2014, ഡിസംബർ 27, ശനിയാഴ്‌ച

ആദ്യാവസാനം അവൾ ദരിദ്രയായിരുന്നു.

ദിവസം മുഴുവനിരുന്നു കവിത വായിച്ച 
ഒരുത്തി 
ഒടുവിൽ 
തിളച്ച കഞ്ഞിയിലെക്ക് ഏകാന്തതയുടെ ഉപ്പു കല്ല്‌ വിതറി 
കുനിഞ്ഞിരിക്കുകയാണ്‌.
പൊള്ളാൻ നാക്കിൽ അനേകായിരം 
രസ മുകുളങ്ങൾ.



പിന്കഴുത്തിലെ ചുഴിപ്പിൽ 
ആരെയും കടത്തിവിടാത്ത കാട്ടിൽ 
സ്നേഹിക്കുന്നവരോട്‌ മാത്രം തോന്നുന്ന '
ഒരുതരം വെറുപ്പ്
അവൾ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.
കുട്ടിയെ പുറത്തേറ്റിയ ചുവന്ന 
തിമിംഗലക്കളിപ്പാട്ടത്തിൽ നിന്ന്,
ചുവരിലെ കീറലിൽ  പണ്ടെന്നോ തിരുകി വെച്ച 
ആദ്യത്തെ സിഗരറ്റു കുറ്റിയിൽ നിന്ന് 
അവൾ
അയക്കാത്ത കഥകളിലേക്കും കത്തുകളിലേക്കും 
ക്യാമറ കയ്യിലുണ്ടായിട്ടും എടുക്കാത്ത 
ചിത്രങ്ങളിലേക്കും വളരുന്നു.


പാതിയിലേറെ കത്തിപ്പോയ,
കുന്നിന്റെ താഴെയുള്ള ഒരു വീട്ടില്,
തീയണക്കാൻ ചൊരിഞ്ഞ ഇറ്റു വെള്ളം നനഞ്ഞ
മെലിഞ്ഞ കാൽ വിരലുകളിൽ പൊള്ളിത്തീരുന്ന 
നേർത്ത കനലുകൾ
കെട്ടലിഞ്ഞ് തീരുവോളം ഉമ്മവെക്കാനുള്ള 
കഠിനമായ കൊതി..
ഉമ്മ വെക്കാൻ 
വർഷങ്ങളുടെ രുചികൾ വായിൽ സൂക്ഷിക്കുന്ന 
കാലങ്ങളുടെ പൊടിപടലങ്ങൾ 
നാടുകളിലെ മണങ്ങൾ ഉടലിൽ സൂക്ഷിക്കുന്ന ഒരു മനുഷ്യൻ .


പുറത്തെ തണുപ്പിൽ
അവളുടെ ഒറ്റയ്ക്കാവലിന്റെ രംഗങ്ങൾ 
ഉണങ്ങിയ മരച്ചില്ലകൾ വരയ്ക്കുന്നു
ഒരു പാവാട ഞൊറിയുടെ ഇത്തിരി വീതിയിൽ 
സിണ്ട്രല്ലക്കഥ തുന്നിയ  ആരെയോ പോലെ
(അവൾക്കിഷ്ടമുള്ള പാവാട യായിരുന്നു അത്,
ആരോ സമ്മാനിച്ചത് )



നടുവിലത്തെ മുറിയാണ് അവളുടേത്‌ 
പകലിലും രാത്രിയിലും ഒരുപോലെ ഇരുട്ട് കെട്ടിയത് 
പായ്ത്തലപ്പു തിന്ന മെറൂണ്‍ നിറമുള്ള കൂറകളാണ് 
ആദ്യം അവളുടെ ചുണ്ടിലുമ്മ  വെച്ചത് 
അപ്പോൾ സ്വപ്നത്തിൽ ചോക്ലേറ്റ്നിറമുള്ള ഒരാൾ 
അവളെ ഉമ്മ വെക്കുകയായിരുന്നു 

പിന്നെ ഉരുൾപൊട്ടലിൽ ഒലിച്ചു പോയ 
രണ്ടാം വീട്ടിലേക്കു മാറും വരെ അവളെ കൂറകൾ 
ഉമ്മ വെച്ചുകൊണ്ടേയിരുന്നു.




വേദങ്ങളും നിയമങ്ങളും പള്ളികളും അമ്പലങ്ങളും 
വിശ്വാസികളും അവളെ വിട്ടുപോയിട്ട് 
കാലങ്ങളാകുന്നു.
ആരെയും ബോധിപ്പിക്കാനല്ലാതെ 
ആഭരണങ്ങൾ കളഞ്ഞിട്ട് 
കാലങ്ങളാകുന്നു
അവൾ ഉപ്പിലേക്ക് തിരുകിക്കേറുന്ന 
വിചിത്രമായ ഒരു പുഴുവിനെ കാണുന്നു
മണലിൽ വരയ്ക്കാൻ പറ്റാത്തത്ര
വിരലുകളെ ലോലമാക്കുന്ന
ഒരു മാന്ത്രികപ്പുഴു

തിരകളിൽ പഴകിയ ഉടലുകൾ തിരുകി വെച്ച് 
കടൽ ചില നേരങ്ങളിൽ കളിക്കാറുള്ള 
ആ കളിയെപ്പറ്റി 
അവൾക്കെന്നല്ല ആര്ക്കും ഒന്നും അറിയുന്നുണ്ടായിരുന്നില്ല 
എന്നിട്ടും അറിയും എന്ന ഭാവത്തിലാണ്,
എല്ലായ്പ്പോഴും അവളുടെ നടപ്പ്.


എണ്ണിത്തിട്ടപ്പെടുത്തിയ പൈസക്ക് 
ഒറ്റക്ക്
അന്യനാട്ടിലേക്ക് ജനറലിൽ കയറുമ്പോഴാണ് 
ആദ്യമായി സങ്കടമില്ലായ്മ അവളറിഞ്ഞത് 
എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കുകയില്ല 
എന്നിട്ടും അവൾ എണ്ണയൊപ്പിയ 
ഒപ്പുകടലാസ് തീവണ്ടിക്കു 
പുറത്തെ കാറ്റിൽ സൂക്ഷിച്ച്
പതുക്കെ പതുക്കെ കുറഞ്ഞു വരുന്നത് നോക്കിയിരുന്നു 
ഏകദേശം എല്ലാം കണ്ടു മതിയായ പോലത്തെ 
ഭാവമായിരുന്നു മുഖത്ത് എപ്പോഴും


പക്ഷെ എങ്ങനെയോ 
ഇന്നലെ രാത്രി മരിച്ചു കിടന്നപ്പോൾ 
ഒന്നും കണ്ടു തീരാത്ത 
കൊതിയടങ്ങാത്ത  ഒരു വയസ്സിയെപ്പോലെ,
ചുണ്ടുകൾ ഇന്നേ വരെ ഉമ്മകിട്ടാത്ത പോലെ 
നിഷ്കളങ്കമായി 
പാതി തുറന്നു തന്നെ കിടന്നു
(എന്നത്തെയും പോലെ).

അവളെപ്പറ്റി നല്ലത് പറയാൻ 
എല്ലാവരും വന്നത് 
അപ്പോഴാണ്‌ 
അവൾ കട്ട് വരച്ചതെന്ന് 
ആരോപിക്കപ്പെട്ട ഒരു ചിത്രം 
കൊണ്ട് വിമർശകർ അവളെ പുതപ്പിച്ചു 
ആ ചിത്രത്തിൽ അത്രയോ തവണ 
ഇറ്റിയ കരച്ചിൽ തൂത്തു കളഞ്ഞതിനാൽ 
അരികുകൾ അപ്പോഴും നിറം വിട്ടും 
കുതിർന്നും  കിടന്നു 
അവളുടെ കണ്ണീരും അങ്ങനെയാണ്.

കുന്നിൻ പുറത്തെ വീട് 
പാതി കത്തിയിട്ടുണ്ട് 
വായിൽ വർഷങ്ങളുടെ രുചികളുള്ള, 
പല ദേശങ്ങളുടെ മണമുള്ള
നീളൻ കഴുത്തുള്ള ഒരാൾ 
അവളെത്തേടി വന്നിട്ടുമുണ്ട്
അയല്ക്കാരോട് അയാളന്വേഷിച്ച വിലാസം അവളുടേത്‌ തന്നെയാണ് 


അവളുടെ തലച്ചോർ നിലച്ചു 
ഹൃദയം നിലച്ചു നേരിയ തുടകൾ നിലച്ചു 
നെല്ലിക്കമ്പ് കണക്കത്തെ  വിരലുകൾ നിലച്ചു.
അവൾക്കിനി ഉറക്കമില്ലാതെ 
ഒറ്റയ്ക്കിരുന്ന് 
തണുപ്പിലേക്ക് കുമ്പിട്ട് 
കഞ്ഞിയിലേക്ക് ഒറ്റയാവലിന്റെ ഉപ്പുകല്ല് വിതറണ്ട 
പരിമിതമായ നോട്ടുകളിൽ
 ആഗ്രഹങ്ങളെ തള്ളിയിട്ടു ചവിട്ടിക്കൊല്ലണ്ട 

ആദ്യാവസാനം അവൾ ദരിദ്രയായിരുന്നു.
അതവൾക്ക് അറിയുമായിരുന്നില്ലായിരുന്നു.

2014, നവംബർ 29, ശനിയാഴ്‌ച

പെണ്ണേ ബാ, മ്മക്ക് കലമ്പിത്തെളക്കാം

പറയ്‌,നിനക്കുണ്ടായിരുന്നോ  
പകൽ കലമ്പി വെറുപ്പിക്കുന്ന അച്ഛൻ?
നിനക്കുണ്ടോ 
അണക്കെട്ട് പൊട്ടിയ കണക്കെ പൊട്ടിയൊഴുകുന്ന,
കരയുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന അമ്മ ?
അവർക്കിടയിലെ മഞ്ഞ നിറമുള്ള നിശ്ശബ്ദത?

ഒരു കത്രിക ഇടം മാറ്റി വെച്ചതിന് 
നീ അടി കൊണ്ടിട്ടുണ്ടോ?
അമ്മയുടെ മുറിച്ചോര പറ്റിയ ഒരു 
പിനോഖ്യോ പുസ്തകം നിനക്കുണ്ടോ?
അന്ന് അമ്മത്തലയിൽ തകർക്കപ്പെട്ട
ഒരു പ്രിയപ്പെട്ട കണ്ണാടിയുണ്ടോ ?

