2016, ഏപ്രിൽ 9, ശനിയാഴ്‌ച

പല വേഗത്തിലുള്ള ശ്വാസം.


ഓടിവരുന്ന ഒരു വണ്ടിച്ചക്രത്തിന്റെ
കീഴെയാണ് ഞാനിപ്പോൾ
അതിൽ ഒട്ടിപ്പിടിച്ച് യാത്ര ചെയ്യുന്നു,
നിങ്ങളുമായുള്ള എല്ലാം  മുറിച്ച്
ഒളിച്ച് പോകണമെന്നുണ്ട്,
പക്ഷേ അടുക്കളയിലെ പ്രാവുകൾ
എന്റെ തലയിൽ ഒരു തൂവൽ ഇട്ടിട്ടു പോകുന്നു.
ചെമ്പരത്തികളുടെ ശവങ്ങൾക്കിടയിൽ
ചെമ്പൻ നിറമുള്ള പൂച്ചകൾ
കഴുത്തിൽ മത്തി കുരുക്കി ആത്മഹത്യ ചെയ്യുന്നു .

പാരനോയ.
പേടി.
പാളങ്ങൾ കണ്ണി വിട്ടു ചിതറുന്നുണ്ട്.
കഞ്ചാവിലകളുടെ കൂട്ടത്തിൽ
മരങ്ങളിൽ നിന്നും കാട്ടു തേനിന്റെ മണവും കലരും.
കാടിനിടയിലൂടെ മലയിറങ്ങി എന്റെ ബസ്
കുലുക്കത്തിലാണ്.
എന്റെ മുലകളിലുള്ള അസ്വസ്ഥത
കാമത്തിന്റെതല്ല
പകയുടെ വിയർപ്പിന്റെയാണ്
പക പ്രണയത്തിന്റെയല്ല.
പകയിൽ നിന്ന് എന്നെ വേർതിരിച്ചാൽ ഞാനില്ല.
മടക്ക യാത്രയിൽ തീവണ്ടിയിലെ
മുറിഞ്ഞ സ്വപ്‌നങ്ങൾ,
ദേ  ജാവു ,
യാത്രയിൽ നിന്ന് പെറുക്കിയെടുക്കുന്ന ചിത്രങ്ങൾ
ഉടലിലെ മുറിവുകൾ,
ചോര കക്കിയ പാടുകൾ
ഒക്കെത്തിനെയും പറ്റി പറഞ്ഞു മടുത്തു.
എന്നെ ഞാൻ തന്നെ ഏറ്റെടുക്കുന്നു,
ലോകം എന്നെയോരിക്കലും ഏറ്റെടുക്കരുത്.

അതുകൊണ്ട്,
ഇപ്പോൾ ഞാൻ ഒരു ഗേറ്റിനു മുന്നിൽ നിൽക്കുകയാണ്
ഇതുപോലെ ഉരുകും മട്ടിലുള്ള
നീലച്ചായം തേച്ച ഗേറ്റ്
ഗേറ്റിന്റെ മേലെ കേറി നിന്ന്
ഗേറ്റിനു പുറത്ത് നിന്ന് അകത്തുള്ളവരോട്
സംസാരിക്കുന്നവരുടെ ഫോട്ടോ എടുക്കുന്നവൻ.
കലാപത്തിൽ
ഇലകളോളം മൃദുവായി നിൽക്കുന്നത് ഒന്ന് മാത്രം,
പല വേഗത്തിലുള്ള ശ്വാസം. 

1 അഭിപ്രായം: