2015, ഓഗസ്റ്റ് 29, ശനിയാഴ്‌ച

നീലച്ചടയന്‍ തിരുമ്മിത്തിരുമ്മി ചുവരും ചാരിയിരിക്കുന്നു ചുവന്ന കണ്ണുള്ള ഒരുത്തി
കവിതയിലെ അവസാനത്തെ വരി വിഴുങ്ങണോ ലോകത്തിന് കൊടുക്കണോ എന്നാണ് മുടികൊഴിച്ചിലുള്ള അയാളുടെ
എന്നത്തേയും സംശയം.
അവള്‍ക്കും അയാള്‍ക്കും പുറമേ അടഞ്ഞ ജനലുകളല്ലാതെ അവിടുന്നും ഇവിടുന്നും വേറെയും നൂറാളുകള്‍.
അവര്‍ക്കെല്ലാം വേണ്ടി അവള്‍ അന്നും, കഥ പറഞ്ഞ് തുടങ്ങിയില്ല.

2015, ഓഗസ്റ്റ് 1, ശനിയാഴ്‌ച

മാലിനി നഗരം വരച്ചിട്ട ചായക്കപ്പുകൾ

"ദിവസങ്ങളുടെ  സുവിശേഷത്തിൽ എന്റെ വകയായി ഒരധ്യായം കൂടെ ചേർക്കണം രാജൻ. ഏകാന്തതയുടെ പ്രേതങ്ങളായി ഓർമ്മയിലും, അടിഞ്ഞു ചീഞ്ഞു പോയ മറവിയിലും പിന്നെ എല്ലാക്കാലവും ഓര്ക്കുന്ന ചില പാട്ടുകളുടെയും നല്ല കാറ്റുള്ള ചില ദിവസങ്ങളുടെയും സ്വഭാവം കണക്കെ എന്നെ അങ്ങനെ പോകാൻ വിടുക, അവസാനം വരെ."മാലിനി ആലോചിച്ചു, ഇങ്ങനെ എഴുതിത്തുടങ്ങുമ്പോൾ ഏകാന്തതയുടെയും പൊതുഓർമ്മയുടെയും സുവിശേഷത്തെപ്പറ്റിയും രാജന്റെ എഴുത്തുത്തരവാദിത്തത്തെപ്പറ്റിയും വായനക്കാർക്കുനടായെക്കാവുന്ന സംശയങ്ങളെപ്പറ്റിയും ആലോചിക്കണം.
വർഷങ്ങൾ കൊണ്ട് രാജൻ എത്ര എഴുതിക്കാണും ?  രാജൻ മുറ്റത്ത് നിന്ന് മഴ കൊള്ളുകയാണ്,അവന്റെ പ്രായമുള്ള ഒരുപാട് യുവാക്കൾ ഇരുന്ന് പുകയ്ക്കുകയും പാട്ടുപാടുകയും ചെയ്യുന്ന ഒരു ചെറിയ വീടിന്റെ മുറ്റത്ത്. ലൈറ്റുകൾ അണച്ച് അവർ പുറത്തെ മഴ അറിയുകയാണ്. പുറത്തിറങ്ങി മഴ നനയണമെങ്കിൽ അവരുടെ കൂടെ ഒരു പെണ്‍കുട്ടിയും ഉണ്ട്.അവൾ ജനാലയിലൂടെ കൈ നീട്ടി മഴ നനയുകയാണ്‌.മാലിനി.മാലിനിയുടെ അകത്ത് നാട്ടുകാർ കൂട്ടിയിട്ട, ചിതയ്ക്ക് അവർ തന്നെ തീ കൊളുത്തിയിരിക്കുന്നു. അവളുടെ ഓരോ പിറന്നാളിലും അവർ ചിത വലുതാക്കുന്നു, വളർന്ന ഒരു പെണ്ണിന് വേണ്ടുന്ന ചിത.വളർന്നു വഴിതെറ്റാൻ പോകുന്ന ഒരു പെണ്ണിന് വേണ്ട ചിത. അവളുടെ താടിയെല്ലിനോട്‌ ചേർന്നമർന്നു കിടക്കുന്ന മാവിന്റെ വിറകു കഷ്ണങ്ങൾ. അവളുടെ കണ്പീലികളിലും കാൽമുട്ടിലും വിരലുകളിലും കൃത്യമായി ചേർന്ന് നിൽക്കുന്ന തരം വിറകുകൾ. "നിനക്ക് നല്ല ചൂടുണ്ട്, പനിക്കുന്നുണ്ടോ ?" അൻവർ അവളുടെ നെറ്റി തൊട്ടുനോക്കി.അടുക്കളയിൽ വെന്തുകൊണ്ടിരിക്കുന്ന അരിയിലെക്ക് അവൻ എണീറ്റു. 
