2016, മാർച്ച് 10, വ്യാഴാഴ്‌ച

ഒരു പഴയ എഴുത്ത്

ജനുവരി 30 ആം തീയതി രോഹിതിന്റെ 27ആം ജന്മവാർഷിക ദിനം. രാത്രിയിൽ ക്യാമ്പസിലെ ബർത്ത്ഡേ സർക്കിളിലേക്ക് കാൻഡിൽ വിജിൽ റാലി നടത്തി, രോഹിതിന്റെ അമ്മ രാധികയുടെ ആവശ്യപ്രകാരം. രോഹിതിനോപ്പം പുറത്താക്കപ്പെട്ട വിജയ്‌, പ്രശാന്ത്, ശുങ്കണ്ണ, ശേഷു  എന്നിവർ  അനിശ്ചിതകാല നിരാഹാര സമരം തുടങ്ങാൻ പോകുകയാണ്. അത് എത്രകാലം തുടരേണ്ടി വരും സമരം ചെയ്യുന്ന വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ? രോഹിത് എന്ന വിശ്രമമില്ലാത്ത രാഷ്ട്രീയ ജീവിയുടെ  ഇരുപത്തിയാറു വർഷങ്ങളുടെ ജീവിതാനുഭവങ്ങൾ അയാൾക്ക് നല്കിയ പാഠമാണ് ഒടുവിൽ തന്റെ ആത്മഹത്യ കൊണ്ടെങ്കിലും നൂറ്റാണ്ടുകളായി പുകഞ്ഞു കൊണ്ടിരിക്കുന്ന ഈ പ്രശ്നത്തിലേക്ക് ആളുകളുടെ ശ്രദ്ധ കൊണ്ടുവരാം എന്ന തിരിച്ചറിവും.   
രോഹിത് എന്ന ശാസ്ത്ര വിദ്യാർഥി ലാബിനകത്തടക്കം നേരിട്ട വിവേചനങ്ങളുടെ ആകെത്തുകയാണ് അവന്റെ ജീവിതം.
ജനുവരി 17 വൈകുന്നേരം മുതൽ ക്യാമ്പസിൽ തമ്പടിച്ചിരുന്ന ദേശീയ മാധ്യമ വണ്ടികൾ ഒരാഴ്ച പിന്നിട്ടതോടെ  ഓരോന്നായി പിൻവാങ്ങി തുടങ്ങി.
മലയാള മാധ്യമങ്ങളും ഏറെ കാൽപനികമായും യുക്തിപരമായും, സമരം കാരണം ഇടം നഷ്ടപ്പെട്ട പട്ടികളെ കുറിച്ചടക്കം  എഴുതിയും സവർണ  ബിംബങ്ങളിൽ നിന്ന് ബൈറ്റ് വാങ്ങി പ്രക്ഷേപണം ചെയ്തും വാൽ മടക്കി ഇരിപ്പും തുടങ്ങി. ചില മാധ്യമങ്ങൾ രോഹിതിന്റെ മരണം ക്യാമ്പസ് ഗേറ്റുകൾക്ക് പുറത്തുള്ള ദളിതരെ എങ്ങനെ ബാധിച്ചുവെന്നും അവർ വോട്ടു തേടി വന്ന ബിജെപി നേതാക്കളെ എങ്ങനെ നേരിട്ടുവെന്നും നിരീക്ഷിച്ചു. 
രാജ്യത്തെയും വലതു പക്ഷ ഭരണകൂടത്തെയും വിറപ്പിച്ച ഒരു സമരം അതിന്റെ കഴിവിന്റെ പരമാവധി വലുതാകേണ്ടുന്ന സമയത്ത് സബാൾട്ടേൺ സ്റ്റഡീസ്  എഴുതിയ രൺജിത് ഗുഹയുമായി തന്റെ കർതൃത്വത്തെ താരതമ്യം ചെയ്യുന്ന  സെൽഫ്  ഒബ്സസ്ഡ് സവർണ ജൽപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് രോഹിതിനോടും ഈ സമരത്തോടും രാജ്യത്തെ ദളിതരോടും മറ്റു ന്യൂനപക്ഷങ്ങളോടും ചെയ്യുന്ന അനീതിയാണ്.  


Farmer suicide is a depression story, not an economics story. Tibetan monks who immolate themselves in protest against China are a depression story, not a political story. Suicide bombers are a depression story, not a radical-Islam story. Rohith Vemula, from all evidence in plain sight, is a depression story, not a Dalit story.

