2014, ഫെബ്രുവരി 8, ശനിയാഴ്‌ച


" ഞാനെഴുത്തു നിർത്തുകയാണ്; മറ്റെങ്ങനെയും മരിക്കാൻ വയ്യാത്തതുകൊണ്ട്."

6 January 2014 at 00:08
             മുൻപെന്നോ  എഴുതി  മറന്ന  ഒരു  കഥയിലെ   വരികൾ  കണക്കെ  ഞാൻ  അഷിതയുടെ  ജീവിതം  വായിച്ചു-" ഞാനെഴുത്തു നിർത്തുകയാണ്; മറ്റെങ്ങനെയും മരിക്കാൻ വയ്യാത്തതുകൊണ്ട്." അത്  തന്നെയായിരുന്നു  അഷിതയും  പറഞ്ഞത്. അഷിതയുടെ  ഒരൊറ്റ  കഥ  മാത്രമേ  അതുവരെ  വായിച്ചിട്ടുള്ളൂ.  ഒരുപക്ഷെ  ,എഴുതുന്ന  ഏതൊരാളും  ചെന്നു പെട്ടേക്കാവുന്ന  വിഷമാവസ്ഥയാണത്. ഒന്നും  ചെയ്യാൻ  പറ്റാതാവുക.പിന്നീട് ഒരിലയനക്കം പോലും നെറ്റിചുളിപ്പിക്കും വിധത്തിലേക്ക് അസ്വസ്ഥത വളരുകയും,മരണം കൊണ്ട് അസാന്നിധ്യത്തെ അടയാളപ്പെടുത്തുന്നതിനു പകരം അസാന്നിദ്ധ്യം കൊണ്ട് മരണം പോലൊന്ന് ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നു . 
     എന്നാൽ എല്ലായ്പ്പോഴും വരിഞ്ഞുമുറുകി നില്ക്കുന്ന ,ചുവപ്പ് കുത്തിക്കിതച്ചൊഴുകുന്ന എഴുത്തിന്റെ  ഞരമ്പ്   മഞ്ഞത്ത് നഗ്നയായി  പകലാകെ  നിന്ന് കണ്ടെത്തി,ഒറ്റയ്ക്കൊരു മുറിയിലിരുന്ന്, അതിന്റെ  എല്ലാ  തുറവുകളും കൊട്ടിയടച്ച്,ആ  ഞരമ്പിനെ  കണ്പീലി  കൊണ്ട് പിഴുതെടുക്കുകയും  ചെയ്യുന്ന  ഒരു  ഭ്രാന്തിയായ എഴുത്തുകാരിയെ ഞാൻ എന്തിനാണ് ഉണ്ടാക്കിയത് ? അവളുടെ  ഭയത്തെ  ആയിരം  മുൾച്ചില്ലകളുള്ള, ഒരില  പോലും  തളിര്ക്കാത്ത നിരാശയുടെ  മരമായി ഞാൻ  എന്തിനായിരുന്നു വരച്ചിട്ടത് ? അല്ലെങ്കിൽ  എഴുതിയത് എന്തിനാണ് അപ്പാടെ  മറന്നു കളഞ്ഞത് ?  ഭയം കൊണ്ട്. ഭയം കൊണ്ട് മാത്രം.പിന്നെയും പിന്നെയും  വായിച്ചപ്പോൾ  അതെന്നെ വിഴുങ്ങിയെക്കുമെന്നു പേടിച്ച്.ആത്മപ്രകാശനത്തിനും അപ്പുറത്ത് എന്തൊക്കെയോ ആണ് എനിക്കെഴുത്ത്(ഒരിക്കൽ,ഇങ്ങനെ ഉപകാരമില്ലാത്ത കഥയെഴുത്ത് നിർത്തി വേറെ വല്ലതും ചെയ്താലെന്താ എന്ന് ചോദിച്ചൊരാളോടു സഹതാപം മാത്രം.).സ്വന്തം  പ്രണയം കണക്കെ നഷ്ടപ്പെടാനാഗ്രഹിക്കാത്ത  ഒന്ന് .എന്നാൽ എഴുതിയവയിൽ ഏറ്റവും പൊട്ടക്കഥയായി അതിനെ തള്ളി,2012ന്റെ ഏതോ ഒരു ഡയറിക്കകത്ത് അതിനെ മായ്ച്ചു കളഞ്ഞു.
    ഹൈദരാബാദിലേക്കുള്ള  തീവണ്ടിയിൽ, ഒരു  നിരാശ  മറ്റൊരു  വലിയ  നിരാശയെ  നിശബ്ദം വിങ്ങലോടെ  കണ്ടു. വായിച്ചു. കേട്ടു. നിരാശരല്ലാതാവുമ്പോൾ എഴുത്തുകാർ എഴുത്തുകാരല്ലാതാവും എന്ന് ചാൾസ് ബകൊവ്സ്കി  പറഞ്ഞിട്ടുണ്ട്. നിരാശയും നിസ്സഹായതയും കാരണം എഴുതാതായ ഒരു സ്ത്രീയെ ഞാൻ വായിച്ചു ...പിന്നെ ആലോചിച്ചത് ഇങ്ങനെ എത്ര പേരുണ്ടാവാം  എഴുത്ത് നിര്ത്തുക പോയിട്ട് തുടങ്ങുക പോലും ചെയ്യാതെ എന്നാണ്  ...അത്രയും ഏകാന്തത.അത്രയും ഉൾവലിയേണ്ടി വരൽ.വായിൽ വന്നത് തുപ്പിക്കളയാൻ പോലുമാവാതെ കഷ്ടപ്പെട്ടവർ എത്രയായിരിക്കും!എന്നാലത്രയും തന്നെ ചിലതൊക്കെ കുടഞ്ഞു പുറത്തിടണം എന്ന തോന്നൽ.ആ തോന്നലിനെ ആരോടൊക്കെയോ ഉള്ള വാശി കൊണ്ടെന്ന വണ്ണം കടിച്ചമർത്തിവെക്കൽ .
         എഴുത്ത് അനുവദിക്കപ്പെട്ടിട്ടില്ലാത്ത ബാല്യം ഉള്ളതുകൊണ്ടാവും അവരിത്രേം സങ്കടപ്പെടുന്നതെന്ന്,ചില നേരങ്ങളിൽ ഒച്ചയുറപ്പില്ലാത്തവളായി മാറിയതും.ആവശ്യത്തിനു പിന്തുണയും തോന്നുന്നതെല്ലാം തോന്നിയപോലെത്തന്നെ (uncensored ) എഴുതാൻ ചെറുപ്പം തൊട്ടേ സ്വാതന്ത്ര്യം കിട്ടിയ ഒരാള്ക്ക് ആർക്കു വേണ്ടിയും,ആരെ പേടിച്ചും എഴുത്ത് നിർത്തേണ്ടി വരില്ല എന്ന ആത്മവിശ്വാസം തോന്നി. ഒരാൾക്ക് ഒരാളായിത്തന്നെ ഏതു കാറ്റിലും എഴുത്തിന്റെ  കടൽപ്പാലത്തിൽ കുടയുമായി നിൽക്കാമെന്നു വരുമ്പോൾ,ഇങ്ങനെ എഴുതിയാൽ അവരെന്തു വിചാരിക്കും .. പോലുള്ള ആകുലതകളും ഉണ്ടാവില്ല.
           " അതൊരു സ്വയംഹത്യയായിരുന്നു.ആത്മഹത്യ ചെയ്യാൻ പറ്റില്ലായിരുന്നു എനിക്ക്.ആ സാഹചര്യത്തിൽ എഴുത്ത് നിർത്തി ആത്മഹത്യ ചെയ്യുകയായിരുന്നു ഞാൻ. എന്നോട് ഏറ്റവും അടുത്തു നില്ക്കുന്ന, ഞാൻ തന്നെയായിരുന്നു എഴുത്ത്. അതിനെ ഇല്ലാതാക്കി നോക്കുകയായിരുന്നു."
 അഷിത ഇങ്ങനെ നിസ്സഹയയവുമ്പോൾ ,ഏറ്റവും ഇഷ്ടപ്പെട്ട ഒന്ന് നഷ്ടപ്പെടുത്താതെ  മുന്നോട്ടു പോവാനാകാതാവുന്ന  ചില കെട്ട കവാടങ്ങൾ ആരുടെ കഥയിലും വന്നേക്കാം എന്ന സാധ്യത-അന്നേരം മനസ്സില് തോന്നിയത് എവ്ടെയോ കുറിച്ചിട്ടു...
