2014, ഡിസംബർ 27, ശനിയാഴ്‌ച

ആദ്യാവസാനം അവൾ ദരിദ്രയായിരുന്നു.

ദിവസം മുഴുവനിരുന്നു കവിത വായിച്ച 
ഒരുത്തി 
ഒടുവിൽ 
തിളച്ച കഞ്ഞിയിലെക്ക് ഏകാന്തതയുടെ ഉപ്പു കല്ല്‌ വിതറി 
കുനിഞ്ഞിരിക്കുകയാണ്‌.
പൊള്ളാൻ നാക്കിൽ അനേകായിരം 
രസ മുകുളങ്ങൾ.



പിന്കഴുത്തിലെ ചുഴിപ്പിൽ 
ആരെയും കടത്തിവിടാത്ത കാട്ടിൽ 
സ്നേഹിക്കുന്നവരോട്‌ മാത്രം തോന്നുന്ന '
ഒരുതരം വെറുപ്പ്
അവൾ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.
കുട്ടിയെ പുറത്തേറ്റിയ ചുവന്ന 
തിമിംഗലക്കളിപ്പാട്ടത്തിൽ നിന്ന്,
ചുവരിലെ കീറലിൽ  പണ്ടെന്നോ തിരുകി വെച്ച 
ആദ്യത്തെ സിഗരറ്റു കുറ്റിയിൽ നിന്ന് 
അവൾ
അയക്കാത്ത കഥകളിലേക്കും കത്തുകളിലേക്കും 
ക്യാമറ കയ്യിലുണ്ടായിട്ടും എടുക്കാത്ത 
ചിത്രങ്ങളിലേക്കും വളരുന്നു.


പാതിയിലേറെ കത്തിപ്പോയ,
കുന്നിന്റെ താഴെയുള്ള ഒരു വീട്ടില്,
തീയണക്കാൻ ചൊരിഞ്ഞ ഇറ്റു വെള്ളം നനഞ്ഞ
മെലിഞ്ഞ കാൽ വിരലുകളിൽ പൊള്ളിത്തീരുന്ന 
നേർത്ത കനലുകൾ
കെട്ടലിഞ്ഞ് തീരുവോളം ഉമ്മവെക്കാനുള്ള 
കഠിനമായ കൊതി..
ഉമ്മ വെക്കാൻ 
വർഷങ്ങളുടെ രുചികൾ വായിൽ സൂക്ഷിക്കുന്ന 
കാലങ്ങളുടെ പൊടിപടലങ്ങൾ 
നാടുകളിലെ മണങ്ങൾ ഉടലിൽ സൂക്ഷിക്കുന്ന ഒരു മനുഷ്യൻ .


പുറത്തെ തണുപ്പിൽ
അവളുടെ ഒറ്റയ്ക്കാവലിന്റെ രംഗങ്ങൾ 
ഉണങ്ങിയ മരച്ചില്ലകൾ വരയ്ക്കുന്നു
ഒരു പാവാട ഞൊറിയുടെ ഇത്തിരി വീതിയിൽ 
സിണ്ട്രല്ലക്കഥ തുന്നിയ  ആരെയോ പോലെ
(അവൾക്കിഷ്ടമുള്ള പാവാട യായിരുന്നു അത്,
ആരോ സമ്മാനിച്ചത് )



നടുവിലത്തെ മുറിയാണ് അവളുടേത്‌ 
പകലിലും രാത്രിയിലും ഒരുപോലെ ഇരുട്ട് കെട്ടിയത് 
പായ്ത്തലപ്പു തിന്ന മെറൂണ്‍ നിറമുള്ള കൂറകളാണ് 
ആദ്യം അവളുടെ ചുണ്ടിലുമ്മ  വെച്ചത് 
അപ്പോൾ സ്വപ്നത്തിൽ ചോക്ലേറ്റ്നിറമുള്ള ഒരാൾ 
അവളെ ഉമ്മ വെക്കുകയായിരുന്നു 

പിന്നെ ഉരുൾപൊട്ടലിൽ ഒലിച്ചു പോയ 
രണ്ടാം വീട്ടിലേക്കു മാറും വരെ അവളെ കൂറകൾ 
ഉമ്മ വെച്ചുകൊണ്ടേയിരുന്നു.