കർഷക ആത്മഹത്യ ഡിപ്രഷൻ കാരണമാണെന്നും സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടല്ലെന്നും ചൈനയോട് പ്രതിഷേധിച്ച് ടിബറ്റൻ സന്യാസികൾ ആത്മാഹൂതി നടത്തുന്നത് രാഷ്ട്രീയ കാരണം കൊണ്ടല്ല ഡിപ്രഷൻ കാരണമാണെന്നും   ആതമഹത്യാ ബോംബർമാരുടേതും തീവ്ര ഇസ്ലാം പ്രവൃത്തിയല്ല ഡിപ്രഷൻ കാരണമാണെന്നും നിലവിലുള്ള തെളിവുകൾ വെച്ചു നോക്കിയാൽ രോഹിത് വെമുലയുടെ ആത്മഹത്യയും ഡിപ്രഷൻ കാരണമാണ്, അതൊരു ദളിത്‌ കഥയല്ല എന്നാണ് മനു ജോസഫ് എന്ന നോവലിസ്റ്റ് ഹിന്ദുസ്ഥാൻ ടൈംസിലെ തന്റെ കോളത്തിൽ എഴുതിയിരിക്കുന്നത്.
എഴുത്തുകാർ വിഷാദം കൊണ്ട് ആത്മഹത്യ ചെയ്യാറുണ്ട്. പക്ഷെ രോഹിത് അങ്ങനെയല്ല. രോഹിതിന്റെ ആത്മഹത്യ അങ്ങനെയല്ല. മേൽ പറഞ്ഞ ആരുടേയും ആത്മഹത്യ അങ്ങനെ ആവില്ല. രോഹിതിന്റെ ആത്മഹത്യയെ ആത്മഹത്യ എന്ന് വിളിക്കുന്നതിലെ അപാകത തന്നെ പരിശോധിക്കേണ്ടതാണ്.


മുപ്പതോളം  വിദ്യാർഥികൾ രോഹിതിന്റെ ജന്മവാർഷിക ദിനത്തിൽ നിരാഹാര സമരം നടത്തി. സർവ കലാശാലയുടെ ചരിത്രത്തിൽ ആദ്യമായി ബർത്ഡേ സർക്കിളിൽ ഒരു വലിയ ആൾക്കൂട്ടം ജീവിച്ചിരിപ്പില്ലാത്ത ഒരാളുടെ പിറന്നാൾ ദിനത്തിൽ ഉറച്ച മുദ്രാവാക്യങ്ങളുമായി ഒരുമിച്ചു.  
രോഹിത് ആശയ സംവാദങ്ങളിൽ ഏർപ്പെട്ട ആളുകൾ, രോഹിതിന്റെ അടുത്ത സുഹൃത്തുക്കൾ, രോഹിത് വെമുല എന്ന ദളിത്‌ വിദ്യാർഥിയെപ്പറ്റി അവന്റെ മരണ ശേഷം മാത്രം കേട്ടവർ, രോഹിതിനെ പ്രണയിച്ചവർ, രോഹിതിനു പ്രണയം തോന്നിയവർ, രോഹിത് വിളിച്ച മുദ്രാവാക്യം ഏറ്റുവിളിച്ചവർ, രോഹിതിന്റെ കൂടെ പാതിരാത്രിയിൽ പോസ്റ്റർ പതിക്കുകയും മറ്റു പോസ്റ്ററുകൾ കീറിക്കളയുകയും ചെയ്തവർ.
ഏഴെട്ടു ദിവസങ്ങളായി വിദ്യാർഥികൾ പ്രതിഷേധാർഹം പെയ്ന്റ് ചെയ്ത ക്യാൻവാസുകൾ ഷോപ്പിംഗ് കോമ്പ്ലക്സിനു ചുറ്റും കെട്ടി നിർത്തി യിട്ടുണ്ട്. ആദ്യത്തെ ദിവസങ്ങളിലെ ക്യാൻവാസുകളിൽ ചിത്രങ്ങൾ മാത്രമാണെങ്കിൽ  പിന്നീട് ഏഴാമത്തെയും എട്ടാമത്തെയും ദിവസങ്ങളിലെ ക്യാൻവാസുകളിൽ വാക്കുകളും കവിതകളും ചോദ്യങ്ങളും  പ്രത്യക്ഷപ്പെട്ടു തുടങ്ങി. (രോഹിതിന്റെ കൊലപാതകത്തോടെ യൂണിവേഴ്സിറ്റിയുടെ ചായകുടി സ്ഥലവും ഒത്തുകൂടൽ ഇടവുമായ ഷോപ്പിംഗ്  കോമ്പ്ലക്സ് മാറി. അത്  അഗ്രഹാരം അരികു നീക്കിയിട്ട 'വെളിവാഡ' ആയി (dalit ghetto). പുറത്താക്കപ്പെട്ട നാല് ദളിത്‌ വിദ്യാർഥികളും അവരുടെ കൂട്ടുകാരും കൊടും തണുപ്പത്തും ചൂടിലും 25 ലേറെ ദിവസങ്ങൾ കഴിഞ്ഞ ഇടമായി.  സമരം എങ്ങനെ എന്ന് ചോദിച്ച ഒരു കൂട്ടുകാരിയോട് പാതി രാത്രി രണ്ടു മണിക്കും നട്ടുച്ച രണ്ടു മണിക്കും നല്ല ബുദ്ധിമുട്ടാണെന്ന് രോഹിത് പറഞ്ഞിരുന്നതായി അറിഞ്ഞു. രോഹിതിന്റെ ആത്മഹത്യ, രോഹിതിനുണ്ടായ വിഷാദം ഇവയെല്ലാം രോഹിതിന്റെ തന്നെ സംഘടനയിലുള്ളവർക്ക് മനസിലാക്കാൻ കഴിയാഞ്ഞത് എന്തുകൊണ്ട് എന്നു എസ്എഫ്ഐ അടക്കമുള്ള വിദ്യാർഥി  സംഘടനയിലെ നേതാക്കൾ ആരോപണമുന്നയിക്കുന്നത് ഒരു റിപ്പോർട്ടർ  രോഹിതിന്റെ ആത്മഹത്യാ കുറിപ്പിൽ അവൻ വെട്ടിക്കളഞ്ഞ ഭാഗം വായിച്ചെടുത്തത് പോലെയാണ്. 
.     