   എത്ര വേണമെങ്കിലും കഴിക്കാവുന്ന ചോറും- മെലിഞ്ഞ തൂവെള്ള അരിയുടെ-(വരണ്ട പാടങ്ങളുടെ കുതിരിൽ ചുവന്ന ചേലയുടുത്ത ഒരു എഴുപതുകാരി നിൽക്കുന്നുണ്ട്, വിശ്രമിക്കുകയാണ്,കൊയ്ത്തു പണിയിൽ നിന്ന്), മൂന്നു റൊട്ടിയും നല്ല പുളിപ്പുള്ള നാരങ്ങാ അച്ചാറും തൈരുമൊക്കെ കഴിച്ചു കഴിഞ്ഞ് കൈ കഴുകാൻ എണീക്കുമ്പോൾ കണ്ണാടിയിൽ ആദിവസം ആദ്യമായി അവൾ അവളെ കണ്ടു. "എന്റെ ഞാൻ". മാലിനി. കഴുത്തെത്തി നില്ക്കുന്ന മുടിയും ഒട്ടും നിറയാത്ത നെഞ്ചും എല്ലാപ്പോഴും കലങ്ങിച്ചുവന്നുകിടക്കുന്ന  കണ്ണുകളും ഉടുപ്പുകളും കാരണം പിങ്ക് ഫ്ലോയ്ഡ് ഫീമെയിൽ എന്ന് ഒരു കൂട്ടുകാരൻ അവളെ വിളിച്ചു, അവള്ക്കത് ഇഷ്ടപ്പെട്ടു.
  വാഷ് ബേസിനിൽ തവിട്ടു നിറമുള്ള ഒരു വണ്ട് വീണുകിടക്കുന്നു.അത്തരമൊന്നിനെ മുമ്പ് പിടിച്ചു കയറ്റുമ്പോൾ വാതകം ചീറ്റി വിരല് വേദനിച്ച്ചതിന്റെ ഓർമ്മയിൽ മാലിനി പിന്തിരിഞ്ഞു. വേണ്ട. വേണ്ടെങ്കിൽ വേണ്ട.പിൻഭാഗത്ത് നിന്നും തള്ളിയെണീപ്പിക്കാനും നോക്കി,നടക്കുന്നില്ല. അനങ്ങുന്നില്ല. അരിപ്പയുടെ കുഞ്ഞു കുഞ്ഞു തുളകളിൽ അമർന്നു നിൽക്കുകയാണ്.അവൾ തൊട്ടപ്പുറത്തെ ബേസിനിൽ കൈ കഴുകി.മറ്റൊരാൾ വരികയും ചോറും കറിയും കുഴഞ്ഞ കൈ കഴുകി കാർക്കിച്ചു തുപ്പുകയും ചെയ്തു.വണ്ടിന് എരിഞ്ഞോ ? പുകഞ്ഞോ ? ശ്വാസം മുട്ടിയോ ? അതിനകത്തൊരു വണ്ട് വീണിരിക്കുന്നു എന്ന് പറഞ്ഞാ അയാൾ ശ്രദ്ധിക്കുമായിരുന്നോ?
