2014, ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

ഞാൻ മഷി.


മൂക്കിനും ചുണ്ടിനുമിടയിൽ 
മീശകണക്കെ
ചുവന്ന മറുകുള്ള മഷിയും 
അവള്ക്ക് വഴിയിൽ കളഞ്ഞു കിട്ടിയ അബീറും
അറുപത്തേഴാം വയസ്സിൽ കടത്തുകാരായി
പിന്നെയും.


അവർക്കു വേണ്ടി
പുഴയ്ക്കുമീതെ പണിയപ്പെട്ട ഉശിരൻപാലങ്ങലെല്ലാം
 ഒന്നിന് പിറകേയൊന്നായി
 ഒച്ചയുണ്ടാക്കാതെ പൊളിഞ്ഞമർന്നു.


കയറുന്നവർക്കെല്ലാം വേണ്ടി
 മഷി ഗസലുകൾ പാടി.
ബാവുൽപ്പാട്ടുകൾ പാടി.
സൂഫിപ്പാട്ടുകൾ പാടി.
നാടൻപാട്ടുകൾ പാടി.
തോണികേറിയ മറുനാടൻ പണിക്കാരെ
പാട്ടുകൊണ്ടൂട്ടി കണ്ണ് നനയിച്ചു.
ഇറങ്ങി നടക്കുമ്പോൾ
അവരവൾക്ക് പത്തുരൂപ അധികം കൊടുത്തു.


അബീർ നീട്ടിത്തുപ്പിയ മുറുക്കാൻ ചോര
പാട്ടിനൊപ്പം പുഴയിലലിഞ്ഞു.
പലകാലങ്ങളിൽ പലപെണ്ണുങ്ങളെ പ്രണയിച്ച കാര്യം
 മീനുകൾ കണ്ടുപിടിച്ചു.
പണ്ടേയറിയാമെന്ന് മഷി പുഞ്ചിരിച്ചു.


മെലിഞ്ഞ പുഴയുടെ ശ്വാസത്തിനെന്നോണം
 ഉണങ്ങിയ വിരലുകൾ പതുക്കെ തുഴയിട്ടു.
പീലി നരച്ച കണ്‍പോളകൾ പിടപിടച്ച്
പുഴയെ നോക്കി നനഞ്ഞു .


സ്നേഹം കണ്ടതിന്റെ വേഗത്തിൽ
പുഴ കണ്ണ് മിഴിച്ചു.
പച്ച അരികുള്ള
കടുംചുവപ്പു സാരിചുറ്റിയ മഷിയെ
 പുഴ ചേര്ത്തു പിടിച്ചു.


പുഴവിരലെല്ലാം
തണുത്തും വാശിപിടിച്ചു വിറങ്ങലിച്ചും കിടന്നു.
ആണ്ടുപോകവേ
പരൽമീനുകൾ
അവളുടെ മീശമറുകിൽ വന്നുമ്മ വെച്ചു.
നേരിയ ജലപാളിക്കുമീതെ -പുഴയുടെ തലയിൽ അബീർ നടക്കുന്നു.
വെള്ളത്തിനു മീതെ നടക്കുന്ന വിദ്യ
 അയാൾക്കറിയുമെന്ന് അന്നേയറിഞ്ഞുള്ളൂ മഷി.
അറിവിന്റെ അടുത്ത നിമിഷം
 പുഴ അയാളെയും വിളിച്ചു.
തണുപ്പിൽ,മീനുകൾക്കൊപ്പം
 കാൽപ്പാദങ്ങൾ കൊരുത്ത്
മഷിയും അബീറും കൈകൾ തുഴയാക്കി.
  *          *          *

പുഴയ്ക്കു മീതെ പാലങ്ങൾ വളർന്നു.
പാലത്തിലൂടെ വണ്ടികൾ,തീവണ്ടികൾ കുതിച്ചു പാഞ്ഞു.
പാലത്തിലൂടെ ശത്രുക്കൾ  വന്നു.
പാലത്തിലൂടെ രാജ്യങ്ങൾ വന്നു .
പുഴ നേർത്തു.


പിന്നീട് മുഖത്തു മറുകുള്ള പെണ്ണുങ്ങളെല്ലാം
ചുവന്ന സാരി ചുറ്റി പുഴയിലെ കടത്തുകാരായി.
പാലങ്ങൾ പഴയ പോലെ പൊളിഞ്ഞമർന്നു.
ഭരണകൂടം തടഞ്ഞു-
പെണ്ണുങ്ങൾ തുഴയരുതെന്ന്-തണുത്തുപോകുമെന്ന്.
പാട്ടുപാടരുതെന്ന്.
സ്വാതന്ത്ര്യത്തെപ്പറ്റി ഒരക്ഷരം ഇനി മിണ്ടിപ്പോകരുതെന്ന്.


വലിയ വലിയ നദികളിൽ
 രാജ്യങ്ങളെ വേറിട്ട് ഒഴുകുന്നവയിൽ,
പിന്നെ മറുകില്ലാത്തവരും കടത്തുകാരായി.
പെണ്ണുങ്ങളും ആണുങ്ങളും-ചുവന്ന,കരിനീലക്കുപ്പായങ്ങളിൽ .