              വിലക്കുകൾക്കുള്ളിൽ ഞെരുങ്ങുന്ന , ചിന്താശേഷിയും സ്വാതന്ത്ര ബോധവുമുള്ള ഒരു പെണ്‍കുട്ടിക്ക് അങ്ങനെ അല്ലാത്തവളെക്കാൾ സങ്കടങ്ങളുണ്ട്.വലിയൊരാകാശവും പാതകളും,നിലവിളികൾ നിലക്കാത്ത തെരുവുകളും,ഒറ്റയ്കിരിക്കാൻ ഒളിവിടങ്ങളും കാടും,പുഴകളും നിലാവ് കുടിച്ചു തുള്ളിയിളകുന്ന കടലുമൊക്കെ അവളെ വിളിക്കുമ്പോൾ, മറ്റുള്ളവരുടെ സന്തോഷങ്ങൾ തലയിലേറ്റി വെച്ചവർ ചവിട്ടിമെതിച്ചു മുന്നോട്ടു പായുമ്പോൾ ഒച്ച പോലും കേൾപ്പിക്കാതെ അരഞ്ഞു പോവുന്ന ഉറുമ്പുകളെപ്പോലെ ചിലർ.അങ്ങനെയുള്ള ചിലരെ പാടെ മറക്കുകയെ ഉള്ളു വഴി. എഴുത്തിടങ്ങളിൽ പെണ്ണ് ഒതുങ്ങിപ്പോയെക്കാവുന്ന പതിവ് വൃത്തങ്ങളിൽ ,അവളുടെ വാക്കിനെക്കാൾ അവളുടെ സൗന്ദര്യം വാഴ്ത്തപ്പെടുമ്പോൾ അഷിത പറഞ്ഞതിങ്ങനെ-" ഞാനില്ലാതാവണം.കഥ മാത്രം ബാക്കിയാവണം." 
    പക്വതയും വാക്കൊതുക്കവും വരാൻ തുടങ്ങിയെന്ന് എന്നത്തെയും ആദ്യത്തെ വായനക്കാരൻ പറയുമ്പോഴുള്ള പേരിടാനാകാത്ത  ആനന്ദം, മനുഷ്യൻ എന്ന നിലയ്ക്ക് എഴുതി ജീവിക്കാൻ ആഗ്രഹിക്കുന്നവളെന്ന നിലയ്ക്ക് ഒരു വറ്റിപ്പോകലിന്റെ സാധ്യതയെ മെഴുകു കൊണ്ടെന്ന കണക്കെ മൂടിക്കളയുന്നു.
              അഷിത , "ശരീരം തേടുന്ന ആത്മാവാണ് ഞാൻ "എന്ന് പറയുമ്പോ, അത് മറിച്ചായാൽ, ആത്മാവ് തേടുന്ന ശരീരമാണ് ഞാൻ എന്ന വലിയ വലിയ തുറവുകളാണ്. തെരുവുകളാണ് - കാഴ്ചയുടെ ,ഗന്ധത്തിന്റെ,ശബ്ദത്തിന്റെ ,രുചിയുടെ , എല്ലാത്തിനുമൊടുവിൽ സ്പർശത്തിന്റെ. ഒരാൾക്ക് മറ്റൊരാളെ കണ്ടെടുക്കാൻ വിരലൊപ്പുകൾ. കൂടിക്കലരുകളിൽ നിന്ന് മാത്രം കണ്ടെടുക്കാൻ പറ്റുന്ന ഒരാളുടെ തന്നെ പല ശരീരങ്ങൾ.ഇതൊക്കെ ശരീരം തേടുന്ന ആത്മാവിനു അനുഭവിക്കാനാകുമോ ?എനിക്കൊരിക്കലും ശരീരം തേടുന്ന ആത്മാവാകാൻ കഴിയില്ലെന്ന് അഷിതയോട് വിയോജിച്ചു...ഭ്രാന്തിനോടടുത്ത് നിന്ന്  സ്ഥിരതയിലേക്കെത്തി നോക്കി,സങ്കടങ്ങളുടെയും നിരാശകളുടെയും കയ്പ്പ് തൊട്ടു രുചിച്ച് എനിക്കത് വേണ്ടെന്നു തട്ടിക്കളഞ്ഞ്‌ സ്വപ്നലോകത്തേക്ക് ഒരു രക്ഷപ്പെടൽ ഞാനൊരിക്കലും ആഗ്രഹിക്കുന്നേയില്ല.....അതുകൊണ്ട്,ഇനി പഴയ ആ കഥയുടെ ബാക്കിയായി എനിക്കെഴുതാം എന്തിനൊക്കെയോ വേണ്ടി എഴുത്തിന്റെ ആ നിശബ്ദ ഞരമ്പ് ,നിസ്സഹായതയിൽ പൊതിഞ്ഞു കടലിലെറിഞ്ഞ,ആ വെള്ളത്തലമുടിക്കാരിയെക്കുറിച്ച്...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