പിന്നെ നിനക്കെങ്ങനെയാണ് 
എന്റെ തോന്നലുകൾ അതുപോലെ 
പകർത്താനാകുന്നത്?
പിന്നെ നിനക്കെങ്ങനെയാണ് 
എന്റെ ചിത്രങ്ങൾ അതിവിദഗ്ധമായി കട്ടുണ്ടാക്കാൻ പറ്റുന്നത് ?
പിന്നെങ്ങനെയാണ് നീ നോക്കി നോക്കിയിരിക്കെ 
സ്വയം സ്നേഹിക്കാൻ ശീലിച്ചത്?

___________________________________

നിന്റെ മടിയിൽ,
പെണ്ണേ ,
നീ പാതി വരച്ച 
ചിത്രത്തിനടുത്ത് തലവെച്ച് 
എനിക്ക് പകലോളം ഒന്നുറങ്ങണം.
ഒന്നും വേണ്ട,
ഒരുമ്മ പോലും വേണ്ട,
നിന്നോട് മിണ്ടണം -
പിന്നെ തണുത്ത നിലത്ത് നമുക്ക് ചിത്രങ്ങൾ വരയ്ക്കണം.
ചായം കൊണ്ട്-മെഴുകു കൊണ്ട്-കരിക്കട്ട കൊണ്ട് 

ആദ്യം നിലത്ത്,പിന്നെ ചുവരിൽ,പിന്നെ മേൽക്കൂരയിൽ.
അതും കഴിഞ്ഞ് പുറം ചുവരിൽ,
നിന്റെ മുറ്റത്തെ മരങ്ങളിൽ,
ഇലകളിൽ,
മതിലിൽ...പൊതു കക്കൂസിലെ ചുവരുകളിൽ 
പിന്നെ തെരുവിൽ...
പീടികച്ചുവരുകളിൽ...
ബീഡിയും കടലമിട്ടായിയും മണക്കുന്ന
വരാന്തയിൽ,
ആളിരുന്നു കറുത്തുപോയ ബെഞ്ചുകളിൽ,
നരച്ച താടികളിൽ
 നമുക്ക് ചായമടിക്കാം.
കള്ള് വിൽക്കുന്ന കടകളിൽനിന്ന്  
വരിനില്ക്കാതെ  വാങ്ങിവരുമ്പോ 
സദാചാരികളോട് കലപിലക്കാം..
എന്നിട്ട് മതിയാവോളം നടക്കാം.

നമുക്ക് ചുറ്റും 
മതിലുകൾ 
പാളങ്ങൾ 
പാലങ്ങൾ
മുറിഞ്ഞ പുഴകൾ 
അറ്റ കാലുകൾ 
വിറ്റു തീരാത്ത ഐസ്ക്രീം പെട്ടികൾ 
അഴുക്കു കൂനകൾ 
കെട്ടിടങ്ങൾ 
ഉച്ചത്തിൽ കരയുന്ന 
കാക്കകൾ 
സ്വന്തം നാടിന്റെ 
പേരറിയാത്ത കുട്ടികൾ--
സ്കൂളിൽ പോകാതെ 
വിശന്നിട്ടാണെങ്കിലും 
പച്ചക്ക് വളരുന്ന കുട്ടികൾ

മുറിഞ്ഞ ഭൂപടത്തിന്റെ 
അരികു രാകി 
മിനുക്കാൻ നോക്കുന്നവർ 
എന്നെയും നിന്നെയും 
നോക്കിയളന്നു സുഖിക്കുന്ന ആണുങ്ങൾ 
നമുക്ക് ചുറ്റും കൊതുകുകൾ 
കണക്കെ മൂളിവരുന്ന ആണുങ്ങൾ
നിന്റെ മുലയിലെക്കാണ് 
നോക്കുന്നതെന്നറിയുമ്പോൾ 
നിനക്ക് മറയാകാൻ 
നോക്കുന്ന ഞാൻ.
ആണുങ്ങൾ -പെണ്ണുങ്ങൾ -രണ്ടുമായവർ.
പിന്നെ നമ്മളും.


കുഞ്ഞിത്തീവണ്ടികൾ പായുന്ന 
പാളത്തിനരികെ ഡുബേ കോളനി വഴിപോയാൽ 
കന്നാലികളും തടാകവും 
ഒന്നാവുന്ന ഒരിടം കാട്ടിത്തരാം.
വൈകുന്നേരം
കുട്ടികൾ സെപ്റ്റിക് ടാങ്കിനു മേലെ നിന്ന് 
പട്ടം പറത്തും..
തൊട്ടപ്പുറത്തെ 
തവിട്ടു പച്ച മലയിലെ
ചാരനിറമുള്ള കൂർമ്പൻ കല്ലുകളിൽ 
അവർ പൊട്ടിത്തളർന്നു വീഴും.
പൊട്ടിയ പട്ടം പുതിയ നൂലിൽ കോർക്കാൻ 
കുട്ടികൾ മല കയറും 
ഞാനും നീയും അത് നോക്കിയിരിക്കും 

ഞാനന്നേരം എന്റെ ഇടം കയ്യെടുക്കും 
നിന്നെ മറന്നു ഒരു വര വരക്കും
വേറെന്തൊക്കെ വരച്ചാലും 
അത് നീയായി മാറുന്നത് കണ്ട് ഞാൻ കുഴയും.
നിന്റെ പാണ്ടക്കണ്ണുകൾ ഏന്തി വലിഞ്ഞു നോക്കും 
മ്മടെ വലതു ഭാഗത്ത് താഴാൻ പോകുന്ന സൂര്യനിലേക്ക് 
ഞാൻ നിന്റെ താടി തിരിച്ചു വെക്കും
താടിയിൽ സൂര്യനെ കൊരുത്ത ഒരു ഫോട്ടോ എടുക്കും--


പെണ്ണേ,
നിനക്കുപോലും എടുക്കാനാകാത്ത 
ഒരു 'സെൽഫി' ആയിരിക്കും അത്!
തിരിച്ചു പോകുമ്പോൾ 
ചായകുടിക്കാം 
കീഴ്പോട്ടു വരകളുള്ള 
പണ്ടു പണ്ടത്തെ ചില്ല് ഗ്ലാസ്സിൽ 
എന്നിട്ട് ഫിലമെന്റിന്റെ നിഴൽ ഊതിയൂതിക്കുടിച്ച
 ഞാനെന്ന കുട്ടിയുടെ കഥ പറയാം 


എന്റെ തല
ഒരു ഇലകൊഴിക്കും മരമാണ്
അതുകൊണ്ട് 
പോകുമ്പോൾ തലയിൽ തൊടുക 

മടുക്കുമ്പോൾ ഞാൻ 
നിന്നിലെക്കും 
നീ 
എന്നിലേക്കും 
മടങ്ങിപ്പോകുക.
പാണ്ടക്കണ്ണുകൾ മഷിയെഴുതിത്തിളപ്പിക്കുക
അത്രയേ ഉള്ളൂ

2014, നവംബർ 19, ബുധനാഴ്‌ച

അപ്പനല്ലാത്ത അപ്പൻ -

അയാളെ അവൾക്ക് "അപ്പാ " എന്ന് വിളിക്കാൻ തോന്നി.
അകത്തെ സ്നേഹത്തിന്റെ കുഴികളിൽ കുളിപ്പിച്ചെടുത്ത്
 അവളിന്നേ വരെ ആരെയും അങ്ങനെ വിളിച്ചിട്ടില്ല.
ഇരുട്ടിൽ കുതിച്ചു പാഞ്ഞു വരുന്ന
ഒരു തീവണ്ടിയുടെ പിന്നിൽ വലിഞ്ഞു കേറി
 അറിയാത്തിടങ്ങളിലേക്ക് പോകണമായിരുന്നിട്ടും ,
ഭൂഖണ്ഡങ്ങളുടെ അപരിചിതത്വവുമായി
മുന്നില് ചിരിച്ചു നില്ക്കുന്ന അപ്പനല്ലാത്ത അപ്പനെ കാത്തുനിന്ന്
അവൾ പോകാൻ വൈകി.
മുടിയിഴകളിൽ പല നേരങ്ങളിലായി വന്നിരുന്ന
ഇലകളും പൂക്കളും പുഴുവും വേണ്ടെന്നു പറഞ്ഞിട്ടും
അവള്ക്ക് കാട് വിട്ടു പോകാൻ തോന്നി.
അപ്പനല്ലാത്ത അയാളെ അപ്പാ എന്ന വിളിക്കണം.
ഇടയ്ക്കിടെ അയാളെ ഓർത്തുകൊണ്ട് മാത്രംനഷ്ടങ്ങളുടെ പുസ്തകം വായിച്ചു...
കണ്പീലികൾ തള്ളിയിട്ട കണ്ണട ചില്ലു പൊടിയായി.
അപ്പനല്ലാത്ത അപ്പൻ
ഏതോ തെരുവിലിരുന്ന് കവിതയെഴുതുന്നുണ്ടെന്നു സങ്കല്പിച്ചു.
അപ്പനല്ലാത്ത അപ്പൻ സ്വന്തം അച്ഛനെപ്പോലല്ല...
ഇഷ്ടമുള്ളവരെയെല്ലാം നല്ലോണം സ്നേഹിക്കാനറിയാം..
അപ്പനല്ലാത്ത അപ്പനും
അവളുടേത്‌ പോലെ അലമ്പ് തലമുടിയും ചോക്ലേറ്റ് നിറവുമാണ്..
അപ്പനല്ലാത്ത അപ്പനും അവളെപ്പോലെ ബസ്സിന്റെ സൈഡ് സീറ്റിലെ ഇരിക്കാറുള്ളൂ...
ഇന്നല്ലെങ്കിൽ നാളെ മരിച്ചു പോയേക്കാവുന്ന അവളും
ഇന്നല്ലെങ്കിൽ നാളെ മരിച്ചു പോയേക്കാവുന്ന അപ്പനല്ലാത്ത അപ്പനും
ഇപ്പഴും ഒന്നും മിണ്ടാതെ രണ്ടിടത്താണ്...

2014, ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

ഞാൻ മഷി.


