2015, ഒക്‌ടോബർ 13, ചൊവ്വാഴ്ച

പേരറിയാത്ത പ്രാണികളുടെ ചിത്രം പകര്‍ത്തുക

തലപ്പില്‍ പകച്ചു നില്‍ക്കുന്ന
പെണ് വേരുകളുടെ നിറം കാണാം.
എനിക്കോ നിനക്കോ അല്ലാതെ
മറ്റാര്‍ക്കും ഓടിക്കളിക്കാനാകാത്ത
വഴുക്കാത്ത നിലം വേണമെന്ന്
വാശി പിടിച്ചവരെല്ലാം പോയി.
നീല നക്ഷത്രം:
അതുമാത്രം തൂങ്ങിപ്പിടിച്ച്
വിങ്ങി വിറച്ച്
കഷ്ടപ്പെട്ട് മിന്നുകയും
മിനുങ്ങുകയും ചെയ്യുന്ന ഒരു
വലിയ ആകാശം.

കടല്‍ മഷി കണക്കെ
ചൊക്ക് നിറച്ച കണ്ണു മിനുക്കി
നീ എന്നും പുറത്തോട്ടിറങ്ങി.
നിന്റെ നോക്കി കൊതി കൊണ്ടവര്‍ക്ക്
നടു വിരല്‍ കാട്ടി.
നീ ആണോ പെണ്ണോ എന്ന് സംശയിച്ചവര്‍
അന്നേരം തന്നെ മരിച്ചുപോയി, അല്ലെ?

എന്നിട്ടും ചെളി നിറഞ്ഞ നഖം
ഈര്‍ക്കിലി കൊണ്ട്
മിനുക്കിത്തുടച്ച കാലങ്ങളില്‍
വിഴുങ്ങിയ കണ്ണീരു കണക്കെ നീ
'ഒരു ഹിജഡയുടെ ആത്മകഥ'
വായിച്ച് നീ മുടി നീട്ടി.

എന്നിട്ടും നീ താമസിക്കുന്ന ഒറ്റമുറി വീടിന്റെ
കീഴത്തെ ഊടുവഴിയിലൂടെ
പണികഴിഞ്ഞ് നടന്നു പോകുന്ന
തെലുഗു വര്‍ത്താനം കേട്ടു കേട്ട്
ചെരുപ്പടിയൊച്ച കേട്ട്
നീ ഉറങ്ങിയപ്പോഴും
ഒരൊറ്റ കൈവീശലില്‍
നിനള്‍ക്ക് നഷ്ടപ്പെട്ട നഗരം
നിന്നെ എപ്പോഴും കുത്തി.

തുമ്മാന്‍ ചവച്ചു തുപ്പിയ പാടുകളില്‍
ഈച്ചയാര്‍ക്കുന്ന
പൊട്ടിയ ഹെയര്‍ ക്ലിപ്പുകളും
ചത്ത ഉറകളും കാഴ്ച്ചക്കാര്‍ ചവിട്ടിക്കൊന്ന
മുറ്റമുള്ള
സിനിമാക്കൊട്ടക കണക്കെ
നിന്റെ തല ദിവസം ദിവസം പെരുത്തുവന്നു.


നീ തീവണ്ടികള്‍ കയറി,
തുരുമ്പ് മണം, വിയര്‍പ്പ്, പൊടിക്കാറ്റ്, ചൂട്.
കാലുകള്‍ക്കിടയില്‍ നീ മാത്രം അറിഞ്ഞ
ഒരു വിറ നിന്നോടൊപ്പം വളര്‍ന്നു.

മണ്‍പാത്രങ്ങളും ചൂരല്‍ക്കൊട്ടകളും
ബക്രീദ് കാലത്ത്
കൊമ്പുകളില്‍ ചായം തേച്ച
ആട്ടിന്‍കൂട്ടങ്ങളും വില്‍ക്കപ്പെടുന്ന
തെരുവിലൂടെ
മധുരക്കിഴങ്ങും നിലക്കടലയും തേടി
നീ
ഒറ്റയ്ക്ക് തന്നെ നടന്നു.


നിന്റെ സൗന്ദര്യം എന്താണ്?
നിന്റെ നിലപാട് എന്താണ്?
അവര്‍ നിന്നെ ഓട്ടോയില്‍
എവിടെയാണ് ഇരുത്തുന്നത്?
അധികാരികളില്‍ നിന്ന് എത്ര അകലത്താണ്‌ നീ?
വിലപിടിച്ച ഉടുപ്പുകളോട്
പ്രേമമില്ലാത്ത നിന്നോട്
ആര്‍ക്കൊക്കെയാണ് അസൂയ!!
ചരക്കു ലോറിയുടെ മേല്‍ പുതച്ച
താര്‍പ്പായ കണക്കെ
നീ എല്ലാക്കാലവും ഇളകിക്കൊണ്ടിരിക്കും
എന്നാണ് അവര്‍ പാവങ്ങള്‍
ഇപ്പോഴും കരുതുന്നത്.

പക്ഷെ നീ
നിന്റെ ഒഴപ്പ്,
നിന്റെ തിളപ്പ്,
നിന്റെ നര,
നിന്റെ കഴപ്പ്,നിന്റെ കവിളിലെ
കനല്‍പ്പാട്
കാല്‍പ്പാദങ്ങളിലെ എണ്ണിയാല്‍ തീരാത്ത
ചുളിവ്,
പല്ലിലെ കറ,
നെഞ്ചിലെ മിനുത്ത രോമങ്ങള്‍,
കഥ
എല്ലാം
ചോറ്റുപാത്രത്തിലെന്ന കണക്കെ
ചൂടോടെ ചേര്‍ത്തമര്‍ത്തി അടച്ചു വെക്കണം.

മഴ മണക്കുന്ന ഇലകളുള്ള കാട്ടിലേക്ക്
ഒരു ഒച്ചിന്റെ കൂടെ
സൈക്കിള്‍ ചവിട്ടി
പൂമ്പാറ്റകളെ പിന്തുടരുക.
പേരറിയാത്ത പ്രാണികളുടെ
ചിത്രം പകര്‍ത്തുക.