2013 ൽ  ആത്മഹത്യ ചെയ്ത പുല്യാല രാജുവിന്റെ അച്ഛൻ പുല്യാല സാമയ്യ പറയുന്നു, "എന്റെ മകന്റെ ആത്മഹത്യ യാകും ഒടുവിലത്തേത് എന്ന് ഞാൻ കരുതി. മകന്റെ മരണത്തിനു ശേഷം വീണ്ടും രണ്ടു തവണ ഹൈദരാബാദ് സെൻട്രൽ യൂണി വേഴ്സിറ്റിയിൽ ദളിത്‌ വിദ്യാർഥികൾക്ക് ഐക്യ ദാർദ്യ വുമായി വരേണ്ടി വന്നു. എന്റെ ചെറിയ മകനെ ഞാൻ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ അയച്ചില്ല. 2013 നവംബർ 24നു മദാരി വെങ്കിടേഷ് ആത്മഹത്യ ചെയ്തപ്പോഴും വരേണ്ടി വന്നു. വെങ്കടെഷിന്റെ ആത്മഹത്യയ്ക്ക് ശേഷമെങ്കിലും അധികാരികളും അധ്യാപകരുമൊക്കെ കാര്യങ്ങൾ മനസിലാക്കുമെന്ന് കരുതി. പക്ഷെ വീണ്ടും ഒരു ദളിത്‌ വിദ്യാർഥിക്ക് കൂടി ഇങ്ങനെ ചെയ്യേണ്ടി വന്നു. ഇപ്പോൾ സമരം ചെയ്യുന്ന നാല് വിദ്യാർഥികളെ വ്യക്തിപരമായി അറിയില്ലെങ്കിലും ഞാൻ വാറംഗൽ ജില്ലയിലെ ഭൂപാലപള്ളിയിൽ നിന്നും ഇത്ര ദൂരം വന്നു."
രോഹിതിന്റെ ജാതിയെപ്പറ്റി ഇപ്പോഴും ആശയക്കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നവരോട് രോഹിതിന്റെ അമ്മ രാധിക പറയുന്നു, എന്റെ മകൻ മാല ജാതിയിലാണ് ജനിച്ചത്, മാല ആയിത്തന്നെ അവൻ മരിക്കുകയും ചെയ്തു. അവൻ ഒരു അംബേദ്കറൈറ്റ് ആണ് അങ്ങനെതന്നെയാണ് അവൻ മരിച്ചതും."