  എന്താ ഞാൻ പറഞ്ഞു വന്നത് ? ആ...മാലിനി...മാലിനി എന്ന പെണ്ണ് മയിലിന്റെ കരച്ചിൽ പോലെയാണ് എനിക്ക്. എല്ലാ നേരത്തും എനിക്ക്ഷ്ടമാണ് മയിലിന്റെ കരച്ചിൽ. ആകപ്പാടെ ഒരു സങ്കടമൂഡ്‌..പക്ഷെ നമ്മള് വിചാരിക്കുംപോലെ മയിലിനു അത്ര സങ്കടമൊന്നും ഉണ്ടാകില്ല.കേള്ക്കുന്ന ആളുകൾക്കാണ് അസ്വസ്ഥത...സങ്കടം...പഴയ പ്രേമങ്ങളും ഉടല്ക്കളികളും ഓര്മ്മ വരൽ. മഴക്കാലത്ത് പറയാനേ ഇല്ല.ഞാൻ മയിലുകളുമായി പ്രേമത്തിലാണ്,എന്റെ എല്ലാ അവസ്ഥകളിലും.വലിയ വലിയ പാറകളിലാണ് അവളുടെ ഉറക്കം.ഉറങ്ങിയെണീറ്റ് പട്രോളിംഗ് ജീപ്പുകളുടെ മുന്നിലേക്ക് കുനിഞ്ഞ് മുഖം കഴുകി മുറിയിലേക്ക് നടന്നു പോകാറാണ് പതിവ്.ഞാൻ വല്ലപ്പോഴും മാലിനിയെ കാണുന്നത് അങ്ങനെയാണ്. കാഴ്ചയിൽ അസാധാരണം എന്ന് തോന്നിക്കുന്ന ഒരു അസാധാരണ പെണ്‍കുട്ടി.

 "നമ്മുടെ അപഥ  സഞ്ചാരങ്ങൾ,
തുറന്ന കത്തുകൾ,
ചിത്രങ്ങൾ,
കൊലമരുന്നുകളിൽ നിന്ന് 
അമ്മയുടെ കൊതി  കൊണ്ടുമാത്രം 
ഭൂമിയിലെത്തിയ കുഞ്ഞിനെക്കണക്കെ,
അത്ഭുതപ്പെട്ടും ആശ്ച്ചര്യപ്പെട്ടും 
ഞാൻ ജീവിച്ചു തീർക്കട്ടെ."
 കടും ചുവപ്പ് ചായം കൊണ്ട് കൂട്ടുകാരിയുടെ മുറിയുടെ ചുവരിൽ ഇങ്ങനെ എഴുതുകയാണ് മാലിനി.
എഴുതിക്കഴിഞ്ഞ് അവൾ കൂട്ടുകാരിക്കടുത്ത് ,ഇന്നേരത്ത് ഭൂമി കുലുങ്ങിയാലുണ്ടായെക്കാവുന്ന ബഹളങ്ങളെ പറ്റി ആലോചിച്ചു. അലമാരയിലെ ഉടുക്കാത്ത ഉടുപ്പുകൾ  നേപ്പാളിലെത്തിക്കും എന്നും ആലോചിച്ച് കമിഴ്ന്നും ചെരിഞ്ഞും കിടന്നു. അത് കഴിഞ്ഞ് മലർ ന്നു   കിടന്ന്  നിശ്വസിച്ചു. അപ്പോൾ കറുത്ത കമ്പിളി കണക്കെ അവളുടെ മുടി മാലിനിയുടെ മുഖം മറച്ചു. മേൽ മറച്ചു,പിന്നെ അവൾ തന്നെ ഒരു പുതപ്പായി. 
