രണ്ടായിരിക്കും.ആദ്യത്തേത് ഉയിരുതേടി,നീര് തേടി ആണ്ടുപോയി ശീലിച്ചതാണ്.മണ്ണിരകളോടും കിളികളോടും അതിനു സ്നേഹം ഒരുപോലെയാവും.ഞാൻ നട്ടുനനക്കപ്പെട്ട മരമല്ല.എന്റെ കൂടെയുള്ള പലരും അങ്ങനെയല്ല.ആരോ കത്തിച്ച വിളക്ക് കെട്ടുപോയ വഴിയിലൂടെ ഒറ്റയ്ക്ക് നടന്നു വലുതായത്.അതിനു" പെണ്ണാണ്,പെണ്ണാണ് നീ " എന്നുരുവിടാതെ നോക്കി നിന്ന അമ്മയാണ് കാരണം.പോകേണ്ടിടത്തെക്കെല്ലാം ഒരു ചിരികൊണ്ട്  സമ്മതം തരൽ.ഞാൻ കാണാത്ത തെരുവുകൾ ഇവൾ സ്വന്തമാക്കട്ടെ,ഞാൻ കേൾക്കാത്ത ഒച്ചകൾ,കാണാത്ത കാഴ്ചകൾ  ഒക്കെ ഇവളുടെതാകട്ടെ എന്ന സഹൃദയ.എന്നെ പിടിച്ചു കെട്ടി പൊട്ടിയാക്കാതെ പുസ്തകങ്ങൾക്കും ലോകത്തിനും വിട്ടുകൊടുത്തവൾ!
                                                
     ഓരോ മനുഷ്യന്റെയും ഉള്ളിലുള്ള നാടോടി (nomad)യുടെ കൊതി മറ്റെല്ലാത്തിനെയും മൂടിക്കളയാൻ മാത്രം വലുതായിരിക്കും.അത് പൂർത്തീകരിക്കാൻ  ഏതെങ്കിലും തരത്തിൽ കഴിവുള്ള ഒരാളെയോ ഒരു കാരണത്തെയോ കണ്ടെത്തിക്കഴിഞ്ഞാൽ  അതിനെ വിട്ടുപോവുക അല്ലെങ്കിൽ ഉപേക്ഷിക്കുക എളുപ്പവുമല്ല. ഹൈവേ പറയുന്നത് അങ്ങനെയൊരു കാരണത്തിന്റെ കഥയാണ്.അവളെപ്പോലൊരു പെണ്‍കുട്ടിക്ക് വീട്ടുമതിൽ കടന്നു,രാത്രി കടന്ന്  തുറവിന്റെ ഹൈവേയിലേക്ക് ഒരുപാട് ദൂരമുണ്ട്. അവൾ ലോകത്തിന്റെ പലമയെപ്പറ്റി ഒരിക്കലെങ്കിലും ആലോചിച്ചിടട്ടില്ലെങ്കിൽ ദൂരം പിന്നെയും കൂടും.നിശ്ചലത വെറുപ്പിക്കും.ഒരിടത്ത് മുളച്ച്,വളര്ന്നു പടര്ന്നു പന്തലിച്ച്,വരണ്ട്, ചില്ലകളായി അടര്ന്നു പൊടിഞ്ഞ്,വേര് മുറിഞ്ഞു മണ്ണായിത്തീരുന്ന ഒരു മരത്തിന്റെ നിശ്ചലത . തോട്ടുപാഞ്ഞു കടന്നു പോകുന്ന നീലത്തീവണ്ടിയിലെ ആളുകളോട് അസൂയ,അതിന്റെ പലനാടുകളുടെ മണം ആഞ്ഞു ശ്വസിച്ച്,ഇലകളിൽ നിറച്ച്,ഒരു വട്ടമെങ്കിലും അത് പൊട്ടിക്കരയും.




                                                
  തടവിൽ സ്വതന്ത്രയായിരിക്കുക എന്ന അവസ്ഥ,അതും തടവ് തുറന്ന തടവാകുമ്പോൾ,തടവ് ചലിക്കുന്ന തടവാകുമ്പോൾ, തടവ് അന്നേ വരെയില്ലാത്ത ജീവിതാവസ്ഥയാകുമ്പോൾ അവള്ക്ക് തിരിച്ചുപോക്ക് നരകമാണ്. ഏതെങ്കിലും ഒരു കള്ളിയിൽ പെടുത്താനൊക്കാത്ത ഒരു ബന്ധം അങ്ങനെ ഉണ്ടാവുകയും അതിന്റെ പലതലങ്ങളിൽ അവർ അവരെ കണ്ടെത്തുകയും  ചെയ്യുന്നു. ഒടുവിൽ താഴ്‌വരയിൽ അവളുടെ സ്വാതന്ത്ര്യത്തിന്റെ പ്രത്യക്ഷമായ കാരണം വെടിയേറ്റ്‌ മരിക്കുകയും പിന്നെയും  അവൾ വീടിന്റെ ഇരുട്ടിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയും ചെയ്യുന്നു.എല്ലാ പെണ്‍കുട്ടികളും എപ്പോഴെങ്കിലുമൊക്കെ ചോദിച്ചിരിക്കാവുന്ന ഒരു ചോദ്യം അവൾ അവരോടു ചോദിക്കുന്നു,പെണ്‍കുട്ടിയെ വീട്ടിലടച്ചിടുന്നത് എന്തിനാണ് ? വീട് എന്താണ് അവൾക്ക് കൊടുക്കുന്നത്? വീട്ടിലും അപകടമില്ലേ ? എന്ന്. സത്യം പറയുന്നവളെ ഭ്രാന്തി എന്ന് കുറ്റപ്പെടുത്തി ഇറങ്ങിപ്പോക്ക്.ഇതൊക്കെയാണ് വീട്.കുടുംബം.കുട്ടിയെപ്പോലും വെറും വസ്തുവായി നോക്കുന്നവർ വീട്ടിൽത്തന്നെയുണ്ടാകുമ്പോൾ പുറമെയുള്ള എല്ലാം നിഷേധിച്ച് അവളെ വീട്ടില് തളയ്ക്കുന്നതിന്റെ അർത്ഥമെന്താണ് ? വീട് ജയിലാണെന്ന്.അന്നേ  അലറാത്ത അലർച്ചകൾ പുറത്തിട്ട് ബുദ്ധനെ ഓർമ്മിപ്പിച്ച് അവൾ വീടുവിട്ടു.