മൂക്കിനും ചുണ്ടിനുമിടയിൽ 
മീശകണക്കെ
ചുവന്ന മറുകുള്ള മഷിയും 
അവള്ക്ക് വഴിയിൽ കളഞ്ഞു കിട്ടിയ അബീറും
അറുപത്തേഴാം വയസ്സിൽ കടത്തുകാരായി
പിന്നെയും.


അവർക്കു വേണ്ടി
പുഴയ്ക്കുമീതെ പണിയപ്പെട്ട ഉശിരൻപാലങ്ങലെല്ലാം
 ഒന്നിന് പിറകേയൊന്നായി
 ഒച്ചയുണ്ടാക്കാതെ പൊളിഞ്ഞമർന്നു.


കയറുന്നവർക്കെല്ലാം വേണ്ടി
 മഷി ഗസലുകൾ പാടി.
ബാവുൽപ്പാട്ടുകൾ പാടി.
സൂഫിപ്പാട്ടുകൾ പാടി.
നാടൻപാട്ടുകൾ പാടി.
തോണികേറിയ മറുനാടൻ പണിക്കാരെ
പാട്ടുകൊണ്ടൂട്ടി കണ്ണ് നനയിച്ചു.
ഇറങ്ങി നടക്കുമ്പോൾ
അവരവൾക്ക് പത്തുരൂപ അധികം കൊടുത്തു.


അബീർ നീട്ടിത്തുപ്പിയ മുറുക്കാൻ ചോര
പാട്ടിനൊപ്പം പുഴയിലലിഞ്ഞു.
പലകാലങ്ങളിൽ പലപെണ്ണുങ്ങളെ പ്രണയിച്ച കാര്യം
 മീനുകൾ കണ്ടുപിടിച്ചു.
പണ്ടേയറിയാമെന്ന് മഷി പുഞ്ചിരിച്ചു.


മെലിഞ്ഞ പുഴയുടെ ശ്വാസത്തിനെന്നോണം
 ഉണങ്ങിയ വിരലുകൾ പതുക്കെ തുഴയിട്ടു.
പീലി നരച്ച കണ്‍പോളകൾ പിടപിടച്ച്
പുഴയെ നോക്കി നനഞ്ഞു .


സ്നേഹം കണ്ടതിന്റെ വേഗത്തിൽ
പുഴ കണ്ണ് മിഴിച്ചു.
പച്ച അരികുള്ള
കടുംചുവപ്പു സാരിചുറ്റിയ മഷിയെ
 പുഴ ചേര്ത്തു പിടിച്ചു.


പുഴവിരലെല്ലാം
തണുത്തും വാശിപിടിച്ചു വിറങ്ങലിച്ചും കിടന്നു.
ആണ്ടുപോകവേ
പരൽമീനുകൾ
അവളുടെ മീശമറുകിൽ വന്നുമ്മ വെച്ചു.
നേരിയ ജലപാളിക്കുമീതെ -പുഴയുടെ തലയിൽ അബീർ നടക്കുന്നു.
വെള്ളത്തിനു മീതെ നടക്കുന്ന വിദ്യ
 അയാൾക്കറിയുമെന്ന് അന്നേയറിഞ്ഞുള്ളൂ മഷി.
അറിവിന്റെ അടുത്ത നിമിഷം
 പുഴ അയാളെയും വിളിച്ചു.
തണുപ്പിൽ,മീനുകൾക്കൊപ്പം
 കാൽപ്പാദങ്ങൾ കൊരുത്ത്
മഷിയും അബീറും കൈകൾ തുഴയാക്കി.
  *          *          *

പുഴയ്ക്കു മീതെ പാലങ്ങൾ വളർന്നു.
പാലത്തിലൂടെ വണ്ടികൾ,തീവണ്ടികൾ കുതിച്ചു പാഞ്ഞു.
പാലത്തിലൂടെ ശത്രുക്കൾ  വന്നു.
പാലത്തിലൂടെ രാജ്യങ്ങൾ വന്നു .
പുഴ നേർത്തു.


പിന്നീട് മുഖത്തു മറുകുള്ള പെണ്ണുങ്ങളെല്ലാം
ചുവന്ന സാരി ചുറ്റി പുഴയിലെ കടത്തുകാരായി.
പാലങ്ങൾ പഴയ പോലെ പൊളിഞ്ഞമർന്നു.
ഭരണകൂടം തടഞ്ഞു-
പെണ്ണുങ്ങൾ തുഴയരുതെന്ന്-തണുത്തുപോകുമെന്ന്.
പാട്ടുപാടരുതെന്ന്.
സ്വാതന്ത്ര്യത്തെപ്പറ്റി ഒരക്ഷരം ഇനി മിണ്ടിപ്പോകരുതെന്ന്.


വലിയ വലിയ നദികളിൽ
 രാജ്യങ്ങളെ വേറിട്ട് ഒഴുകുന്നവയിൽ,
പിന്നെ മറുകില്ലാത്തവരും കടത്തുകാരായി.
പെണ്ണുങ്ങളും ആണുങ്ങളും-ചുവന്ന,കരിനീലക്കുപ്പായങ്ങളിൽ .


ചാരപ്പണി ചെയ്യാതിരിക്കാൻ
 മന്ത്രി അവരെ രാജ്യസ്നേഹം പഠിപ്പിച്ചു.
രാജ്യഭാഷ പറയുക-അതുമാത്രം പറയുക.
അരാജക വാദികളുണ്ടാകാതിരിക്കാൻ
രാജ്യത്ത് മദ്യം നിരോധിച്ചു .
കഞ്ചാവുതോട്ടങ്ങൾക്കു തീ കൊടുത്തു.
ആ തീ
മലകൾ കടന്ന്
സമതലങ്ങൾ കടന്ന്
പാറിയ കിളികളിലും
അതിര് മുറിച്ചുകടന്ന  കുരങ്ങുകളിലും
 ഇഴഞ്ഞോടിയ  മേഘങ്ങളിലും
കാറ്റിലും
 അപ്പൂപ്പൻതാടികളിലും
 പുക തുന്നിച്ചേർത്തു.


ആ പുകയിൽ
രാജ്യം നിറയെ ഉന്മാദം പടർന്നു.
ആണ് ആണിനെയും
 പെണ്ണ് പെണ്ണിനെയും
 ധൈര്യത്തോടെ തെരുവിലുമ്മ വെച്ചു.
അവരുടെ ജനാലകൾ
കല്ലേറു കൊണ്ട് പൊളിയാതെയായി.


അരക്കെട്ടിലും നെഞ്ചിലും
അനിഷ്ടങ്ങളെഴുതിവെച്ച്
 കവലകളിൽ നഗ്നപ്രതിമകളായി.
അവരുടെ കണ്ണിമകളിലെ പലനിറങ്ങൾ
 പടർന്ന് ചാരത്തെരുവുകൾ പെരുത്തു.
അവരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കപ്പെട്ടു.


പിറ്റേന്ന് അവരെല്ലാം കൊലചെയ്യപ്പെട്ടു
.''എന്തിനും പോന്നവരാണ്..ദ്രോഹമാണ്..."
തമ്മിലൊട്ടിക്കിടന്ന അവരുടെ ഉടുപ്പുകളിൽ
 വിശന്ന ഉറുമ്പുകൾ കയറിയിറങ്ങി.
എല്ലാത്തിനും
ഒരേ പകയുടെ മണമെന്ന് അവർ കണ്ടെത്തി.


കൊലത്തറയിൽ ഒലിച്ചിറങ്ങിയ ചോരയിൽ നിന്ന്
ദ്രോഹികളായ പുഴുക്കൾ മുളച്ചു.


കാണാൻ ഭംഗിയുള്ള ഇരിപ്പിടങ്ങളിലേക്ക്
പുഴുക്കൾ ഇഴഞ്ഞു തുടങ്ങി.


   ബദൗനിൽ നിന്ന്
          ________
മേൽജാതി പീഡിപ്പിച്ചുകൊന്ന
 കീഴ്ജാതിപ്പെണ്‍കുട്ടികൾ
കഴുത്തിൽ കയറോടെ
 വയറ്റിൽ വിറകുകൊള്ളിയോടെ
പുഴുനിരയ്ക്ക് പിന്നിൽ വരിയായി നിന്നു.
അവരിൽ കാലിൽ ചക്രമുള്ളവർ
 പെണ്‍കുട്ടികളെ ചുമലേറ്റി.
മുറിഞ്ഞ യോനികളിൽ നിന്നൊലിച്ച ചോരയിൽ
 പുഴുക്കൾക്ക് വേഗമേറി.
ആണുങ്ങൾ അവിടവിടെ തറച്ച ആണികൾ കൊണ്ട്
 നേരിയ പുഴുത്തൊലി പിളർന്നു.
പക്ഷേ അവര്ക്ക് വേദനിക്കാതായി.
ഉടലാകെ ആണിയുള്ളവരായി .


മഷി പിന്നെയും
പുഴകയറി വരുമെന്നും
പാലങ്ങൾ താനേ പൊളിഞ്ഞമരുമെന്നും
പെണ്‍കുട്ടികൾ പുഴുക്കളോട് പറഞ്ഞു.



ആണിപ്പുഴുക്കൾ
 പുതിയൊരൂർജ്ജത്തിൽ നഗരം വളഞ്ഞു.
ചവിട്ടിയവർക്കെല്ലാം കാൽമുറിഞ്ഞു.
മൂക്കിനുമീതെ
 കണ്തടത്തിലും
കവിളിലും
പൊള്ളലടയാളമുള്ള ,
പൊന്നിടാത്ത ഒരിരുണ്ട പെണ്‍കുട്ടി
വിരൽമുറിയാതെ
 സഞ്ചിയിൽ പത്തിരുപതു പുഴുക്കളെ കുത്തിനിറച്ച്
 വണ്ടികൾക്കിടയിലേക്ക് നടന്നു.

2014, ജൂലൈ 24, വ്യാഴാഴ്‌ച

നടത്തത്തിൽ 
അവളൊരു 
ചത്ത അണലിയെ ചവിട്ടി.
കാൽ മടമ്പ് കൊണ്ട് 
തല ചതഞ്ഞിട്ടും,
കട്ടുറുമ്പുകൾ 
പിന്തുടർന്നിട്ടും 
അവൾ,
കണ്ണുകാണാത്ത അവൾ,
തലമുടി 
ചെവിയോളം വെട്ടിയവൾ 
തനിയേ മുന്നോട്ടു നടന്ന് ,
മഴയിൽ തുടുത്ത 
കോളാമ്പിപ്പൂക്കൾ പൊട്ടിച്ചു.
വെറുപ്പിന്റെ മലനിരകളിൽ 
വെടിയുണ്ടകൾ 
ഏറ്റു തടുത്തു തകർന്ന 
മൂക്കിലേക്ക് പൂക്കളെ അടുപ്പിച്ചു...
ആകാശം ഒന്ന് വിറച്ചു...
മരപ്പോടുകളിൽ നിന്ന് 
പഴകിയ ശവങ്ങൾ 
ജീവൻ വെച്ചെഴുന്നേറ്റു...