ആത്മഹത്യയിലേക്ക് കടത്തി വിട്ട് ദളിതുകളെ ആകെ ഇല്ലായ്മ ചെയ്യാനാണ് യൂണിവേഴ്സിറ്റി പോലുള്ള ഇടങ്ങൾ ശ്രമിക്കുന്നതെങ്കിൽ ഇടങ്ങൾ ഒന്നടങ്കം കയ്യേറി പ്രതിരോധിക്കുമെന്ന് ക്യാംപസിലെത്തിയ കവി മീന കന്ദ സാമി. 


ഇപ്പോൾ പോലീസിന്റെയും പാരാ മിലിട്ടറി ഫോഴ്സിന്റെയും വിശ്രമ കേന്ദ്രമായിരിക്കുകയാണ് യൂണിവേഴ്സിറ്റി. പല തരം സമരങ്ങളാണ് ക്യാംപസിനകത്ത് നടക്കുന്നത്. മറുവശത്ത് പ്രതിസമരം. എബിവിപി തന്നെയാണ് ക്ലാസുകൾ തുടങ്ങണം എന്ന് വിദ്യാർഥികളെക്കൊണ്ട് പറയിപ്പിക്കുന്നത്. ഇവരാണ് ഞങ്ങൾ ന്യൂട്രലാണ് ഞങ്ങൾക്ക് പഠിക്കണം എന്ന വാദവുമായി മുന്നിട്ടിറങ്ങുന്നത്. പത്തു ദിവസത്തോളമായി ക്ലാസുകൾ മുടങ്ങിയതിന്റെ അസ്വസ്ഥതയിൽ ക്ലാസുകൾ തുടങ്ങണമെന്നാവശ്യപ്പെട്ട്‌ സിഗ്നേച്ചർ ക്യാമ്പെയിൻ വരെ നടത്താൻ തുടങ്ങി. സവർണ ഹിന്ദു പ്രൊഫസർമാർ ഡിപ്പാർട്ട്മെന്റിന് മുന്നില് നിൽപ്പ് സമരം തുടങ്ങി.വന്ന് ഒരു പത്തു മിനിറ്റ് നേരം നിന്നിട്ട് തിരിച്ചു പോകുന്നത് പതിവാക്കി. ഈ അവസ്ഥയെ തല്ക്കാലിക വിസി ആയ വിപിൻ ശ്രീവാസ്തവ  'പ്രതിസന്ധി' എന്നാണ് വിളിക്കുന്നത്. കരിയറിസ്റ്റുകൾ, ഗവേഷകർ, അക്കാദമിക്കുകൾ എന്നിവർ നേരിടുന്ന പ്രതിസന്ധിയാണ് ഭരണകൂടം പടിപടിയായി പ്ലോട്ട് ചെയ്ത  ഏതോ ഒരു ദളിത്‌ ചെക്കന്റെ കൊലപാതകം. ഇത്തരം പ്രതിസന്ധികളെ തുടർന്ന് നേരിടേണ്ടത് എങ്ങനെയാണ് എന്ന് വേണമെങ്കില ഈ സമരത്തെ ഒന്ന് പഠിച്ച് നോക്കുകയെങ്കിലും ചെയ്യാം.
അതേ സമയം ജോയിന്റ് ആക്ഷൻ കമ്മിറ്റി തന്നെ  പ്രസ് റിലീസിൽ അത് വെളിപ്പെടുത്തി. "എംബിഎ, എംസിഎ പോലുള്ള ക്ലാസുകളിൽ പ്ലേസ്മെന്റുകൾ നടക്കാനിരിക്കുന്ന സമയമാണ്...ഇനിയും ക്ലാസുകൾ മുടക്കി സമരവുമായി മുന്നോട്ടു പോകാൻ കഴിയില്ല" എന്ന്. കൂട്ടായ തീരുമാനമാണ്. വേണ്ടവർക്ക് സമരം ചെയ്യാം എന്ന മട്ടിൽ. 