ചാരപ്പണി ചെയ്യാതിരിക്കാൻ
 മന്ത്രി അവരെ രാജ്യസ്നേഹം പഠിപ്പിച്ചു.
രാജ്യഭാഷ പറയുക-അതുമാത്രം പറയുക.
അരാജക വാദികളുണ്ടാകാതിരിക്കാൻ
രാജ്യത്ത് മദ്യം നിരോധിച്ചു .
കഞ്ചാവുതോട്ടങ്ങൾക്കു തീ കൊടുത്തു.
ആ തീ
മലകൾ കടന്ന്
സമതലങ്ങൾ കടന്ന്
പാറിയ കിളികളിലും
അതിര് മുറിച്ചുകടന്ന  കുരങ്ങുകളിലും
 ഇഴഞ്ഞോടിയ  മേഘങ്ങളിലും
കാറ്റിലും
 അപ്പൂപ്പൻതാടികളിലും
 പുക തുന്നിച്ചേർത്തു.


ആ പുകയിൽ
രാജ്യം നിറയെ ഉന്മാദം പടർന്നു.
ആണ് ആണിനെയും
 പെണ്ണ് പെണ്ണിനെയും
 ധൈര്യത്തോടെ തെരുവിലുമ്മ വെച്ചു.
അവരുടെ ജനാലകൾ
കല്ലേറു കൊണ്ട് പൊളിയാതെയായി.


അരക്കെട്ടിലും നെഞ്ചിലും
അനിഷ്ടങ്ങളെഴുതിവെച്ച്
 കവലകളിൽ നഗ്നപ്രതിമകളായി.
അവരുടെ കണ്ണിമകളിലെ പലനിറങ്ങൾ
 പടർന്ന് ചാരത്തെരുവുകൾ പെരുത്തു.
അവരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കപ്പെട്ടു.


പിറ്റേന്ന് അവരെല്ലാം കൊലചെയ്യപ്പെട്ടു
.''എന്തിനും പോന്നവരാണ്..ദ്രോഹമാണ്..."
തമ്മിലൊട്ടിക്കിടന്ന അവരുടെ ഉടുപ്പുകളിൽ
 വിശന്ന ഉറുമ്പുകൾ കയറിയിറങ്ങി.
എല്ലാത്തിനും
ഒരേ പകയുടെ മണമെന്ന് അവർ കണ്ടെത്തി.


കൊലത്തറയിൽ ഒലിച്ചിറങ്ങിയ ചോരയിൽ നിന്ന്
ദ്രോഹികളായ പുഴുക്കൾ മുളച്ചു.


കാണാൻ ഭംഗിയുള്ള ഇരിപ്പിടങ്ങളിലേക്ക്
പുഴുക്കൾ ഇഴഞ്ഞു തുടങ്ങി.


   ബദൗനിൽ നിന്ന്
          ________
മേൽജാതി പീഡിപ്പിച്ചുകൊന്ന
 കീഴ്ജാതിപ്പെണ്‍കുട്ടികൾ
കഴുത്തിൽ കയറോടെ
 വയറ്റിൽ വിറകുകൊള്ളിയോടെ
പുഴുനിരയ്ക്ക് പിന്നിൽ വരിയായി നിന്നു.
അവരിൽ കാലിൽ ചക്രമുള്ളവർ
 പെണ്‍കുട്ടികളെ ചുമലേറ്റി.
മുറിഞ്ഞ യോനികളിൽ നിന്നൊലിച്ച ചോരയിൽ
 പുഴുക്കൾക്ക് വേഗമേറി.
ആണുങ്ങൾ അവിടവിടെ തറച്ച ആണികൾ കൊണ്ട്
 നേരിയ പുഴുത്തൊലി പിളർന്നു.
പക്ഷേ അവര്ക്ക് വേദനിക്കാതായി.
ഉടലാകെ ആണിയുള്ളവരായി .


മഷി പിന്നെയും
പുഴകയറി വരുമെന്നും
പാലങ്ങൾ താനേ പൊളിഞ്ഞമരുമെന്നും
പെണ്‍കുട്ടികൾ പുഴുക്കളോട് പറഞ്ഞു.



ആണിപ്പുഴുക്കൾ
 പുതിയൊരൂർജ്ജത്തിൽ നഗരം വളഞ്ഞു.
ചവിട്ടിയവർക്കെല്ലാം കാൽമുറിഞ്ഞു.
മൂക്കിനുമീതെ
 കണ്തടത്തിലും
കവിളിലും
പൊള്ളലടയാളമുള്ള ,
പൊന്നിടാത്ത ഒരിരുണ്ട പെണ്‍കുട്ടി
വിരൽമുറിയാതെ
 സഞ്ചിയിൽ പത്തിരുപതു പുഴുക്കളെ കുത്തിനിറച്ച്
 വണ്ടികൾക്കിടയിലേക്ക് നടന്നു.