വേദങ്ങളും നിയമങ്ങളും പള്ളികളും അമ്പലങ്ങളും 
വിശ്വാസികളും അവളെ വിട്ടുപോയിട്ട് 
കാലങ്ങളാകുന്നു.
ആരെയും ബോധിപ്പിക്കാനല്ലാതെ 
ആഭരണങ്ങൾ കളഞ്ഞിട്ട് 
കാലങ്ങളാകുന്നു
അവൾ ഉപ്പിലേക്ക് തിരുകിക്കേറുന്ന 
വിചിത്രമായ ഒരു പുഴുവിനെ കാണുന്നു
മണലിൽ വരയ്ക്കാൻ പറ്റാത്തത്ര
വിരലുകളെ ലോലമാക്കുന്ന
ഒരു മാന്ത്രികപ്പുഴു

തിരകളിൽ പഴകിയ ഉടലുകൾ തിരുകി വെച്ച് 
കടൽ ചില നേരങ്ങളിൽ കളിക്കാറുള്ള 
ആ കളിയെപ്പറ്റി 
അവൾക്കെന്നല്ല ആര്ക്കും ഒന്നും അറിയുന്നുണ്ടായിരുന്നില്ല 
എന്നിട്ടും അറിയും എന്ന ഭാവത്തിലാണ്,
എല്ലായ്പ്പോഴും അവളുടെ നടപ്പ്.


എണ്ണിത്തിട്ടപ്പെടുത്തിയ പൈസക്ക് 
ഒറ്റക്ക്
അന്യനാട്ടിലേക്ക് ജനറലിൽ കയറുമ്പോഴാണ് 
ആദ്യമായി സങ്കടമില്ലായ്മ അവളറിഞ്ഞത് 
എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കുകയില്ല 
എന്നിട്ടും അവൾ എണ്ണയൊപ്പിയ 
ഒപ്പുകടലാസ് തീവണ്ടിക്കു 
പുറത്തെ കാറ്റിൽ സൂക്ഷിച്ച്
പതുക്കെ പതുക്കെ കുറഞ്ഞു വരുന്നത് നോക്കിയിരുന്നു 
ഏകദേശം എല്ലാം കണ്ടു മതിയായ പോലത്തെ 
ഭാവമായിരുന്നു മുഖത്ത് എപ്പോഴും


പക്ഷെ എങ്ങനെയോ 
ഇന്നലെ രാത്രി മരിച്ചു കിടന്നപ്പോൾ 
ഒന്നും കണ്ടു തീരാത്ത 
കൊതിയടങ്ങാത്ത  ഒരു വയസ്സിയെപ്പോലെ,
ചുണ്ടുകൾ ഇന്നേ വരെ ഉമ്മകിട്ടാത്ത പോലെ 
നിഷ്കളങ്കമായി 
പാതി തുറന്നു തന്നെ കിടന്നു
(എന്നത്തെയും പോലെ).

അവളെപ്പറ്റി നല്ലത് പറയാൻ 
എല്ലാവരും വന്നത് 
അപ്പോഴാണ്‌ 
അവൾ കട്ട് വരച്ചതെന്ന് 
ആരോപിക്കപ്പെട്ട ഒരു ചിത്രം 
കൊണ്ട് വിമർശകർ അവളെ പുതപ്പിച്ചു 
ആ ചിത്രത്തിൽ അത്രയോ തവണ 
ഇറ്റിയ കരച്ചിൽ തൂത്തു കളഞ്ഞതിനാൽ 
അരികുകൾ അപ്പോഴും നിറം വിട്ടും 
കുതിർന്നും  കിടന്നു 
അവളുടെ കണ്ണീരും അങ്ങനെയാണ്.

കുന്നിൻ പുറത്തെ വീട് 
പാതി കത്തിയിട്ടുണ്ട് 
വായിൽ വർഷങ്ങളുടെ രുചികളുള്ള, 
പല ദേശങ്ങളുടെ മണമുള്ള
നീളൻ കഴുത്തുള്ള ഒരാൾ 
അവളെത്തേടി വന്നിട്ടുമുണ്ട്
അയല്ക്കാരോട് അയാളന്വേഷിച്ച വിലാസം അവളുടേത്‌ തന്നെയാണ് 


അവളുടെ തലച്ചോർ നിലച്ചു 
ഹൃദയം നിലച്ചു നേരിയ തുടകൾ നിലച്ചു 
നെല്ലിക്കമ്പ് കണക്കത്തെ  വിരലുകൾ നിലച്ചു.
അവൾക്കിനി ഉറക്കമില്ലാതെ 
ഒറ്റയ്ക്കിരുന്ന് 
തണുപ്പിലേക്ക് കുമ്പിട്ട് 
കഞ്ഞിയിലേക്ക് ഒറ്റയാവലിന്റെ ഉപ്പുകല്ല് വിതറണ്ട 
പരിമിതമായ നോട്ടുകളിൽ
 ആഗ്രഹങ്ങളെ തള്ളിയിട്ടു ചവിട്ടിക്കൊല്ലണ്ട 

ആദ്യാവസാനം അവൾ ദരിദ്രയായിരുന്നു.
അതവൾക്ക് അറിയുമായിരുന്നില്ലായിരുന്നു.