അതിനിടയിൽ രോഹിത് ഒരു പേപ്പർ പ്രസന്റേഷന് സമർപ്പിച്ച അബ്സ്ട്രാക്റ്റ് പ്രൊഫസർ ചിന്നൈയൻ ലക്ഷമണൻ പുറത്തു വിട്ടു. 'discovering caste prejudices in science laboratories: Unheard narratives' എന്ന് പേരിട്ട അബ്സ്ട്രാക്റ്റിന്റെ പൂർണ രൂപം താഴെ. ഈ അബ്സ്ട്രാക്റ്റ് സോഷ്യോളജി ഡിപ്പാർട്ട്മെന്റ് തള്ളുകയും ചെയ്തു. Abstract:
Ideally, science laboratories are seen as rational, non-stigmatic avenues of research. Basic sciences, especially Life Sciences and Chemistry in HCU are considered as best research spaces in india. But these same spaces also have an untouched side of reproduction of caste inequalities. The rampant effect of caste relations inside HCU campus with specific to practices in science laboratories define the interpersonal relationships of the students. An amicable alliance between faculty members and the authority of these groups is largely driven by caste nexus. The inter play of Caste, Religion, Region and Gender are major determinant factors which affects the political structures of both laboratory space and classroom. Students and faculty who come from dominant sections consciously or unconsciously become major actors in maintaining this subtle hierarchy. Starting from the “star” mark in results notification, till the share in career/future opportunities, reserve category students face various forms of exclusiveness/humiliation in these spaces. The lack of social capital in research institutes across the nation and abroad, non-dominant caste students are forced to depend heavily on the mercy of their professors, who were in turn the perpetrators of these hierarchies. Sometimes, this form of discrimination is invisible and it is unintelligible. This paper mainly attempts to map this hidden caste nexus in formation of relationships and the impact of identity on ‘consensus building’ through my four years lived experiences in Life Sciences School. This paper also tries to reflect on the reproduction of inequalities in higher education spaces.

ലൈഫ് സയൻസസ് സ്കൂളിലെ നാലുവർഷത്തെ ജീവിതാനുഭവമാണ് ലബോറട്ടറിക്കകത്തെ വിവേചനങ്ങളെ പറ്റി ഒരു പേപ്പർ എഴുതാൻ വെമുലയെക്കൊണ്ട് ഒരു അബ്സ്ട്രാക്റ്റ് എഴുതിച്ചത്. അത് പുറത്തുവരുന്നത് അവന്റെ മരണ ശേഷവും. ദളിത്‌ ജീവിതത്തെ കുറിച്ച് വരേണ്യർ എഴുതിയിരുന്ന ഒരു കാലത്ത് നിന്നും അവർണർ തന്നെ എഴുതിത്തുടങ്ങിയ ഒരു കാലമാണ് ദളിത്‌ സാഹിത്യമായി രാജ്യമെങ്ങും അടയാളപ്പെടുത്തിയത്. അതിൽപ്പോലും ദളിത് ജീവിതാനുഭവങ്ങളെ പറ്റി  എഴുതാൻ ഞങ്ങൾക്കും അവകാശമുണ്ടെന്ന് സവർണ എഴുത്തുകാർ ബഹളമുണ്ടാക്കി.  (ref. Towards an aesthetics of Dalit literature: History, Controversies  and considerations, Saran kumar Limbale)
മറാത്തിയിലും മലയാളത്തിലും കന്നഡയിലും തെലുങ്കിലും തമിഴിലും ഒറിയയിലുമൊക്കെ ദളിത്‌ സാഹിത്യം വളർന്നു വന്നത് എഴുത്തുകാരുടെയും നിരൂപകരുടെയും അത്തരം ബഹളങ്ങളെ ചവിട്ടി ഞെരിച്ചു കളഞ്ഞാണ്. അങ്ങനെയുള്ള ചരിത്രത്തിന്റെ മുന്നിലാണ് രോഹിതിന്റെ ഭാഷയിൽ  യുക്തിപരം എന്ന് പറയപ്പെടുന്ന ഒരു ഇടമായ സയൻസ് ലാബുകൾ ജാതി പ്രാക്ടീസ് ചെയ്യുന്നത്. അത് തള്ളിക്കളയുന്ന ഇടങ്ങളാണ് സർവ കലാശാലയിലെ മറ്റു ഡിപ്പാർട്ട്മെന്റുകളും. അംബേദ്ക റിനെ പറ്റിയുള്ള ഗ്രാഫിക് നോവൽ 'ഭീമായന'യിൽ എങ്ങനെ യാണ് ഗോണ്ട് ട്രൈബുകൾ എങ്ങനെയാണു തങ്ങളുടെ കലയിലൂടെ അംബേദ്കറുടെ കഥ പറഞ്ഞിരിക്കുന്നത് എന്ന വിഷയത്തിലുള്ള എന്റെ എം ഫിൽ പ്രൊപ്പോസലിനെപ്പറ്റി  പറഞ്ഞു മുഴുമിക്കും മുമ്പേ മണിയടിച്ച അധ്യാപകരുള്ള  ഒരു സർവകലാശാലയാണിത് . 

