2016, മാർച്ച് 10, വ്യാഴാഴ്‌ച

പൊളിഞ്ഞ പത്തായത്തിനകത്ത് കട്ടുറുമ്പുകൾ പായുന്ന ഒച്ച. 
മേലെ ചുരുട്ടിവെച്ച പായ. ഒഴിഞ്ഞ കുഞ്ഞു ഭരണി. 
കൊട്ടിലകത്ത് കുടുങ്ങിപ്പോയ ഒരു പ്രാവ്. 
പറക്കലിനിടെ അത് ക്യൂട്ടെക്സ് കുപ്പികൾ തട്ടി താഴെയിടുന്നു. 
നിലത്ത് ചിതൽ ഒട്ടിച്ചു വെച്ച ഒരു കളിക്കുടുക്ക. 
ഒന്നുമുടുക്കാത്ത ഓടിനടക്കുന്ന എനിക്ക് മണ്ണിന്റെ വിയർപ്പ് മണം. 
ഹോ! നാലാമത്തെ വയസ്സ്!!

ഇപ്പോൾ ഒരു പെണ്ണ് 
ഞാൻ കരിമ്പടം പുഴുവിനെ ഞെരിച്ചു കൊന്ന 
എന്റെ വിരലിൽ നഖം കൊണ്ട് പോറുന്നു. 
അമ്മ വരാന്ത കഴുകുകയാണ്. 
ജനലിലൂടെ മാവിലകളും കടന്നു കഷ്ടപ്പെട്ടിറങ്ങുന്ന സൂര്യനിൽ 
ഞാൻ എന്റേതായ ഒരു ബാലെ ഒരുക്കുന്നു. 
ബാലെ എന്താണെന്ന് എനിക്കറിയില്ല, 
എന്നാൽ അന്നെനിക്ക് ബാലേ നർത്തകിയാകനം .
എന്റേതായ നൃത്തം, എന്റെ നഗ്നമായ ഉടൽ, 
ചിലന്തിവലകളും ഉണക്കയിലകളും കുടുങ്ങിയ എന്റെ തല...
മടുക്കുമ്പോൾ ഞാൻ വെള്ളത്തിൽ മലർന്ന് കിടക്കുന്നു. 
ഓട്ടുറുമകൾ, പല്ലികൾ എന്നിവ ഓടിനടക്കുന്ന മേൽക്കൂരേ, 
വെട്ടത്തിനും എനിക്കുമിടയിൽ കോണിയും പാമ്പും കളിയുടെ വേഗം കൊണ്ട് പാലം തീർത്ത് കരി മണക്കുന്ന അമ്മയുടെ മടിയിൽ വെറുതെ ആകാശം നോക്കി കിടക്കണ മായിരുന്നു അന്ന്.
നീ ഒരു സ്യൂഡ് ആയിരുന്നു. മഴയത്ത് ചോരുകയും ഒരു വഷളൻ ചിരി കൊണ്ട് അമ്മാമ്മയെ വിഷമിപ്പിക്കുകയും ചെയ്തു. നീ ഒരു സ്യൂഡ് ആയിരുന്നു, ഞാനും എന്റെ പ്രാവും കൂടി സാങ്കല്പികമായ ഒരു വീടൊരുക്കി ജോലിക്കാരിയായി കളിക്കുമ്പോൾ നീയതു നോക്കി പുഞ്ചിരിച്ചതു പോലുമില്ല. ഞാൻ പിന്നെയും വളർന്നു. എന്റെ തൊണ്ടയിൽ ഞണ്ടുകളും വളർന്നു. എനിക്ക് തണുത്ത വെള്ളമോ കാറ്റോ യാത്രകളോ പറ്റാതായി. ഞാൻ രോഗിയും ധിക്കാരിയും തന്നിഷ്ടക്കാരിയുമായി. വേണ്ടി വന്നപ്പോൾ ഞാൻ ഉമ്മകളിലേക്കും കടലിലേക്കും ഒരു പോലെ ഓടിച്ചെന്നു. മണ്ണ് എന്നെ കാട് കാട്ടി കൊതിപ്പിച്ചു. ആകാശം കത്തുകൾ കാട്ടി കൊതിപ്പിച്ചു. മതിയാവോളം ജീവിച്ചാൽ മരിക്കാം എന്ന് തീരുമാനിച്ചു. എന്റെ ഒറ്റമുറി വീട്ടിലിരുന്നു പിന്നെയും കോണിയും പാമ്പും കളിക്കാനുള്ള തോന്നലാണ്...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