2014, മേയ് 5, തിങ്കളാഴ്‌ച

ഇവളാണ് എന്റെ അലമിനാര

  

"you are the queen of anarchy, of madness, of belonging
to no one
Stay that way...........you the sea princess who has loved all men
and loved no one
slept with all men… and slept with no one
you are the Bedouin woman who went with all the tribes....."-Nizar Qabbani, I Have No Power
         വീടിന്റെ, കുടുംബത്തിന്റെ  ഇടുക്കം മനസ്സിലായിക്കഴിഞ്ഞ ഒരു പെണ്ണിന് പിന്നത്തെ ആഗ്രഹം അതിൽ നിന്നും രക്ഷപ്പെടുക എന്നതാണ്. ഒരിക്കൽ രക്ഷപ്പെട്ടു കഴിഞ്ഞാൽ,കാൽമടമ്പിലും കൈത്തണ്ടയിലുമൊക്കെ മുറിവുണ്ടാക്കിയുരഞ്ഞ ചങ്ങലകൾ പൊട്ടിപ്പോയി എന്നറിഞ്ഞാൽ കെട്ടുപാടുകളുടെ ചടപ്പിലേക്ക് അവൾക്ക് പിന്നെയും പോകാൻ തോന്നുകയില്ല.നഗരത്തിലെ തിരക്കേറിയ റോഡ്‌ ഡിവൈഡറിലെ പച്ചപ്പുല്ലിൽ മലർന്നുകിടന്നുറങ്ങി,വണ്ടിയൊച്ചകളും വെയിലും കൊണ്ട് ഞെട്ടിയെണീക്കൽ കണക്കെ ഒരിക്കൽ ആരൊക്കെയോ കെട്ടിയിട്ട തിളപ്പിനെ പതഞ്ഞു മറിയാൻ വിട്ട്കാത്തിരിക്കുന്ന കാഴ്ചകളിലേക്ക്,സങ്കടങ്ങളുടെ തെരുവുകളിലേക്ക് അവൾ നടന്നുപോവും.അലമിനാര എന്ന വായിൽത്തോന്നിയ,മുമ്പേ ഒരു അർത്ഥമില്ലാത്ത പേരിന്റെ വരവ് ഈ ആലോചനയിൽ നിന്നാണ്.വീടില്ലായ്മയുടെ.വേരില്ലായ്മയുടെ.(കഥയിൽ അലമിനാര ലോകം മുഴുവൻ കണ്ടവളാണ്...പല നാടുകളിൽ അവള്ക്ക് ഇഷ്ടമില്ലാതെ പ്രസവിക്കേണ്ടി വന്നിട്ടുണ്ട്.) 
   മുമ്പൊരിക്കൽ ഒരു രാത്രിയിരിപ്പ് കൂട്ടായ്മയിൽ ആളനക്കമില്ലാത്ത തെരുവിൽ,ആശുപത്രിക്കാന്റീനിൽ ഒക്കെ അന്നേരം കണ്ട ആളുകള്ക്കൊപ്പം രാത്രി നടന്നത് ഓർത്തു.ഇപ്പോൾ രാത്രിയുടെ ആഘോഷമാണ്. പക്ഷെ ഒരു കടൽത്തീരം പോലും ഒരുവൾക്ക്,അവളുടെ ഉമ്മകൾക്ക് പറഞ്ഞിട്ടുള്ളതല്ലെങ്കിൽ ഈ ലോകം എങ്ങനെയാണ് അവളുടെ ഉണർച്ചകളെയും ആവേശങ്ങളെയും കലമ്പലുകളെയും അട്ടഹാസങ്ങളെയും നേരിടാൻ പോകുന്നത് ?

                                                  *              *               *
    താനേ വളര്ന്ന ഒരു മരത്തിന്റെയും  നന്നായി നട്ട്,നനച്ച് വളം തിന്നു വളർന്ന ഒരു മരത്തിന്റെയും കാഴ്ച രണ്ടായിരിക്കും.ആദ്യത്തേത് ഉയിരുതേടി,നീര് തേടി ആണ്ടുപോയി ശീലിച്ചതാണ്.മണ്ണിരകളോടും കിളികളോടും അതിനു സ്നേഹം ഒരുപോലെയാവും.ഞാൻ നട്ടുനനക്കപ്പെട്ട മരമല്ല.എന്റെ കൂടെയുള്ള പലരും അങ്ങനെയല്ല.ആരോ കത്തിച്ച വിളക്ക് കെട്ടുപോയ വഴിയിലൂടെ ഒറ്റയ്ക്ക് നടന്നു വലുതായത്.അതിനു" പെണ്ണാണ്,പെണ്ണാണ് നീ " എന്നുരുവിടാതെ നോക്കി നിന്ന അമ്മയാണ് കാരണം.പോകേണ്ടിടത്തെക്കെല്ലാം ഒരു ചിരികൊണ്ട്  സമ്മതം തരൽ.ഞാൻ കാണാത്ത തെരുവുകൾ ഇവൾ സ്വന്തമാക്കട്ടെ,ഞാൻ കേൾക്കാത്ത ഒച്ചകൾ,കാണാത്ത കാഴ്ചകൾ  ഒക്കെ ഇവളുടെതാകട്ടെ എന്ന സഹൃദയ.എന്നെ പിടിച്ചു കെട്ടി പൊട്ടിയാക്കാതെ പുസ്തകങ്ങൾക്കും ലോകത്തിനും വിട്ടുകൊടുത്തവൾ!
                                                
     ഓരോ മനുഷ്യന്റെയും ഉള്ളിലുള്ള നാടോടി (nomad)യുടെ കൊതി മറ്റെല്ലാത്തിനെയും മൂടിക്കളയാൻ മാത്രം വലുതായിരിക്കും.അത് പൂർത്തീകരിക്കാൻ  ഏതെങ്കിലും തരത്തിൽ കഴിവുള്ള ഒരാളെയോ ഒരു കാരണത്തെയോ കണ്ടെത്തിക്കഴിഞ്ഞാൽ  അതിനെ വിട്ടുപോവുക അല്ലെങ്കിൽ ഉപേക്ഷിക്കുക എളുപ്പവുമല്ല. ഹൈവേ പറയുന്നത് അങ്ങനെയൊരു കാരണത്തിന്റെ കഥയാണ്.അവളെപ്പോലൊരു പെണ്‍കുട്ടിക്ക് വീട്ടുമതിൽ കടന്നു,രാത്രി കടന്ന്  തുറവിന്റെ ഹൈവേയിലേക്ക് ഒരുപാട് ദൂരമുണ്ട്. അവൾ ലോകത്തിന്റെ പലമയെപ്പറ്റി ഒരിക്കലെങ്കിലും ആലോചിച്ചിടട്ടില്ലെങ്കിൽ ദൂരം പിന്നെയും കൂടും.നിശ്ചലത വെറുപ്പിക്കും.ഒരിടത്ത് മുളച്ച്,വളര്ന്നു പടര്ന്നു പന്തലിച്ച്,വരണ്ട്, ചില്ലകളായി അടര്ന്നു പൊടിഞ്ഞ്,വേര് മുറിഞ്ഞു മണ്ണായിത്തീരുന്ന ഒരു മരത്തിന്റെ നിശ്ചലത . തോട്ടുപാഞ്ഞു കടന്നു പോകുന്ന നീലത്തീവണ്ടിയിലെ ആളുകളോട് അസൂയ,അതിന്റെ പലനാടുകളുടെ മണം ആഞ്ഞു ശ്വസിച്ച്,ഇലകളിൽ നിറച്ച്,ഒരു വട്ടമെങ്കിലും അത് പൊട്ടിക്കരയും.




                                                
  തടവിൽ സ്വതന്ത്രയായിരിക്കുക എന്ന അവസ്ഥ,അതും തടവ് തുറന്ന തടവാകുമ്പോൾ,തടവ് ചലിക്കുന്ന തടവാകുമ്പോൾ, തടവ് അന്നേ വരെയില്ലാത്ത ജീവിതാവസ്ഥയാകുമ്പോൾ അവള്ക്ക് തിരിച്ചുപോക്ക് നരകമാണ്. ഏതെങ്കിലും ഒരു കള്ളിയിൽ പെടുത്താനൊക്കാത്ത ഒരു ബന്ധം അങ്ങനെ ഉണ്ടാവുകയും അതിന്റെ പലതലങ്ങളിൽ അവർ അവരെ കണ്ടെത്തുകയും  ചെയ്യുന്നു. ഒടുവിൽ താഴ്‌വരയിൽ അവളുടെ സ്വാതന്ത്ര്യത്തിന്റെ പ്രത്യക്ഷമായ കാരണം വെടിയേറ്റ്‌ മരിക്കുകയും പിന്നെയും  അവൾ വീടിന്റെ ഇരുട്ടിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയും ചെയ്യുന്നു.എല്ലാ പെണ്‍കുട്ടികളും എപ്പോഴെങ്കിലുമൊക്കെ ചോദിച്ചിരിക്കാവുന്ന ഒരു ചോദ്യം അവൾ അവരോടു ചോദിക്കുന്നു,പെണ്‍കുട്ടിയെ വീട്ടിലടച്ചിടുന്നത് എന്തിനാണ് ? വീട് എന്താണ് അവൾക്ക് കൊടുക്കുന്നത്? വീട്ടിലും അപകടമില്ലേ ? എന്ന്. സത്യം പറയുന്നവളെ ഭ്രാന്തി എന്ന് കുറ്റപ്പെടുത്തി ഇറങ്ങിപ്പോക്ക്.ഇതൊക്കെയാണ് വീട്.കുടുംബം.കുട്ടിയെപ്പോലും വെറും വസ്തുവായി നോക്കുന്നവർ വീട്ടിൽത്തന്നെയുണ്ടാകുമ്പോൾ പുറമെയുള്ള എല്ലാം നിഷേധിച്ച് അവളെ വീട്ടില് തളയ്ക്കുന്നതിന്റെ അർത്ഥമെന്താണ് ? വീട് ജയിലാണെന്ന്.അന്നേ  അലറാത്ത അലർച്ചകൾ പുറത്തിട്ട് ബുദ്ധനെ ഓർമ്മിപ്പിച്ച് അവൾ വീടുവിട്ടു.