 വേറൊരു ദിവസം ഞാൻ അവള്ക്ക് നേരെ എന്റെ ബൈക്ക് കൊണ്ടുപോയി. കുത്തേണ്ടതായിരുന്നു ഞാനവളെ.സത്യം പറഞ്ഞാൽ ഇരുട്ടത്ത് എനിക്ക് മനസ്സിലാകാഞ്ഞതാണ്.മനസ്സിലായിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു?അവൾ ഒരൊറ്റക്കൈകൊണ്ട് എന്റെ വണ്ടി പിടിച്ചു നിർത്തി. എനിക്ക് വിയർത്തു.ഞാൻ വേഗത്തിൽ വണ്ടിയോടിച്ച് പോയി. അവൾ നിന്നെടത്തു തന്നെ നില്ക്കുകയാണ്.ഞെട്ടിക്കാണണം. രാത്രിയിൽ, അതും ആ മുളക്കാടിനടുത്ത്! പക്ഷെ അവളെന്റെ താടിക്ക് പിടിച്ച് കവിളത്ത് രണ്ടെണ്ണം പൊട്ടിക്കുന്ന ഒരു രംഗമാണ് ബ്രേക്ക് കയ്യിൽ കിട്ടിയ നിമിഷം,അവളുടെ ചൂടുള്ള കൈ എന്റെ കൈമേൽ അമർന്നപ്പോൾ എന്റെ മനസ്സിൽ വന്നത്.പിന്നെ ഞാൻ എങ്ങോട്ടാണ് പോയതെന്ന് എനിക്കോർമ്മയില്ല. അന്ന് രാത്രി മാലിനി മുറിയിലായിരിക്കും ഉറങ്ങിക്കാണുക. മുറിഞ്ഞു മുറിഞ്ഞു വീശുന്ന വലിയ കാറ്റിൽ,എനിക്കോ അവള്ക്കോ പേരറിയാത്ത മരത്തിന്റെ ഇലകൾ കിടക്കയിലേക്ക് വീഴുന്നുണ്ടായിരിക്കും.
  ചുവരിലൊട്ടിച്ച ബാന്റ് എയ്ഡിൽ ആണ് 
  കഥ എഴുതിത്തുടങ്ങുന്നത്.
  ഓടുന്ന സൈക്കിൾ ചക്രങ്ങളുടെ വേഗമാണ് ഉറുമ്പുകൾക്ക്.
  കാൽ വിരലുകളിൽ ഒരു പെരുപ്പുണ്ട്,
  ഇരുചക്രവാഹനത്തിന്റെ ചക്രങ്ങൾ കണക്കെ 
  എപ്പോഴും വിഴുങ്ങാവുന്ന ഒരു വേഗമാണ് ആളുകൾക്ക്,
  ചില വണ്ടികൾക്കും. 
  നില്ക്കുന്ന ഓരോ ആളിലേക്കും എന്റെ നിഷ്കളങ്കത പിഴിഞ്ഞ് തെറിപ്പിച്ച് 
  ദാ, ഞാനിറങ്ങുന്നു,ഇന്നും.
മൂന്നാലു  കഷ്ണം ബ്രെഡ്‌.ആദ്യത്തെ കഷ്ണം ആരും തിന്നാറില്ല. അത് അവസാനം വരെയും താഴേക്ക് ഇറങ്ങിയിറങ്ങിപ്പോകും. ആദ്യത്തെ കഷ്ണം അവസാനത്തെ കഷ്ണമാകും.മാലിനി അത് തിന്നും. ക്ലാസ്സിലെത്താൻ ഇന്നും വൈകും. കസേരയിൽ കയറി കുത്തിയിരിക്കും. ഉറക്കം വരുമ്പോ മറ്റെല്ലാവരും ചെയ്യുമ്പോലെ പുറത്തിറങ്ങി മുഖം കഴുകും. 
 ഞാനെന്റെ മുറിയിലിരുന്ന് പാട്ട് കേൾക്കുകയാണ്...
