2015, ഡിസംബർ 27, ഞായറാഴ്‌ച

പല വർഷങ്ങളിലായി
ഒന്നൊന്നായി
ഞാൻ എന്റെ സ്വപ്നനഗരങ്ങളിലേക്ക് യാത്ര ചെയ്തു. വിഷം കുടിച്ച പുഴകളുടെ  
ചിത്രം പകർത്തി. 
കുറ്റിക്കാടുകളിൽ ബലാൽസംഗം കഴിഞ്ഞ് ചില പെണ്ണുങ്ങൾ
എങ്ങനെയാകും ചത്തു കിടന്നിട്ടുണ്ടാകുക എന്നും 
വിശപ്പിനെ പുല്ലോളം പോലും വിലയില്ലാത്ത ഭരണകൂടം
ഒരു പാവം ബസ്തി എങ്ങനെയൊക്കെ ഇടിച്ചു നിരത്തുന്നോ
അങ്ങനെയൊക്കെയല്ലേ ബലാത്സംഗവും എന്ന് അതിശയിച്ചു.

2015, ഡിസംബർ 26, ശനിയാഴ്‌ച

അറബി നിറമുള്ള സമ്മാനം

കിടക്കയിലമർന്നു പറ്റാവുന്ന അടുത്ത നിമിഷം വരെയും,
മഞ്ഞുകാലം, കൊല്ലാവസാനം, അതിശൈത്യം.
യക്ഷികൾ പോലും കൂട്ടിനില്ലാതെ വരണ്ട തോന്നലുകൾ,
മഷി വറ്റിപ്പോയ ഹുക്ക,
കിളി ചത്തുപോയ പേന
എന്ന അവസ്ഥ.
"i will not dance to your war drum
 I will
not dance to your
beating. I know that beat.
It is lifeless."
എന്ന് പതിഞ്ഞ ശബ്ദത്തിൽ സുഹൈർ ഹമ്മദ്‌ അലറുന്നു.

യക്ഷികൾ വരും, പോകും
വെയിലിലെ തുമ്പികൾ കണക്കെ തോന്നുമ്പോഴും തോന്നാത്തപ്പോഴും
എന്നിൽ ആറാട്ട്‌ നടത്തും.
സ്വപ്നം കൊണ്ടും സങ്കടം കൊണ്ടും മുറിപ്പെടുത്തും
അതുകൊണ്ടാണ്, സത്യം പറഞ്ഞാൽ
യക്ഷികളെ കാണാൻ പോകാത്തത്.
അതുകൊണ്ടാണ് യക്ഷികളുടെ സാമീപ്യം വേണ്ടാത്തത്.
യക്ഷികൾ സിഗരറ്റ് ചോദിക്കും.
യക്ഷികൾ ഉമ്മയും ചോദിക്കും.

നഗരത്തിന് നീല  നിറമാണ്.
എല്ലാ നഗരങ്ങൾക്കും മഞ്ഞുകാലത്ത് ഒരേ നിറമാണ്.
ബസ് സ്റ്റോപ്പിൽ ഉറങ്ങുന്നവർക്ക് കമ്പിളി വിതരണം ചെയ്ത ശേഷം
ഫോട്ടോ എടുക്കുന്നവരുടെ ഒരു കൂട്ടം എല്ലാ നഗരങ്ങളിലുമുണ്ടാകുമോ?
സീബ്രാ ലൈൻ മുറിച്ചു കടക്കാൻ വണ്ടികളുടെ
ചക്രത്തോട്‌ കയ്യാലപ്പുറം കളിക്കുന്ന
എന്റെ കൈമുട്ടിൽ,
പിന്നിൽ ഡിവൈഡറിലെ ചെടിയിൽ പുതഞ്ഞിരുന്ന്
ഈർക്കിലി പോലൊരു പട്ടി നക്കി.


ഞാൻ മരിക്കാൻ ഇനിയും കൊല്ലങ്ങളെടുക്കും
ഒരുപാട് മഞ്ഞുകാലങ്ങൾ കഴിയണം.
ഒരുപാട് യുദ്ധങ്ങൾ കഴിയണം.
അപരിചിതമായ നഗരത്തിൽ എന്നെ കാണാൻ വന്നു
വഴിതെറ്റിയ കാമുകനെത്തേടി പാതിരാവിൽ ഇനിയും ഇറങ്ങി നടക്കേണ്ടി വരും.
ആളുകൾ കൂർക്കം വലിക്കുന്ന സത്രങ്ങളുടെ പടിയിൽ
ഒറ്റ ബ്ലാങ്കറ്റു പുതച്ച് നേരം വെളുപ്പിക്കേണ്ടി വരും.

ഞാനതാ സീബ്രാ ലൈൻ മുറിച്ചു കടക്കുന്നു.
എനിക്ക് വേണ്ടി വണ്ടികളെല്ലാം നില്ക്കുന്നു.
എന്റെ പിന്നാലെ കൈത്തണ്ടയിൽ നക്കിയ
ഈർക്കിലി പട്ടിയും  തുള്ളിച്ചാടി നടക്കുന്നു.
എനിക്ക് തോന്നുന്നു ഞാനൊരു നാടകമാണെന്ന്.
ചിലപ്പോൾ ഒരു കപ്പ് തണുത്ത കാപ്പിയാണെന്ന്.
ചിലപ്പോൾ ലോകത്തെ ഏറ്റവും സുന്ദരമായ ആ ഇലയാണെന്ന്.



കൂടുതലൊന്നും പറയാനില്ലാത്തതിനാൽ
കത്ത് ചുരുക്കുന്നു.
ഇപ്പോൾ എനിക്ക് നിന്നെ കാണാനേ തോന്നുന്നില്ല.

ആരോ എന്നെപ്പറ്റി പറയുന്നുണ്ട്
"no, she is alive, very much alive!!"

2015, ഡിസംബർ 21, തിങ്കളാഴ്‌ച

പനി

ഇരപ്പെടുന്നതിലെ ആനന്ദം എങ്ങനെയാണ്?
ഉടലുകളുടെ മാന്ത്രികത എന്താണ്?
വെറുപ്പിന്റെ നിറം എന്താണ്?
തോന്നലുകളുടെ കനം എത്രയാണ്?
രാത്രികളുടെ നീളം എത്രയാണ്?
നീല നിറത്തിന്റെ മണം എങ്ങനെയാണ്?
വഴികൾക്ക് വേദനിക്കുന്നത് എവിടെയാണ്?
അടയാളങ്ങളെ കൊല്ലേണ്ടത് എവിടെ ഞെക്കിയാണ്?
മറവിയോട് ഇണങ്ങാനുള്ള സൂത്രം എന്താണ്?
ഒരു ദിവസം എന്നാൽ എത്ര നേരമാണ്?
എന്തിൽ നിന്ന് എന്ത് കുറച്ചാലാണ് പഴയ കാലം വരിക?
തെറ്റിപ്പോയ തെരുവുകളെ എങ്ങനെയാണ് പിന്തുടരേണ്ടത്?
മൂർച്ചയില്ലാത്ത ഒരു കത്തി കൊണ്ട് എത്രപേരെ കൊല്ലാൻ പറ്റും ?

2015, ഡിസംബർ 2, ബുധനാഴ്‌ച

 അല്ലെങ്കിലേ അകാലത്ത്‌ പെയ്യുന്ന മഴയോട് എനിക്ക് കലിപ്പാണ്‌
അത് കശ്മീരായാലും ചെന്നൈ ആയാലും