    
                                                

 ഉടലിന് അതിന്റെ സ്വാതന്ത്ര്യങ്ങൾ അനുവദിക്കുന്ന ഉടുപ്പുകളിൽ നിന്ന് അങ്ങനെ അല്ലാത്തവയിലേക്ക്‌ അവളെ പിടിച്ചുകെട്ടുന്നുണ്ടെങ്കിലും മഹാബീർ എന്ന അലച്ചിലിൽ വീര  ഒട്ടിനില്ക്കുന്നു. എത്ര പറിച്ചു കളഞ്ഞിട്ടും പോകാതെ.അവൾ അവനുവേണ്ടി ഭക്ഷണമുണ്ടാക്കി,അഴിഞ്ഞാടി തുടങ്ങിയ നിലവാരമില്ലാത്ത വിമര്ശനങ്ങളെ മറക്കാം.
അവളും അയാളും gender ഇല്ലാത്ത രണ്ടു 'മനുഷ്യർ' മാത്രമാണെന്ന് വെക്കാം.ഒറ്റപ്പെടലുകളുടെ ഉപ്പുപാത്രം കണക്കെ അയാളും ധാരളിത്തത്തിന്റെ നിർവികാരതയിൽ നിന്ന് അവളും.ജീവനില്ലായ്മയിൽ നിന്ന്,മറ്റൊരു ജീവിയുടെ ഒറ്റപ്പെടലിന്റെ ഉത്തരമായി പരിണമിക്കുമ്പോൾ അവള്ക്ക് ചിറകുകളുണ്ടാകുന്നു.അതാണ്‌ ഹൈവേ തരുന്ന ഉത്തരം . ഇടുക്കങ്ങളിൽ വീണ അവളുടെ കണ്ണീരും വിയര്പ്പും ചോരയുമെല്ലാം വലിയൊരു സത്യത്തിലേക്കുള്ള അടയാളങ്ങളാകുന്നു.



         ഒരാൾ ഇരട്ടിക്കുമ്പോൾ ലോകം ഒന്ന് അനങ്ങിയിരിക്കും. ഒരാൾ ഇരട്ടിക്കുന്നതിനെ ലോകത്തിനു പേടിയാണ്: വിപ്ലവത്തെയും പ്രണയത്തെയും ലോകം പേടിക്കാൻ കാരണമതാണ്. വീടുപേക്ഷിക്കുന്ന പെണ്ണിനെ,വീടെന്ന രാവണൻ കോട്ടയിൽനിന്നു പുറത്തേക്ക് വഴി കണ്ടെത്തുന്ന പെണ്ണിന് ഒറ്റ നിമിഷം കൊണ്ട് ഇരട്ടിക്കാനുള്ള ശക്തിയുണ്ട്.അവസാനം തനിയെ ഒറ്റയല്ലാതാവുന്ന വീര പറയുന്നത് dare to break away എന്ന്....ഇംത്യാസിന്റെ പതിനഞ്ചു വയസ്സുള്ള കഥയിൽ നിന്ന് ഒടുവിൽ വീരയും മഹാബീറും ഉണ്ടായി.പെരുവഴി എന്ന വാക്കിനു പുതിയ അർത്ഥമുണ്ടായി...ഒരിക്കൽ പ്രസീദ്ധീകരിക്കാത്ത കഥയെപ്പറ്റി മുരളിമാഷ്‌ പറഞ്ഞപോലെ,"അതിന്റെ നേരായീന്ന് എഡിറ്റർക്ക് തോന്നിക്കാണില്ല"..ഹൈവേയുടെ നേരം ഇതാണ്.ഈ പെരുവഴിയിൽ നിന്ന് ഇനിയും കഥകളുണ്ടാകും.ഒരു പുതിയ അലമിനാര ഉണ്ടാകും.


ബാക്കി:'ഹൈവേ'യെപ്പറ്റി പറഞ്ഞു കൊണ്ട് ഒരു പുതിയ കൂട്ട് കിട്ടിയിട്ടുണ്ട്,ഇരുന്നാൽ പണികിട്ടും എന്ന് ഉറച്ചു വിശ്വസിക്കുന്ന...

2014, ഏപ്രിൽ 17, വ്യാഴാഴ്‌ച

എനിക്കയാളെ  പിന്തുടരണം...
അയാളിനി പോകാനിരിക്കുന്ന
 മഴ നിലക്കാത്ത നാടുകളും
പ്രണയിച്ചു മരിക്കാത്ത ആളുകളും
 കെട്ടുകഥകൾ കൊണ്ട്
സങ്കടം പറയുന്ന വിരുതും...എല്ലാം എനിക്ക് വേണം....
അയാളുടെ മുടിയിഴകൾ കത്തിയ ചാരം കൊണ്ട്
 ആകാശം നരച്ച്, മേഘം കനത്ത് മഴ പെയ്യും...
അയാളുടെ പൊട്ടിച്ചിരിയിൽ
നീതികെട്ട ഭരണകൂടങ്ങൾ വിറയ്ക്കും,അടിതെറ്റി വീഴും.
വീഴട്ടെ!
അയാളുടെ നോട്ടത്തിൽ,
അയാളുടെ കണ്പീളികൾ
 വെയില് കൊണ്ട് പൊള്ളിയവർക്ക്
 തണലാവുകയും ചെയ്യും...
തീർച്ചയായും എനിക്കയാളെ പിന്തുടരണം:
മറ്റൊരുടുപ്പിൽ..മറ്റൊരു രൂപത്തിൽ .

2014, ഏപ്രിൽ 2, ബുധനാഴ്‌ച

ചാരപ്പാവ...ചെമ്പനുടുപ്പ്

ചില നേരങ്ങളിൽ ഭ്രാന്തിയുടെ ഓർമ്മ 
കാമുകിമാരെക്കൊണ്ട് നിറയും.

പൂക്കൊട്ടകളുമായി അവർക്കൊപ്പം 
പൂതേടി നടന്ന കുന്നിന്റെ ചെരിവുകൾ 
മനസ്സിൽ കുട്ടിപ്പൂച്ചകളെപ്പോലെ 
നിരന്നു നിൽക്കും.

ചാരനിറമുള്ള ക്യാൻവാസിൽ 
അവളുടെ ചെമ്പുള്ളിയുടുപ്പ് വല്ലാതെയിളകി.

സ്കൂൾ യാത്രകളിൽ സൂര്യനും പുഴുവും കളിച്ച 
പുൽക്കാടുകൾ 
കൈത്തണ്ടകളിൽ തലോടിക്കൊണ്ടിരിക്കും......

കളിയായി കുറുകെക്കിടന്ന തീവണ്ടിപ്പാതയുടെ 
തിളങ്ങുന്ന ചൂട് നട്ടെല്ല് പൊള്ളിക്കും.

ഒന്ന് നെടുവീർപ്പിടാൻ പോലുമാകാതെ അവൾ 
കണ്ണുകൾ അമർത്തിച്ചിമ്മും .

പോകാത്ത ക്ലാസുകളിലെ ഒരിക്കലും തീരാത്ത 
പകർത്തിയെഴുത്തു പരിപാടിക്ക് 
അവളെപ്പോഴും ലിൻഡാ തോമസിനെ ഓർമ്മിച്ചു.

അവളുടെ 
ചുണ്ടിന്റെയും കവിളിന്റെയും നിറം 
വേർതിരിക്കൽ എളുപ്പമല്ലായിരുന്നെന്നും ...

കോളേജിലെ ഒന്നാം ദിവസം 
'പിറക്കാത്ത മകന് 'തൊണ്ട പൊട്ടിച്ചൊല്ലിയവളെ 
അന്നുതന്നെ കൂട്ടാക്കി,ആകാശത്തെ 
ചെറിയ കളിമണ്‍വീട്ടിൽ,
പുസ്തകച്ചുമരിൽ  പച്ചയായി തൂക്കിയിട്ടു.

വിലക്കപ്പെട്ട ഓരോ വിളിയിലും ഭ്രാന്തി 
ഒച്ചയുണ്ടാക്കാതെ കരഞ്ഞു -
പോകരുതെന്ന്‌ ആരൊക്കെയോ തടഞ്ഞു.

മുറിവുകൊണ്ട ചുണ്ടുകളെ സ്നേഹിക്കാൻ 
മുറിവുകൊണ്ട ചുണ്ടുകൾക്കേ പറ്റൂ എന്ന് അവളെപ്പോലെ 
അവര്ക്കാര്ക്കും അറിയില്ലായിരുന്നു.


പറ്റാവുന്നത്രയും കറവീണ,ചിതല് തിന്ന 
തലച്ചോറിനെ 
ഏതുകടലിൽ കളയാൻ പറ്റുമെന്ന് 
ഇനി കണ്ടു പിടിക്കണം.

2014, മാർച്ച് 29, ശനിയാഴ്‌ച

അമ്മമ്മ അവസാനം വായിച്ച നോവൽ 
ആടുജീവിതമായിരുന്നു.
ആദ്യം വായിച്ചതേതെന്നു ചോദിക്കാൻ മറന്നുപോയി;
അവളാണെങ്കിൽ മരിച്ചും പോയി.


വയ്യെങ്കിലും 
കയ്യിൽ കിട്ടിയ പച്ചക്കറികളൊക്കെയരിഞ്ഞ്‌ 
ഓലനുണ്ടാക്കി അത്ഭുതപ്പെടുത്തണ്ട ഇനിയും-
മൂക്കിൽക്കുഴലും പച്ച മന്ത്രവാദിനിക്കുപ്പായവുമില്ലാതെ 
ആ അത്യാഹിത മുറിയിലേക്ക് 
ഒന്നുകൂടി വരാമോ ?
ആരുമറിയണ്ട-
ഒരു ആരുമറിയാക്കാണൽ.