 



എല്ലാ വാതിലുകളും അടച്ചിട്ട്,ഉറക്കെയുള്ള പതിഞ്ഞ സംഗീതത്തിൽ തനിയെ ലയിച്ച് നൃത്തം ചെയ്യുകയാണ് മാലിനി.ഉടലിനെ മൊത്തം കാൽ വിരലുകളിലെക്ക് കൊണ്ടുവന്നു നിർത്തി.ടിഷ്യൂ പേപ്പർ കണക്കെ, ഒരു കഷ്ണം പുത്തരെക്കുല് കണക്കെ,അല്ലെങ്കിൽ കനം കുറഞ്ഞ ഒരു കടലാസുകനക്കെ മുറിയിൽ പാറി നടക്കുന്നു.ഇങ്ങനെ ചെയ്യുന്നത് ആത്മരതിയുടെ വേറൊരു വേർഷനാണ്. അതായത് ഒരാള് അയാളുടെ ഉടലിനെ മനസ്സിനോട് അത്രയ്ക്ക് ചേര്ത്തു നിർത്താൻ കഠിനമായി ശ്രമിക്കുന്നു.ഒരാൾക്കും ഉപകാരമില്ലാത്തതായി ലോകത്ത് ഒരു ചുവടു പോലുമില്ല. ഒരു വിരലനക്കം പോലുമില്ല. എല്ലാവരും എല്ലാവരുടെതും ആണ് എന്നാൽ ഒരാള് ആരുടെതുമല്ലാതാകുന്നത് അയാളുടെ മരണത്തിനു മുന്പെയും ആകാം. ഇവടെ അയാൾ ശരിക്കും ലിംഗഭേദമില്ലാത്ത വാക്കാണ്‌. അത് അങ്ങനെ വായികുമെങ്കിൽ നന്ന്. ഞാൻ പറഞ്ഞു വന്നത് മാലിനിയെക്കുറിച്ചാണ്. മാലിനിക്ക് ഈ ലോകത്ത് ഇല്ലാത്ത ഇടങ്ങളെപ്പറ്റിയാണ്.മാലിനിക്ക് ഇന്നേ വരെ അറിയാത്ത മണങ്ങളെപ്പറ്റിയാണ്‌.മണങ്ങൾ എന്ന് വെച്ചാൽ എല്ലാ തരത്തിലുമുള്ളവ.ഒരു പെണ്ണ്‍ അവളുടെ ഇരുപതുകളിലെത്തും മുമ്പ് മണക്കാൻ വലിയ ഇടയില്ലാത്തവ.പക്ഷെ അവയെല്ലാം മാലിനി അറിഞ്ഞുകാണും.

. ഇങ്ങനെ മാലിനിയെക്കുറിച്ച് പറഞ്ഞാൽ എപ്പോഴും ഞാൻ ഒരാള്ക്ക് കിട്ടാതെ പോകുന്ന സംഗതികളെക്കുറിച്ച് പറയും.മാലിനിക്ക് ഒട്ടകങ്ങളെ ഇഷ്ടമാണ്.ഒട്ടകക്കമ്മൽ,ഒട്ടകച്ചിത്രമുള്ള ടീ ഷർട്ട്,പുള്ളികളുള്ള ചുവന്ന തുണികൊണ്ടുള്ള ഒട്ടകച്ചിത്രമുള്ള ചെറിയ നോട്ട്ബുക്ക്,അതും രാജസ്ഥാനിലെ ഒരു റീഹബിലിറ്റെഷൻ സ്കൂളിലെ കുട്ടികൾ ഉണ്ടാക്കിയത്.എന്തോ തേടിയാണ് ഒട്ടകം എപ്പോഴും നടക്കുന്നത്. എല്ലായിടത്തും എന്തോ തിരയുന്ന വലിയ നീണ്ട കഴുത്ത്. ഒട്ടകങ്ങളെ എന്തിനാണ് അവൾ അത്രയധികം സ്നേഹിക്കുന്നത് എന്ന് എനിക്കൊട്ടും മനസ്സിലായില്ല. എന്റെ  നേരങ്ങളിലെല്ലാം അവളും അവളുടെ ഒട്ടക ഒബ്സഷനും കയറി വന്നു ശല്യമായിത്തുടങ്ങിയപ്പോൾ ഞാൻ അവളെ കാണാൻ തീരുമാനിച്ചു.പക്ഷെ എനിക്കവളെ അറിയില്ല,മാലിനി എന്റെ ആരുമല്ല