    
                                                

 ഉടലിന് അതിന്റെ സ്വാതന്ത്ര്യങ്ങൾ അനുവദിക്കുന്ന ഉടുപ്പുകളിൽ നിന്ന് അങ്ങനെ അല്ലാത്തവയിലേക്ക്‌ അവളെ പിടിച്ചുകെട്ടുന്നുണ്ടെങ്കിലും മഹാബീർ എന്ന അലച്ചിലിൽ വീര  ഒട്ടിനില്ക്കുന്നു. എത്ര പറിച്ചു കളഞ്ഞിട്ടും പോകാതെ.അവൾ അവനുവേണ്ടി ഭക്ഷണമുണ്ടാക്കി,അഴിഞ്ഞാടി തുടങ്ങിയ നിലവാരമില്ലാത്ത വിമര്ശനങ്ങളെ മറക്കാം.
അവളും അയാളും gender ഇല്ലാത്ത രണ്ടു 'മനുഷ്യർ' മാത്രമാണെന്ന് വെക്കാം.ഒറ്റപ്പെടലുകളുടെ ഉപ്പുപാത്രം കണക്കെ അയാളും ധാരളിത്തത്തിന്റെ നിർവികാരതയിൽ നിന്ന് അവളും.ജീവനില്ലായ്മയിൽ നിന്ന്,മറ്റൊരു ജീവിയുടെ ഒറ്റപ്പെടലിന്റെ ഉത്തരമായി പരിണമിക്കുമ്പോൾ അവള്ക്ക് ചിറകുകളുണ്ടാകുന്നു.അതാണ്‌ ഹൈവേ തരുന്ന ഉത്തരം . ഇടുക്കങ്ങളിൽ വീണ അവളുടെ കണ്ണീരും വിയര്പ്പും ചോരയുമെല്ലാം വലിയൊരു സത്യത്തിലേക്കുള്ള അടയാളങ്ങളാകുന്നു.



         ഒരാൾ ഇരട്ടിക്കുമ്പോൾ ലോകം ഒന്ന് അനങ്ങിയിരിക്കും. ഒരാൾ ഇരട്ടിക്കുന്നതിനെ ലോകത്തിനു പേടിയാണ്: വിപ്ലവത്തെയും പ്രണയത്തെയും ലോകം പേടിക്കാൻ കാരണമതാണ്. വീടുപേക്ഷിക്കുന്ന പെണ്ണിനെ,വീടെന്ന രാവണൻ കോട്ടയിൽനിന്നു പുറത്തേക്ക് വഴി കണ്ടെത്തുന്ന പെണ്ണിന് ഒറ്റ നിമിഷം കൊണ്ട് ഇരട്ടിക്കാനുള്ള ശക്തിയുണ്ട്.അവസാനം തനിയെ ഒറ്റയല്ലാതാവുന്ന വീര പറയുന്നത് dare to break away എന്ന്....ഇംത്യാസിന്റെ പതിനഞ്ചു വയസ്സുള്ള കഥയിൽ നിന്ന് ഒടുവിൽ വീരയും മഹാബീറും ഉണ്ടായി.പെരുവഴി എന്ന വാക്കിനു പുതിയ അർത്ഥമുണ്ടായി...ഒരിക്കൽ പ്രസീദ്ധീകരിക്കാത്ത കഥയെപ്പറ്റി മുരളിമാഷ്‌ പറഞ്ഞപോലെ,"അതിന്റെ നേരായീന്ന് എഡിറ്റർക്ക് തോന്നിക്കാണില്ല"..ഹൈവേയുടെ നേരം ഇതാണ്.ഈ പെരുവഴിയിൽ നിന്ന് ഇനിയും കഥകളുണ്ടാകും.ഒരു പുതിയ അലമിനാര ഉണ്ടാകും.


ബാക്കി:'ഹൈവേ'യെപ്പറ്റി പറഞ്ഞു കൊണ്ട് ഒരു പുതിയ കൂട്ട് കിട്ടിയിട്ടുണ്ട്,ഇരുന്നാൽ പണികിട്ടും എന്ന് ഉറച്ചു വിശ്വസിക്കുന്ന...