ഒടുവിലത്തെ ഉമ്മയുടെ നനവുള്ള 
നെറ്റി വിയർത്ത്,
രാപ്പകലില്ലാതെ 
തിരക്കുപിടിച്ച നഗരത്തിന്റെ 
ചാരത്തെരുവുകളിലൂടെ 
മറന്നുപോയ  ചിലത് 
ചോദിക്കാനും പറയാനും 
നമുക്ക് കൈ പിടിച്ചു നടക്കാം 

2014, മാർച്ച് 23, ഞായറാഴ്‌ച

സന്ധ്യയ്ക്ക് കൊത്തിപ്പെറുക്കുന്ന മയിലുകൾക്കിടയിൽ നിന്നു ചുംബിക്കുന്ന രണ്ടുപേർക്കു മുകളിലൂടെ ഏതുനേരവും തകർന്നു താഴെവീണില്ലാതായേക്കാവുന്ന ഒരു വിമാനം പോകുന്നു.ഒരുപക്ഷെ ഏതുനേരവും ഇല്ലാതായേക്കുന്ന ഒന്നിലാവുന്നതിനേക്കാൾ അപകടമാണ്,ക്രൂരമാണ് ഈ ഉമ്മവെക്കൽ.മറ്റെന്തൊക്കെയോ ചെയ്യേണ്ട നേരത്ത് രണ്ടുപേർ തങ്ങളിൽത്തങ്ങളിൽ !!

2014, മാർച്ച് 17, തിങ്കളാഴ്‌ച

എന്റെ കവിതയെ നീ ഉപ്പിലിട്ടു വെക്കുക.നിന്റെ ചിത്രങ്ങളെ ഞാനും.

ഉടലിന്റെ ഉയിർപ്പുകളിൽ നിന്ന്
 മഷിയൂറ്റി ഞാനെഴുതും.
ഒഴുക്കിനെതിരെ കുതിച്ചു നീന്തുന്ന
 മീനുകളെപ്പോലെ നമുക്ക് പോകണം-
കാരണം  നമ്മൾ വേരുകളില്ലാത്തവർ.

വേരുനൂലിൽ കെട്ടി ആകാശത്തേക്ക് തുറന്നുവിട്ട,
ആയിരം ശാഖകളുള്ള മരമാവും നീയും ഞാനും.
ഇലകളിലാകെയും നമ്മൾ.എന്റെയും നിന്റെയും  പേര്,
നീ പറഞ്ഞ വാക്കുകൾ.
നിന്റെ ഉമ്മക്കറ പുരണ്ട ചുണ്ടുകളിൽ 
ചായം തേക്കാൻ വരുന്നവരെയെല്ലാം ഞാൻ കൊല്ലും.
നിറമില്ലാത്ത  ജീവിതം ജീവിക്കാൻ 
ആരെയൊക്കെയോ പഠിപ്പിക്കാനുള്ളതു കൊണ്ട്,
ഇടുങ്ങിയ കെട്ടിടങ്ങളുടെ കോണിപ്പടികളിൽ 
ഇടം തെറ്റി വീണ അടിയുടുപ്പ് കണക്കെ 
അനാഥമായിപ്പോയ ഓർമകളെ 
കാൽമടമ്പു കൊണ്ട് ചവിട്ടിയരച്ച് 
നമുക്ക് പോകാം.

2014, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

".... അടിയന്തരാവസ്ഥയുടെ സങ്കടം പാടിക്കൊണ്ടിരിക്കുന്ന എഴുപതുകളുടെ രാജാക്കന്മാരോട് നീ ഇന്നത്തെ നമ്മുടെ കലാപങ്ങളെപ്പറ്റി പറയൂ... അന്നുണ്ടായ അത്രയും,ചിലപ്പോ അതിലേക്കാലേറെ ഇന്ന് ആവലാതികലുണ്ട് നമുക്ക്...ഏറ്റവും നന്നായി സങ്കടമെഴുതാൻ റിയലിസത്തേക്കാളും എനിക്കിഷ്ടാണ് മാജിക്കൽ റിയലിസം ...."

അവിടെ ആയിരം കൈകളുള്ള പെണ്‍കുട്ടിക്ക് ഒറ്റയ്ക്ക് ഒരാണിനെ നേരിടാം..എനിക്കും നിനക്കും ഏതു രാത്രിയിലും ഒന്നിച്ചിരിക്കാവുന്ന കടൽത്തീരം സ്വപ്നം കാണാം...ഒരു കുഞ്ഞി മഷിത്തണ്ട് കൊണ്ട് ആളുകൾ തീർച്ചയായും മറക്കേണ്ടിയിരിക്കുന്ന നരഭോജികളുടെ പേര് മായ്ച്ചു കളയാം...

2014, ഫെബ്രുവരി 8, ശനിയാഴ്‌ച

കണ്ടോ കാരിരുമ്പിൽ പൊതിഞ്ഞ ഒരു വായുഗോളം ? അതെന്റെ തടവറ. എന്റെ തുപ്പലിൽ എനിക്ക് വേണ്ടാത്ത രുചികൾ കലങ്ങി, എന്റെ ചോരയിൽ എന്റെ സ്വപ്നത്തിന്റെ ശവം മലർന്നു കിടക്കുന്നു. എനിക്കിനി ഒരു പുലരിയേ ഉള്ളൂ. അന്ന് ഞാൻ ചുവന്ന ചെമ്പരത്തികൾ കടിച്ചു തിന്നും , ഒന്നും വേണ്ടാത്ത എന്നെ നിർബന്ധിച്ചു തീറ്റിച്ച അരുചികൾ ഇതളുകൾ വടിച്ചെടുക്കട്ടെ. ഞാനന്ന് ചിരിക്കും. അതിൽ എല്ലാ വെടിയുണ്ടകളും പൊടിഞ്ഞു പോവും. എന്റെ മനുഷ്യർക്കെതിരായ എല്ലാ കടലാസുകളും അക്ഷരങ്ങളും അപ്രത്യക്ഷമാവും.

അവസാനത്തിന്റെ നിറം

3 November 2013 at 01:32
    ലോകമവസാനിക്കാൻ പോവുന്നതിന്റെ തലേ ദിവസം ഭൂമിയാകെ വിളറി.ഒരു പെണ്ണും ഒരാണുമൊഴികെ ബാക്കിയെല്ലാവരും അന്ധരായി. മറ്റാരും തങ്ങളെ കാണുന്നില്ലെന്ന് മനസ്സിലായ ശേഷം അവർ ഉടുപ്പുകൾ ഊരിക്കളഞ്ഞു.അവസാനത്തിന്റെ ചൂട് അതിഭീകരമായിരുന്നു.അന്ധരായവരും ഉടുപ്പുകൾ കീറിക്കളഞ്ഞു തുടങ്ങി . ജലദോഷം കൊണ്ടും തുമ്മൽ കൊണ്ടും അവശമായത് പോലെ അവരുടെ മുഖം വിങ്ങി വീർത്തു തുടങ്ങിയിരുന്നു.അവൾക്ക് കാലുകളും അയാൾക്ക് തലയും തണുത്തു...അയാളുടെ ചുരുണ്ട മുടിക്കൂട്ടങ്ങൾ വേർപെടുകയും ഓരോന്നും കൊഴിഞ്ഞുവീഴാനും തുടങ്ങി. തണുത്തു മരവിച്ച കാലിലേക്ക് കടും നീല നിറമുള്ള കമ്പിളിക്കാലുറ വലിച്ചു കേറ്റിക്കൊണ്ട് അവൾ ചുറ്റുംനോക്കി . നിറങ്ങൾ കാണാനില്ല. അയാൾ മഴയെക്കുറിച്ച് ആലോചിക്കുകയായിരുന്നു,ഓരോ മഴയും ഏറ്റുകുടിച്ച്,അതിൻറെ ഉന്മാദത്തിൽ വരച്ചു തീർത്ത ചിത്രങ്ങൾ  തലയിൽ  ഓടി നടക്കാൻ തുടങ്ങി...വിളർത്ത പാറകള്ക്കിടയിലെക്ക് അവൾ പതുക്കെ നടന്നു . അയാളവളെ വിളിക്കാൻ തുടങ്ങി.
പക്ഷെ പേര് മറന്നുപോയി.കടുംനീല നിറമുള്ള കാലുറയും അദൃശ്യമായി. തിരിച്ചു വന്നപ്പോൾ അവളുടെ കയ്യിൽ നിറങ്ങളുണ്ടായിരുന്നു .അവളുടെ പാവാടയും അയാളുടെ ഉടുപ്പും കൂട്ടിക്കെട്ടി നിറംകെട്ട രണ്ടു മരങ്ങളിൽ കൂട്ടിക്കെട്ടി ...നിറം കെട്ട ഇലകളുടെ നിഴൽ അവരുടെ ഇരുണ്ട തൊലിയിൽ പതിച്ചു .
    നിറങ്ങളെ അവർ ആണ്‍ നിറമെന്നും പെണ് നിറമെന്നും വേർതിരിച്ചു .
    ഭൂമി ഒന്ന് അനങ്ങിയിരുന്നു.
എന്നത്തെയും  പോലെ അവൾ കറുത്ത മുഖങ്ങളും ചുവന്ന ഉടുപ്പുമിട്ട,എണ്ണമില്ലാത്ത തലകൾ പേറുന്ന പെണ്ണിനെ വരച്ചു.
അവൾക്കു ചുറ്റിലും പെണ്‍ നിറം കൊണ്ട് നൂലുറപ്പുള്ള പട്ടം പോലും കുടുങ്ങിച്ചത്ത മരച്ചില്ലകൾ വരച്ചു.
എല്ലാ കറുപ്പിനും ചുവപ്പിനും പെണ്‍ നിറ ത്തിനും ശേഷം ഒരു നക്ഷത്രം വരക്കാൻ മറന്നുപോയി. ഇടത്തെ കൈപ്പത്തിയിലെ നിറമില്ലാത്ത നക്ഷത്രം ഇലകൾ കൊണ്ട് പറിച്ചെടുത്ത് അവൾ അതിലൊട്ടിച്ചു  വെച്ചു."ഇത് എന്റെ അടയാളം"എന്ന് അവൾ പറഞ്ഞതു കേട്ട് വിറച്ച് വിറച്ചാണെങ്കിലും അയാൾ  ഉറക്കെ പറഞ്ഞു:" ഞാൻ ആകെത്തന്നെ ഒരടയാളമായിരുന്നു, ഉന്മാദത്തിന്റെ,വേദനയുടെ .. ഞാൻ വരക്കാം...എന്റെ ഒടുവിലത്തെ ചിത്രം .അതിൽ നീ പറയുന്ന പോലെ ഞാനെന്റെ അടയാളം പതിപ്പിക്കും
..ആണ്‍ നിറം കൊണ്ട്."
ഭൂമി ഒന്നുകൂടി അനങ്ങിയിരുന്നു.
ഇത്തവണ ശക്തി കൂടുതലായിരുന്നു.
മേഘങ്ങൾ വെളുപ്പും നീലയുമല്ലാതെ ചില്ലുപൊടി കണക്കെ ഉതിർന്നു തുടങ്ങി.അവളുടെ കണ്‍പോളകൾ മുറിഞ്ഞു...ചോര കവിളുകളിലൂടെ നിറമില്ലാതെ ഒഴുകി.അതുകൊണ്ട് അയാൾക്ക്‌ മുറിഞ്ഞത് അവളോ ,അവള്ക്ക് മുറിഞ്ഞത് അയാളോ കണ്ടില്ല.പിന്നെ വലിയ വലിയ മേഘക്കഷ്ണങ്ങൾ വീണു തുടങ്ങി.അയാളുടെയും അവളുടെയും ഉടുപ്പുകൾ കൊണ്ടുണ്ടാക്കിയ കാൻവാസ് കീറി...അവസാനത്തിലേക്ക് ഇനി മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ എന്ന് അവൾ അയാളെ ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു...ആകപ്പാടെ കീറിമുറിഞ്ഞ മുഖങ്ങളിൽ അവർ ഉമിനീരു കൊണ്ട് ചിത്രങ്ങൾ വരച്ചു.
നിറമില്ലാത്ത ചോരയും നിറമില്ലാത്ത ഉമിനീരും ചേർന്നപ്പോൾ പുതിയൊരു നിറ മുണ്ടായി. മുറിഞ്ഞ മുഖത്തെ ഉമ്മകൾ എന്നാൽ പഴകിത്തീരാത്ത,എന്നാൽ ഒടുങ്ങാൻ പോകുന്ന ഒരു ലോകത്ത് പിറക്കുന്ന കുഞ്ഞിനെപ്പോലെയാണെന്ന് അയാളോർമ്മിച്ചു.
കീറിയ കാൻവാസിൽ അയാൾ ആണ്‍ നിറം വാരിത്തെക്കാൻ തുടങ്ങി...അയാൾ ആൾക്കൂട്ടം വരച്ചു..
ആണും പെണ്ണുമുള്ള  ആൾക്കൂട്ടം.അതിൽ അവളുടെ മുഖം കൂടി വരച്ചു വെച്ചു. അവസാനത്തിനു ഒരു മണിക്കൂർ മുമ്പ്‌ ,അയാളുടെ മുഖത്തെ ഉമിനീരും നിറമില്ലാത്ത ചോരയും ഉണ്ടാക്കിയ പുതിയ നിറം കൊണ്ട് അവൾ പിന്നെ വേറൊരു ചിത്രം വരയ്ക്കാൻ തുടങ്ങി; അത് പെണ് നിറമോ ആണ്‍ നിറമോ അല്ലായിരുന്നു.