ആർഎസ്എസിന്റെ മത തീവ്രവാദത്തെയും കാവി വൽക്കരണത്തെയും എതിർക്കുന്നവർ ജാതിപരമായ വിവേചനത്തെ എതിർക്കാൻ ധൈര്യം കാണിക്കാത്തത് എന്ത് കൊണ്ടാണ്?
എങ്കിലും എതിർക്കുകയും ഇടപെടുകയും പരിചയമില്ലാത്ത കാര്യങ്ങളെപ്പറ്റി അഭിപ്രായം പറയുകയും  ചെയ്യുന്നത് പ്രതികരിക്കാതിരിക്കുന്നതിനേക്കാൾ അപകടകരമാണ്. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ കൃത്യമായ രാഷ്ട്രീയ നിലപാടുകളുള്ള വിദ്യാർഥി അരുന്ധതി ബി മാത്രമല്ല എന്ന് സവർണ ബോധമുള്ള മാധ്യമങ്ങളും മനസിലാക്കണം. 
അവർണരെക്കുറിച്ച് രാജ്യമെങ്ങും ചർച്ചകൾ നടക്കുമ്പോൾ തന്റെ സവർണത തന്നെ ഇങ്ങനെയൊക്കെയാണ് 'ട്രാപ്പിലാക്കിയത്' എന്ന് വിലപിക്കുകയും സവർണരായ രണജിത് ഗുഹയും മറ്റും തന്നെയല്ലേ കീഴാള പഠനങ്ങൾ എന്ന പേരിൽ പുസ്തകമിറക്കിയത് എന്ന് ചോദിക്കുകയും മാധ്യമം വാരാന്തപ്പതിപ്പിൽ നിന്ന് വിളിച്ചവർക്ക് വൈഖരിയുടെ നമ്പര് കൊടുത്തു എന്ന് ഔദാര്യം ചെയ്തെന്ന ധ്വനിയോടെ വെളിപ്പെടുത്തുകയും വിസിബിലിറ്റി ഉണ്ടാകുന്നതോടോപ്പം ശരിയായ രാഷ്ട്രീയ നിലപാടുകൾ ഉള്ളതുകൊണ്ടാണ് താൻ ശ്രദ്ധിക്കപ്പെട്ടതെന്നും 
  "സൗന്ദര്യം ഒരു ശാപമാണോ?" ടോണിൽ വിലപിക്കുകയും ചെയ്യുന്ന അരുന്ധതി ചെയ്യുന്നത് ഫാൻസിനോട് കാണിക്കുന്ന അനാദരവ് തന്നെയാണെന്നും  ഇതെല്ലാം വിശ്വസിക്കുന്ന ഫാൻസിന്റെ രാഷ്ട്രീയ അപക്വതയും നിസ്സഹായാവസ്ഥയും ഇത്തരം നിലപാട് കണക്കെ തന്നെ അപകടകരമാണെന്നും അഭിപ്രായപ്പെടുന്നു. 



ഇനി സമാധാന പരമായ ഒരൊറ്റ ചില്ല് പോലും പൊട്ടിക്കാതെ ഇത്രയും ദിവസങ്ങളായി സമരം നടത്തിവന്ന ജോയിൻറ് ആക്ഷൻ കമ്മിറ്റിയോട് "ഇതല്ലേ നിങ്ങളും ചെയ്തത്?" എന്ന മട്ടിൽ ഒരു കിടിലം ഗ്രാഫിറ്റിയുമായി ഒരു കൂട്ടം വിദ്യാർഥികൾ . ഓരോ ദിവസവും പുതിയ ക്യാൻവാസുകൾ തൂക്കിയിടുകയും  പുതിയ കലാ സൃഷ്ടികൾക്ക്  ആശയങ്ങളുമായി മുന്നിട്ടിറങ്ങുകയും ചെയ്തവർ. സമരം ഏതൊക്കെ രീതിയിൽ ഹൈജാക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു എന്ന്  അവരുണ്ടാക്കിയ ഗ്രാഫിറ്റി കൃത്യമായി പറഞ്ഞു തരും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