" ഞാനെഴുത്തു നിർത്തുകയാണ്; മറ്റെങ്ങനെയും മരിക്കാൻ വയ്യാത്തതുകൊണ്ട്."

6 January 2014 at 00:08
             മുൻപെന്നോ  എഴുതി  മറന്ന  ഒരു  കഥയിലെ   വരികൾ  കണക്കെ  ഞാൻ  അഷിതയുടെ  ജീവിതം  വായിച്ചു-" ഞാനെഴുത്തു നിർത്തുകയാണ്; മറ്റെങ്ങനെയും മരിക്കാൻ വയ്യാത്തതുകൊണ്ട്." അത്  തന്നെയായിരുന്നു  അഷിതയും  പറഞ്ഞത്. അഷിതയുടെ  ഒരൊറ്റ  കഥ  മാത്രമേ  അതുവരെ  വായിച്ചിട്ടുള്ളൂ.  ഒരുപക്ഷെ  ,എഴുതുന്ന  ഏതൊരാളും  ചെന്നു പെട്ടേക്കാവുന്ന  വിഷമാവസ്ഥയാണത്. ഒന്നും  ചെയ്യാൻ  പറ്റാതാവുക.പിന്നീട് ഒരിലയനക്കം പോലും നെറ്റിചുളിപ്പിക്കും വിധത്തിലേക്ക് അസ്വസ്ഥത വളരുകയും,മരണം കൊണ്ട് അസാന്നിധ്യത്തെ അടയാളപ്പെടുത്തുന്നതിനു പകരം അസാന്നിദ്ധ്യം കൊണ്ട് മരണം പോലൊന്ന് ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നു . 
     എന്നാൽ എല്ലായ്പ്പോഴും വരിഞ്ഞുമുറുകി നില്ക്കുന്ന ,ചുവപ്പ് കുത്തിക്കിതച്ചൊഴുകുന്ന എഴുത്തിന്റെ  ഞരമ്പ്   മഞ്ഞത്ത് നഗ്നയായി  പകലാകെ  നിന്ന് കണ്ടെത്തി,ഒറ്റയ്ക്കൊരു മുറിയിലിരുന്ന്, അതിന്റെ  എല്ലാ  തുറവുകളും കൊട്ടിയടച്ച്,ആ  ഞരമ്പിനെ  കണ്പീലി  കൊണ്ട് പിഴുതെടുക്കുകയും  ചെയ്യുന്ന  ഒരു  ഭ്രാന്തിയായ എഴുത്തുകാരിയെ ഞാൻ എന്തിനാണ് ഉണ്ടാക്കിയത് ? അവളുടെ  ഭയത്തെ  ആയിരം  മുൾച്ചില്ലകളുള്ള, ഒരില  പോലും  തളിര്ക്കാത്ത നിരാശയുടെ  മരമായി ഞാൻ  എന്തിനായിരുന്നു വരച്ചിട്ടത് ? അല്ലെങ്കിൽ  എഴുതിയത് എന്തിനാണ് അപ്പാടെ  മറന്നു കളഞ്ഞത് ?  ഭയം കൊണ്ട്. ഭയം കൊണ്ട് മാത്രം.പിന്നെയും പിന്നെയും  വായിച്ചപ്പോൾ  അതെന്നെ വിഴുങ്ങിയെക്കുമെന്നു പേടിച്ച്.ആത്മപ്രകാശനത്തിനും അപ്പുറത്ത് എന്തൊക്കെയോ ആണ് എനിക്കെഴുത്ത്(ഒരിക്കൽ,ഇങ്ങനെ ഉപകാരമില്ലാത്ത കഥയെഴുത്ത് നിർത്തി വേറെ വല്ലതും ചെയ്താലെന്താ എന്ന് ചോദിച്ചൊരാളോടു സഹതാപം മാത്രം.).സ്വന്തം  പ്രണയം കണക്കെ നഷ്ടപ്പെടാനാഗ്രഹിക്കാത്ത  ഒന്ന് .എന്നാൽ എഴുതിയവയിൽ ഏറ്റവും പൊട്ടക്കഥയായി അതിനെ തള്ളി,2012ന്റെ ഏതോ ഒരു ഡയറിക്കകത്ത് അതിനെ മായ്ച്ചു കളഞ്ഞു.
    ഹൈദരാബാദിലേക്കുള്ള  തീവണ്ടിയിൽ, ഒരു  നിരാശ  മറ്റൊരു  വലിയ  നിരാശയെ  നിശബ്ദം വിങ്ങലോടെ  കണ്ടു. വായിച്ചു. കേട്ടു. നിരാശരല്ലാതാവുമ്പോൾ എഴുത്തുകാർ എഴുത്തുകാരല്ലാതാവും എന്ന് ചാൾസ് ബകൊവ്സ്കി  പറഞ്ഞിട്ടുണ്ട്. നിരാശയും നിസ്സഹായതയും കാരണം എഴുതാതായ ഒരു സ്ത്രീയെ ഞാൻ വായിച്ചു ...പിന്നെ ആലോചിച്ചത് ഇങ്ങനെ എത്ര പേരുണ്ടാവാം  എഴുത്ത് നിര്ത്തുക പോയിട്ട് തുടങ്ങുക പോലും ചെയ്യാതെ എന്നാണ്  ...അത്രയും ഏകാന്തത.അത്രയും ഉൾവലിയേണ്ടി വരൽ.വായിൽ വന്നത് തുപ്പിക്കളയാൻ പോലുമാവാതെ കഷ്ടപ്പെട്ടവർ എത്രയായിരിക്കും!എന്നാലത്രയും തന്നെ ചിലതൊക്കെ കുടഞ്ഞു പുറത്തിടണം എന്ന തോന്നൽ.ആ തോന്നലിനെ ആരോടൊക്കെയോ ഉള്ള വാശി കൊണ്ടെന്ന വണ്ണം കടിച്ചമർത്തിവെക്കൽ .
         എഴുത്ത് അനുവദിക്കപ്പെട്ടിട്ടില്ലാത്ത ബാല്യം ഉള്ളതുകൊണ്ടാവും അവരിത്രേം സങ്കടപ്പെടുന്നതെന്ന്,ചില നേരങ്ങളിൽ ഒച്ചയുറപ്പില്ലാത്തവളായി മാറിയതും.ആവശ്യത്തിനു പിന്തുണയും തോന്നുന്നതെല്ലാം തോന്നിയപോലെത്തന്നെ (uncensored ) എഴുതാൻ ചെറുപ്പം തൊട്ടേ സ്വാതന്ത്ര്യം കിട്ടിയ ഒരാള്ക്ക് ആർക്കു വേണ്ടിയും,ആരെ പേടിച്ചും എഴുത്ത് നിർത്തേണ്ടി വരില്ല എന്ന ആത്മവിശ്വാസം തോന്നി. ഒരാൾക്ക് ഒരാളായിത്തന്നെ ഏതു കാറ്റിലും എഴുത്തിന്റെ  കടൽപ്പാലത്തിൽ കുടയുമായി നിൽക്കാമെന്നു വരുമ്പോൾ,ഇങ്ങനെ എഴുതിയാൽ അവരെന്തു വിചാരിക്കും .. പോലുള്ള ആകുലതകളും ഉണ്ടാവില്ല.
           " അതൊരു സ്വയംഹത്യയായിരുന്നു.ആത്മഹത്യ ചെയ്യാൻ പറ്റില്ലായിരുന്നു എനിക്ക്.ആ സാഹചര്യത്തിൽ എഴുത്ത് നിർത്തി ആത്മഹത്യ ചെയ്യുകയായിരുന്നു ഞാൻ. എന്നോട് ഏറ്റവും അടുത്തു നില്ക്കുന്ന, ഞാൻ തന്നെയായിരുന്നു എഴുത്ത്. അതിനെ ഇല്ലാതാക്കി നോക്കുകയായിരുന്നു."
 അഷിത ഇങ്ങനെ നിസ്സഹയയവുമ്പോൾ ,ഏറ്റവും ഇഷ്ടപ്പെട്ട ഒന്ന് നഷ്ടപ്പെടുത്താതെ  മുന്നോട്ടു പോവാനാകാതാവുന്ന  ചില കെട്ട കവാടങ്ങൾ ആരുടെ കഥയിലും വന്നേക്കാം എന്ന സാധ്യത-അന്നേരം മനസ്സില് തോന്നിയത് എവ്ടെയോ കുറിച്ചിട്ടു...
              വിലക്കുകൾക്കുള്ളിൽ ഞെരുങ്ങുന്ന , ചിന്താശേഷിയും സ്വാതന്ത്ര ബോധവുമുള്ള ഒരു പെണ്‍കുട്ടിക്ക് അങ്ങനെ അല്ലാത്തവളെക്കാൾ സങ്കടങ്ങളുണ്ട്.വലിയൊരാകാശവും പാതകളും,നിലവിളികൾ നിലക്കാത്ത തെരുവുകളും,ഒറ്റയ്കിരിക്കാൻ ഒളിവിടങ്ങളും കാടും,പുഴകളും നിലാവ് കുടിച്ചു തുള്ളിയിളകുന്ന കടലുമൊക്കെ അവളെ വിളിക്കുമ്പോൾ, മറ്റുള്ളവരുടെ സന്തോഷങ്ങൾ തലയിലേറ്റി വെച്ചവർ ചവിട്ടിമെതിച്ചു മുന്നോട്ടു പായുമ്പോൾ ഒച്ച പോലും കേൾപ്പിക്കാതെ അരഞ്ഞു പോവുന്ന ഉറുമ്പുകളെപ്പോലെ ചിലർ.അങ്ങനെയുള്ള ചിലരെ പാടെ മറക്കുകയെ ഉള്ളു വഴി. എഴുത്തിടങ്ങളിൽ പെണ്ണ് ഒതുങ്ങിപ്പോയെക്കാവുന്ന പതിവ് വൃത്തങ്ങളിൽ ,അവളുടെ വാക്കിനെക്കാൾ അവളുടെ സൗന്ദര്യം വാഴ്ത്തപ്പെടുമ്പോൾ അഷിത പറഞ്ഞതിങ്ങനെ-" ഞാനില്ലാതാവണം.കഥ മാത്രം ബാക്കിയാവണം." 
    പക്വതയും വാക്കൊതുക്കവും വരാൻ തുടങ്ങിയെന്ന് എന്നത്തെയും ആദ്യത്തെ വായനക്കാരൻ പറയുമ്പോഴുള്ള പേരിടാനാകാത്ത  ആനന്ദം, മനുഷ്യൻ എന്ന നിലയ്ക്ക് എഴുതി ജീവിക്കാൻ ആഗ്രഹിക്കുന്നവളെന്ന നിലയ്ക്ക് ഒരു വറ്റിപ്പോകലിന്റെ സാധ്യതയെ മെഴുകു കൊണ്ടെന്ന കണക്കെ മൂടിക്കളയുന്നു.
              അഷിത , "ശരീരം തേടുന്ന ആത്മാവാണ് ഞാൻ "എന്ന് പറയുമ്പോ, അത് മറിച്ചായാൽ, ആത്മാവ് തേടുന്ന ശരീരമാണ് ഞാൻ എന്ന വലിയ വലിയ തുറവുകളാണ്. തെരുവുകളാണ് - കാഴ്ചയുടെ ,ഗന്ധത്തിന്റെ,ശബ്ദത്തിന്റെ ,രുചിയുടെ , എല്ലാത്തിനുമൊടുവിൽ സ്പർശത്തിന്റെ. ഒരാൾക്ക് മറ്റൊരാളെ കണ്ടെടുക്കാൻ വിരലൊപ്പുകൾ. കൂടിക്കലരുകളിൽ നിന്ന് മാത്രം കണ്ടെടുക്കാൻ പറ്റുന്ന ഒരാളുടെ തന്നെ പല ശരീരങ്ങൾ.ഇതൊക്കെ ശരീരം തേടുന്ന ആത്മാവിനു അനുഭവിക്കാനാകുമോ ?എനിക്കൊരിക്കലും ശരീരം തേടുന്ന ആത്മാവാകാൻ കഴിയില്ലെന്ന് അഷിതയോട് വിയോജിച്ചു...ഭ്രാന്തിനോടടുത്ത് നിന്ന്  സ്ഥിരതയിലേക്കെത്തി നോക്കി,സങ്കടങ്ങളുടെയും നിരാശകളുടെയും കയ്പ്പ് തൊട്ടു രുചിച്ച് എനിക്കത് വേണ്ടെന്നു തട്ടിക്കളഞ്ഞ്‌ സ്വപ്നലോകത്തേക്ക് ഒരു രക്ഷപ്പെടൽ ഞാനൊരിക്കലും ആഗ്രഹിക്കുന്നേയില്ല.....അതുകൊണ്ട്,ഇനി പഴയ ആ കഥയുടെ ബാക്കിയായി എനിക്കെഴുതാം എന്തിനൊക്കെയോ വേണ്ടി എഴുത്തിന്റെ ആ നിശബ്ദ ഞരമ്പ് ,നിസ്സഹായതയിൽ പൊതിഞ്ഞു കടലിലെറിഞ്ഞ,ആ വെള്ളത്തലമുടിക്കാരിയെക്കുറിച്ച്...


ധസാൽ,നീ കാലുകളുള്ള തീമരമാണ്.


"ഞാൻ ഭാഷയുടെ സ്വകാര്യഭാഗത്തെ   
ഒരു ഉഷ്ണപ്പുണ്ണാണ്."

I am a venereal sore in the private part of language.

ധസാൽ എപ്പോഴും പറഞ്ഞത് അതുതന്നെയാണ്.പാടില്ലാത്തിടത്ത്,പറഞ്ഞിട്ടില്ലാത്തിടത്ത് അതിജീവിക്കുന്ന കുരിപ്പ്.
പുതിയ ദളിത്‌ കവിതയുടെ ഉറച്ച ഒച്ചയാണ്‌ ധസാൽ.
മുംബൈയിലെ 'സഹനത്തിന്റെ തെരുവുകളിലെ' കരച്ചിലുകളുടെ ഉറച്ച മാറ്റൊലി. സൂര്യന്റെ ഒരു നിറം നീ മറന്നു കളഞ്ഞു എന്ന് വാൻഗോഖിനോട് കലഹിച്ചു...ഇരുട്ടിന്റെ സാമ്രാജ്യത്തിൽ ആഗ്രഹത്തിന് പോലും ചിറകു മുളക്കുന്നു എന്ന് അത്ഭുതപ്പെട്ടു...
കവിതയ്ക്കു പുകമണമാണെന്ന്, ആർക്കുംവേണ്ടാത്ത  ആളുകളുടെ  അതേയിരുട്ടാണെന്ന്  നീ ഓർമ്മിപ്പിക്കുന്നു.


തീയിലിരുന്നു മഞ്ഞുണ്ടാക്കിയ മന്ത്രവാദീ,ഇരുട്ടിൽ മിന്നുന്ന നിന്റെ നരച്ച തലമുടി ഒരു തലമുറയ്ക്ക് ഇത്തിരിയെങ്കിലുമാശ്വാസം.


ഏതാണ്ട് രണ്ടു മാസം മുമ്പെയാണ് ധസാലിനെ നന്നായി വായിക്കുന്നത്.കറുപ്പും വെളുപ്പും കലര്ന്ന പുറംചട്ട,ചിരിക്കുന്ന കവി,blurbൽ വല്ലാത്ത ഒരു സ്വയം പ്രഖ്യാപനം.

"ഞാൻ ഭാഷയുടെ സ്വകാര്യഭാഗത്തെ   
ഒരു ഉഷ്ണപ്പുണ്ണാണ്."

I Am a venereal sore in the private part of language.

 വല്ലാത്ത ആവേശം തന്നു.കവിത എന്നതിനു കൊടുത്തിരുന്ന  പഴയ അർത്ഥം  മറന്നു പോവുകയും , തെറ്റിനോട് കലഹിക്കുന്നതെന്താണോ അതെല്ലാം കവിതയാണെന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്ന മൂത്ത കാലത്ത് തന്നെ കയ്യിൽ വന്ന പുസ്തകം.കവി തന്നെ വരച്ച കലമ്പുന്ന ചിത്രങ്ങൾ .
മുള്ളുള്ള,നെറ്റി ചുളിച്ച പൂക്കൾ.
,കാലുകൾ മുളച്ച മരങ്ങൾ.....മനുഷ്യൻ നിഷ്കളങ്കൻ മാത്രമാവരുതെന്ന്,കറയുള്ള കുപ്പായവുമിടാവുന്നതാണെന്ന് അയാൾ പറയുന്നു...
കനിവ് കാട്ടാതെ മണ്ണും,വായുവും പോലും മതിലുകൾ കെട്ടിപ്പൊക്കുമ്പോൾ,ആകാശം മാത്രം അവനു ബാക്കിയായി...ലാങ്ങ്സ്റ്റൻ ഹ്യുഗ്സിനെ ഓർമ്മിപ്പിച്ച് ധസാൽ ഇങ്ങനെയെഴുതി...


'ആഫ്രിക്കൻ വേദന' തന്നെയാണ് തീർച്ചയായും ധസാലും കൊണ്ടു നടന്നത്. കവിതക്കലാപത്തിന്റെ ഒരു , കാലുമുളച്ച തീമരം.
അതിനു മരം വെട്ടുകാരെപ്പേടിയില്ല.
മഴുവിനെ പേടിയില്ല...
ധസാൽ,ഗോൽപിതയിലൂടെ,അധോലോക കവിതകളിലൂടെ നീ ഇനിയും കലമ്പും.കവിക്ക് മരണമുണ്ടെന്ന് ആരുപറഞ്ഞു?